വീരു വീറോടെ തന്നെ

മൈസൂരു: രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രണ്ടാം ദിനം രഞ്ജി ക്രീസിലിറങ്ങിയ വീരേന്ദര്‍ സെവാഗ് ദേശീയ ടീമില്‍ അവസരങ്ങള്‍ നിഷേധിച്ചവര്‍ക്ക് ബാറ്റ്കൊണ്ട് മറുപടി നല്‍കുന്നു. നായകന്‍ സെവാഗിന്‍െറ സെഞ്ച്വറി മികവില്‍ (136) ഹരിയാന കര്‍ണാടകക്കെതിരെ ആദ്യ ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു. സെവാഗിന് കൂട്ടായി ക്രീസിലുറച്ചു നിന്ന ജയന്ത് യാദവും (100) സെഞ്ച്വറി തികച്ചു. മൈസൂരുവില്‍ നടന്ന കളിയില്‍ രണ്ടിന് 250 കടന്ന ഹരിയാന അവസാന സെഷനിലാണ് കൂട്ടപുറത്താവല്‍ നേരിട്ടത്. നാലു വിക്കറ്റുമായി എച്ച്.എസ് ശരത് സന്ദര്‍ശക ബാറ്റിങ്ങിനെ പിടിച്ചുകെട്ടി.
വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ക്രീസിലിറങ്ങുന്ന സെവാഗിന്‍െറ സാന്നിധ്യമായിരുന്നു മൈസൂരുവിലെ മത്സരം ശ്രദ്ധേയമാക്കിയത്. വീരുവിന്‍െറ കളി കാണാന്‍ വിനോദസഞ്ചാരനഗരിയില്‍ നേരത്തേതന്നെ കാണികള്‍ കൂടി. മൂന്നാമനായി ക്രീസിലത്തെിയ മുന്‍ ഇന്ത്യന്‍ ഓപണര്‍ അടിമുടി പഴയ അതേ വീരു. ഇന്നിങ്സ് തുടങ്ങിയതോടെ റണ്‍ വെടിക്കെട്ടുമായി ദസറക്കാഴ്ചയും. നേരിട്ട 60ാം പന്തില്‍ കരുണ്‍ നായരെ കുത്തനെ ബൗണ്ടറിലൈനിനു മുകളിലൂടെ പറത്തി അര്‍ധസെഞ്ച്വറി. സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ സ്കോര്‍ 87ലത്തെിയപ്പോള്‍ വീണ്ടും സിക്സര്‍. 170 പന്ത് നേരിട്ട സെവാഗ് മൂന്ന് സിക്സറും 16 ബൗണ്ടറിയും പറത്തിയാണ് ഉജ്വല ഇന്നിങ്സ് കാഴ്ചവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.