സാക്ഷിക്ക് അഭിനന്ദന പ്രവാഹം, സമ്മാനക്കൂമ്പാരം

ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഗുസ്തിയില്‍ രാജ്യത്തിന്‍െറ അഭിമാനമായ സാക്ഷി മാലിക്കിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയ നേതാക്കളും സചിന്‍ ടെണ്ടുല്‍കറിനെപ്പോലുള്ള കായികതാരങ്ങളും അഭിനന്ദനവുമായത്തെി. അതിനൊപ്പം വമ്പന്‍ സമ്മാനങ്ങളും സാക്ഷിയെത്തേടി എത്തും. സ്വന്തം സംസ്ഥാനമായ ഹരിയാനയുടെ വക രണ്ട് കോടി രൂപയും സ്ഥലവും സമ്മാനമായി കിട്ടും. റെയില്‍വേയില്‍ ജീവനക്കാരിയായ സാക്ഷിക്ക് സ്ഥാപനം നല്‍കുന്നത് 50 ലക്ഷമാണ്. ഒപ്പം ഗസറ്റഡ് ഓഫീസര്‍ പദവിയും. 

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വക 20 ലക്ഷം രൂപയാണ് കാഷ്പ്രൈസ്. ഗുസ്തിക്കാരുടെ  കഥ പറഞ്ഞ ‘സുല്‍ത്താന്‍’ സിനിമയിലെ നായകനും റിയോയില്‍ ഇന്ത്യയുടെ അംബാസഡര്‍മാരിലൊരാളുമായ സല്‍മാന്‍ ഖാന്‍ ഒരു ലക്ഷവും ജിന്‍ഡാലിന്‍െറ ജെ.എസ്.ഡബ്ള്യു കമ്പനി 15 ലക്ഷവും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച താരത്തിനുള്ള റാണി ലക്ഷ്മിബായ് പുരസ്കാരം സാക്ഷിക്ക് സമ്മാനിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു. അഭിനന്ദനങ്ങളില്‍ ചിലത്: പ്രധാനമന്ത്രി നരേന്ദ്ര മോദി-ഇന്ത്യയുടെ മകളായ സാക്ഷി രക്ഷാബന്ധന്‍ ദിനത്തില്‍ റിയോയില്‍ വെങ്കലം നേടി അഭിമാനമായിരിക്കുകയാണ്. ചരിത്രമെഴുതിയ സാക്ഷിയുടെ നേട്ടത്തില്‍ രാജ്യം ആഹ്ളാദിക്കുകയാണ്. ഭാവിയില്‍ കായികതാരങ്ങള്‍ക്ക് ഈ വിജയം പ്രചോദനമേകും.


സചിന്‍ ടെണ്ടുല്‍കര്‍-എന്തൊരു വലിയ വാര്‍ത്തയിലേക്കാണ് ഉറക്കമുണര്‍ന്നത്. സാക്ഷി, നിന്‍െറ തിരിച്ചുവരാനുള്ള കഴിവ് ഇന്ത്യക്കാകെ അഭിമാനമേകുന്നു. ഒരായിരം അഭിനന്ദനങ്ങള്‍.
അഭിനവ് ബിന്ദ്ര-സാക്ഷിക്ക് അഭിനന്ദനം. എന്തൊരു അസാമാന്യ പ്രകടനമാണിത്. ഒരോ ഇന്ത്യക്കാരന്‍െയും ആവേശമുയര്‍ത്തിയതിനും അഭിനന്ദനം.
സുശീല്‍ കുമാര്‍-മറ്റൊരു ഇന്ത്യന്‍ പെണ്‍കുട്ടിക്ക് കൈവരിക്കാനാവാത്ത നേട്ടമാണ് സാക്ഷിയുടേത്. നിരവധി പേര്‍ക്ക് വഴിതെളിക്കുക കൂടിയാണ് നീ.
മേരികോം-അഭിനന്ദനങ്ങള്‍. കരുത്തയാവുക.
വിജേന്ദര്‍ സിങ്-ഗുസ്തിയില്‍ പ്രയത്നിക്കാന്‍ സാക്ഷിക്ക് സകല പ്രോത്സാഹനവുമേകിയ അവളുടെ അമ്മക്കു മുന്നില്‍ തലകുനിക്കുന്നു. 130 കോടി ജനങ്ങള്‍ക്ക് സന്തോഷദിനമാണിന്ന്.
എം.എസ്. ധോനി-ഗംഭീര തിരിച്ചുവരവായിരുന്നു സാക്ഷിയുടേത്. നിശ്ചയദാര്‍ഢ്യവും തന്നിലുള്ള വിശ്വാസവുമാണ് ഇതുപോലുള്ള പ്രകടനങ്ങള്‍ക്ക് അത്യാവശ്യം വേണ്ടത്. അഭിനന്ദനങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.