ഡേ-നൈറ്റ് ടെസ്റ്റ്: ബൗളര്‍മാര്‍ക്ക് ചാകര

അഡ്ലെയ്ഡ്: ആസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് ചാകര. ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കൂടിയായ മത്സരത്തില്‍ രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍, ന്യൂസിലന്‍ഡിന്‍െറ രണ്ടാം ഇന്നിങ്സില്‍ പകുതി പേര്‍ തിരിച്ചുകയറിക്കഴിഞ്ഞു. ആസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 224ല്‍ അവസാനിച്ചു.
ആദ്യ ദിവസം ന്യൂസിലന്‍ഡ് ഒന്നാമിന്നിങ്സില്‍ 202 റണ്‍സിന് പുറത്തായിരുന്നു. സന്ദര്‍ശക ബൗളര്‍മാരും തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ ഓസീസിന് ഒന്നാമിന്നിങ്സില്‍ നേടാനായത് 22 റണ്‍സ് ലീഡ് മാത്രം. കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍ഡിന് നേടാനായത് 116 റണ്‍സ്. അഞ്ചു വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ 94 റണ്‍സ് ലീഡാണ് കിവികള്‍ ഇതുവരെ നേടിയത്. 13 റണ്‍സുമായി മിച്ചല്‍ സാന്‍റ്നറും ഏഴു റണ്‍സുമായി വാട്ലിങ്ങുമാണ് ക്രീസില്‍. നേരത്തേ രണ്ടാം ദിനം രണ്ടിന് 54 എന്നനിലയില്‍ തുടങ്ങിയ ആസ്ട്രേലിയക്ക്മൂന്നു വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. പിടിച്ചുനിന്ന ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് അര്‍ധശതകം നേടി. എന്നാല്‍, ടീം സ്കോര്‍ 100 കടന്ന് അധികം വൈകാതെ സ്മിത്തും (53) വീണു.
ഒമ്പതാം വിക്കറ്റില്‍ നഥാന്‍ ലിയോണിനെയും (34) 10ാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും (24*) കൂട്ടുപിടിച്ച് പീറ്റര്‍ നെവില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ആസ്ട്രേലിയന്‍ സ്കോര്‍ 200 കടത്തിയത്. നെവില്‍ 66 റണ്‍സെടുത്തു. കിവികള്‍ക്കായി ഡഗ് ബ്രെയ്സ്വെല്‍ മൂന്നു വിക്കറ്റെടുത്തു. മാര്‍ക് ക്രെയ്ഗും ട്രന്‍റ് ബൗള്‍ട്ടും രണ്ടു വിക്കറ്റ് വീതമെടുത്തു. മാര്‍ക് ക്രെയ്ഗും ട്രന്‍റ് ബൗള്‍ട്ടും രണ്ടു വിക്കറ്റ് വീതമെടുത്തു. ടീം സൗതിക്കും സാന്‍റ്നറിനും ഓരോന്നും കിട്ടി.
രണ്ടാം ഇന്നിങ്സിനിറങ്ങിയ ന്യൂസിലന്‍ഡിന്‍െറ ടോം ലഥാം (10), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (17), കെയ്ന്‍ വില്യംസണ്‍ (9), റോസ് ടെയ്ലര്‍ (32), ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (20) എന്നിവരാണ് പുറത്തായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.