ഇന്ത്യന്‍ സ്വര്‍ണ പ്രതീക്ഷയിലേക്ക് കാഞ്ചിവലിക്കാന്‍ ജിതു റായ്

റിയോ: പൊന്നിലേക്ക് കാഞ്ചിവലിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. റിയോ ഒളിമ്പിക്സ് ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിലെ മെഡല്‍ ഫേവറിറ്റായ ജിതു റായ് ഇഷ്ട ഇനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ശനിയാഴ്ച ഉന്നംപിടിക്കും. ഷൂട്ടിങ്ങില്‍ ഇന്ന് തീര്‍പ്പാക്കുന്ന രണ്ടാം മെഡലായ വനിതകളുടെ 10 മീ. എയര്‍ റൈഫ്ള്‍ വിഭാഗത്തില്‍ ഇന്ത്യക്കാരി അപുര്‍വി ചന്ദേലയും അയോണിക പോളും ഇന്ന് മത്സരിക്കും. വൈകീട്ട് അഞ്ചിനാണ് വനിതകളുടെ യോഗ്യതാ മത്സരം. 51 പേര്‍ മത്സരിക്കുന്ന യോഗ്യതാ റൗണ്ടില്‍നിന്ന് എട്ടു പേര്‍ ഫൈനലിലേക്ക് യോഗ്യത നേടും. രാത്രി ഏഴിനാണ് ഫൈനല്‍.ജിതു മത്സരിക്കുന്ന 10 മീ. പിസ്റ്റള്‍ യോഗ്യതാ റൗണ്ട് രാത്രി 9.30ന് തുടങ്ങും. 46 പേരാണ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നത്. ജിതുവിനു പുറമെ ഗുര്‍പ്രീത് സിങ്ങും ഇന്ത്യന്‍ കുപ്പായത്തില്‍ തോക്കെടുക്കുന്നുണ്ട്. രാത്രി 12നാണ് ഫൈനല്‍. യോഗ്യതാ റൗണ്ടില്‍ കൂടുതല്‍ സ്കോര്‍ ചെയ്യുന്ന എട്ടു പേരാവും ഫൈനലില്‍ അങ്കത്തിനിറങ്ങുക.

റിയോയിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായ ജിതു കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ശനിയാഴ്ച കാഞ്ചിവലിക്കുന്നത്. സര്‍വിസസ് താരമായ 25കാരന്‍ ഇക്കഴിഞ്ഞ ജൂണില്‍ അസര്‍ബൈജാനില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ വെള്ളിയണിഞ്ഞാണ് വരുന്നത്. കഴിഞ്ഞ വര്‍ഷം നേടിയ വെങ്കലമായിരുന്നു ഇവിടെ വെള്ളിയായത്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും 50 മീ. പിസ്റ്റളില്‍ സ്വര്‍ണമണിഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്ററില്‍ വെങ്കലവും അണിഞ്ഞു. 50 മീ. പിസ്റ്റളിലും ജിതു മത്സരിക്കുന്നുണ്ട്.നേരത്തേ തന്നെ റിയോയിലത്തെിയ ഇന്ത്യന്‍ ഷൂട്ടിങ് സംഘം ദിവസങ്ങളായി പരിശീലനത്തിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.