റോത്തക്: ഹരിയാനയിലെ റോത്തക് ജില്ലയിലെ മൊഖ്ര ഗ്രാമം ബുധനാഴ്ച രാത്രി ഉറങ്ങിയിട്ടില്ല. നാടിന്‍െറ രാജകുമാരി റിയോയിലെ റിങ്ങില്‍ പോരിനിറങ്ങുമ്പോള്‍ കണ്ണിമചിമ്മാതെ ടി.വിക്ക് മുന്നില്‍ ഒപ്പമുണ്ടായിരുന്നു നാടും നാട്ടുകാരും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.45ന് തുടങ്ങിയ ആഘോഷത്തില്‍ ആടിത്തിമിര്‍ക്കുകയാണ് ഗ്രാമം ഒന്നടങ്കം. ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്ന ഗ്രാമത്തിന് ആശ്വാസമാവുകയാണ് സാക്ഷിയുടെ വെങ്കലം. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും കായികതാരങ്ങളുടെയും വി.ഐ.പികളുടെയും ഒഴുക്കായിരുന്നു സാക്ഷിയുടെ കൊച്ചുഗ്രാമത്തിലേക്ക്.
രാത്രി തുടങ്ങിയ ഫോണ്‍ വിളികളും അഭിനന്ദന പ്രവാഹവും അവസാനിക്കുന്നില്ളെന്ന് സാക്ഷിയുടെ മാതാവ് സുദേഷ് മാലിക് പറയുന്നു. സാക്ഷിയുടെ നേട്ടം എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകണമെന്ന് പിതാവ് സുഖ്വീര്‍ മാലിക് പറഞ്ഞു. കായിക മേഖലയില്‍ താല്‍പര്യമുള്ള പെണ്‍മക്കള്‍ക്ക് പിന്തുണ നല്‍കാന്‍ എല്ലാ രക്ഷകര്‍ത്താക്കളും ശ്രമിക്കണം. ഗുസ്തിക്കാരനായ മുത്തച്ഛനെ കണ്ടാണ് സാക്ഷിയും ഈ മേഖലയിലേക്ക് തിരിഞ്ഞത്. അവളുടെ തീരുമാനം തെറ്റായിരുന്നെന്ന് ഇതുവരെ തോന്നിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയെ ഗുസ്തി മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ആദ്യം വിമര്‍ശങ്ങളുണ്ടായിരുന്നുവെന്ന് മാതാവ് സുധേഷ് മാലിക് പറഞ്ഞു. ഇതൊന്നും വകവെക്കാതെയാണ് സാക്ഷി മത്സരങ്ങള്‍ക്കിറങ്ങിയത്. ടോക്യോ ഒളിമ്പിക്സില്‍ മകള്‍ സ്വര്‍ണം നേടുന്നത് കാണാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സുഖ്ബീര്‍ മാലികിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. ലോകത്തിന് മുമ്പില്‍ രാജ്യത്തിന്‍െറയും ഹരിയാനയുടെയും അഭിമാനം വാനോളം ഉയര്‍ത്തിയ സാക്ഷിയുടെ നേട്ടം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം സന്ദേശത്തില്‍ അറിയിച്ചു. അദ്ദേഹത്തിന് പുറമെ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വീട്ടില്‍ നേരിട്ടത്തെിയും ഫോണ്‍ വിളിച്ചും അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.