ലോകമേ ഒരു നിമിഷം, ഈ നൃത്തം നല്ലനാളേക്കു വേണ്ടിയാണ്

റിയോ: ഒളിമ്പിക്സിലെ പോരാട്ടങ്ങളുടെ വേദി പ്രണയവും രാഷ്ട്രീയവും കൊണ്ട് സമ്പന്നമാവുകയാണ്. ചൈനീസ് ഡൈവര്‍മാരുടെയും ബ്രസീല്‍ റഗ്ബി താരങ്ങളുടെയും വിവാഹാഭ്യര്‍ഥന ലോകമാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ കൗതുകമുണര്‍ത്തുന്ന നൃത്തവുമായാണ് കിരിബാറ്റിയെന്ന കൊച്ചു ദ്വീപു രാജ്യത്തുനിന്നുള്ള ഒരു ഭാരോദ്വഹകന്‍ മാധ്യമങ്ങളില്‍ ഇടം നേടിയത്. 105 കിലോ വെയ്റ്റ്ലിഫ്റ്റില്‍ മത്സരിച്ച ഡേവിഡ് കറ്റൗറ്റു ഭാരമുയര്‍ത്താനാവാതെ മറിഞ്ഞുവീണതിനു പിന്നാലെയായിരുന്നു കാഴ്ച. പിടഞ്ഞെണീറ്റ 32കാരന്‍െറ പിന്നീടുള്ള പ്രകടനം കണ്ട് ഒഫീഷ്യലുകളും അത്ലറ്റുകളും ആരാധകരും ആദ്യം അമ്പരന്നു. പിന്നെ അതൊരു ആസ്വാദനവുമായി.

വെയ്റ്റ് ലിഫ്റ്റില്‍ ഉമ്മവെച്ച് സദസ്സിനെ വന്ദിച്ചു തുടങ്ങിയ കറ്റൗറ്റു, മത്സര ഫ്ളോറില്‍ പിന്നീട് കാഴ്ചവെച്ചത്  തകര്‍പ്പന്‍ ഡാന്‍സ്. പിന്നീടായിരുന്നു വിചിത്രമായ ആഘോഷത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തിയത്. പസഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപു രാഷ്ട്രമായ കിരിബാറ്റിയില്‍ നിന്ന് വരുന്ന ഡേവിഡ് കറ്റൗറ്റുവിന് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രചാരണായുധം കൂടിയാണ് വെയ്റ്റ് ലിഫ്റ്റിങ് പോരാട്ടം. ഒളിമ്പിക്സില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ജേതാവിനെ പോലെയായിരുന്നു ഫ്ളോറിലെ പ്രകടനം. ചില്ലറക്കാരനൊന്നുമല്ല കറ്റൗറ്റു. കഴിഞ്ഞ ഗ്ളാസ്ഗോ കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. അന്നും നൃത്തംചെയ്ത് കാലാവസ്ഥാ വ്യതിയാനത്തിനിരയായ തങ്ങളുടെ രാജ്യം നേരിടുന്ന ഭീകരത ലോകത്തെ അറിയിച്ചു.

31 ചെറു ദ്വീപുകളുടെ കൂട്ടമായ കിരിബാറ്റിയുടെ ആകെ ജനസംഖ്യ ഒരു ലക്ഷം മാത്രം. ‘ലോകത്തെ വലിയൊരു ശതമാനം ജനങ്ങളും കിരിബാറ്റിയെന്ന രാജ്യത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ല. ഞങ്ങളുടെ നാടിനെ ലോകത്തിനു മുമ്പാകെ അറിയിക്കാനും ദുരിതങ്ങള്‍ വിവരിക്കാനുമാണ് ഞാന്‍ ഭാരമുയര്‍ത്തുന്നത്. സ്വയരക്ഷക്കുള്ള വിഭവങ്ങള്‍പോലും ഞങ്ങളുടെ കൈയിലില്ല’ -കിരിബാറ്റിയുടെ ഏക ചാമ്പ്യനായ കറ്റൗറ്റു പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയര്‍ന്ന് സ്വന്തം വീട് പോലും കറ്റൗറ്റിന് നഷ്ടമായി. തീരങ്ങളെ മാത്രമല്ല, ദ്വീപ് മുഴുവന്‍ കടലെടുക്കാവുന്ന അവസ്ഥയിലാണെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. നൃത്തം ചെയ്ത് ലോകമനസ്സ് കീഴടക്കിയ കറ്റൗറ്റു പറയുന്നു, ‘കാലാവസ്ഥാ വ്യതിയാനത്തിന്‍െറ ഭീതിക്കെതിരെ ലോകമുണരുംവരെ ഞാന്‍ നൃത്തം വെക്കും’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.