ഒളിമ്പ്യന്മാര്‍ക്ക് കേരളത്തിന്‍െറ വട്ടപ്പൂജ്യം

കോഴിക്കോട്: ദ്യുതീ ചന്ദും ശ്രബാനി നന്ദയും ഉള്‍പ്പെടെയുള്ള തങ്ങളുടെ ആറ് ഒളിമ്പ്യന്മാര്‍ക്ക് ഒഡിഷ സംസ്ഥാന സര്‍ക്കാര്‍ വക പാരിതോഷികം 10 ലക്ഷം വീതം. 22 ഒളിമ്പ്യന്മാരുള്ള ഹരിയാനയുടെ ഓരോ അത്ലറ്റിനും 25 ലക്ഷം വീതം. സ്വര്‍ണം നേടുന്നവര്‍ക്ക് 6 കോടി, വെള്ളി നേടുന്നവര്‍ക്ക് 4 കോടി, വെങ്കലം നേടുന്നവര്‍ക്ക് 2.5 കോടി. ഗുസ്തി, ബോക്സിങ്, ഷൂട്ടിങ്, ഹോക്കി താരങ്ങള്‍ ഏറെയുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഓരോ കായികതാരങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം. മെഡല്‍ ജേതാക്കളായി നാട്ടില്‍ മടങ്ങിയത്തെുന്നവര്‍ക്കുമുണ്ട് കോടികളുടെ പാരിതോഷികം.

റിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ സംഘത്തില്‍ ഇടംനേടിയ ഓരോ കായിക താരങ്ങള്‍ക്കും മാതൃസംസ്ഥാനങ്ങള്‍ വാരിക്കോരി പാരിതോഷികം പ്രഖ്യാപിച്ചാണ് യാത്രയാക്കിയത്. പക്ഷേ, രാജ്യത്തിന്‍െറ അഭിമാനമായി റിയോയിലത്തെിയ മലയാളി ഒളിമ്പ്യന്മാര്‍ക്ക് ഇതുവരെ ഒന്നുമില്ല. ഒളിമ്പിക്സിന് കൊടിയുയരാന്‍ നാലുനാള്‍ മാത്രം ബാക്കിനില്‍ക്കെ താരങ്ങളെല്ലാം ബ്രസീലിലത്തെിക്കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാറോ സ്പോര്‍ട്സ് കൗണ്‍സിലോ അര്‍ഹിച്ച സമ്മാനം നല്‍കാന്‍ ഉണര്‍ന്നിട്ടുമില്ല. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘം ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങുമ്പോള്‍ കേരളത്തിനും ഇത് റെക്കോഡ് പങ്കാളിത്തമാണ്. ഒമ്പത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുള്‍പ്പെടെ 11 അത്ലറ്റുകളാണ് റിയോ ഒളിമ്പിക്സിലെ മലയാളി സാന്നിധ്യം. അവരില്‍ ഏറ്റവും തിളക്കം ഹോക്കി ക്യാപ്റ്റന്‍ കൂടിയായ പി.ആര്‍. ശ്രീജേഷിന്. ടീമിലെ സഹതാരങ്ങള്‍ക്കെല്ലാം അവരവരുടെ സംസ്ഥാനങ്ങള്‍ കാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴും നായകന് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല.

റിയോയില്‍ നീന്തുന്ന ഏക ഇന്ത്യക്കാരനായ സജന്‍ പ്രകാശാണ് മറ്റൊരു മലയാളി. ദേശീയ ഗെയിംസില്‍ ആറ് സ്വര്‍ണം വാരിക്കൂട്ടിയ താരത്തിന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി ഇതുവരെ ലഭിച്ചിട്ടില്ല. വിദേശരാജ്യങ്ങളിലെ പരിശീലനമുള്‍പ്പെടെയുള്ള ചെലവിലേക്കായി പ്രഖ്യാപിച്ച പത്തുലക്ഷം രൂപ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ചത് രണ്ടാഴ്ച മുമ്പ് മാത്രം. ട്രാക്ക് ഇനങ്ങളിലാണ് ഒമ്പത് മലയാളി ഒളിമ്പ്യന്മാര്‍ റിയോയില്‍ മാറ്റുരക്കുന്നത്. പി.ടി. ഉഷയുടെ ശിഷ്യരായ ടിന്‍റു ലൂക്ക (800 മീ), ജിസ്ന മാത്യു (റിലേ), സര്‍വിസസ് താരങ്ങളായ ജിന്‍സണ്‍ ജോണ്‍സണ്‍ (800), ടി. ഗോപി (മാരത്തണ്‍), മുഹമ്മദ് അനസ് (400, റിലേ), കുഞ്ഞുമുഹമ്മദ് (റിലേ) എന്നിവര്‍ക്കൊപ്പം രഞ്ജിത് മഹേശ്വരി (ട്രിപ്പ്ള്‍ ജംപ്), ഒ.പി. ജെയ്ഷ (മാരത്തണ്‍), അനില്‍ഡ തോമസ് (റിലേ) തുടങ്ങിയവരാണ് ഒളിമ്പിക്സ് ടീമിലെ മലയാളികള്‍. പാലക്കാട്ടുകാരി അനു രാഘവന്‍ റിലേ ടീമില്‍നിന്നും പുറത്തായത് നിര്‍ഭാഗ്യംകൊണ്ടും.

പരിശീലനം, യോഗ്യതാ മത്സരങ്ങള്‍ എന്നിവക്കായി വിദേശരാജ്യങ്ങളിലേക്ക് നിരന്തരം യാത്രചെയ്ത് അവര്‍ മുടക്കിയതുതന്നെ ലക്ഷങ്ങള്‍ വരും. കേന്ദ്രസര്‍ക്കാറിന്‍െറ ടാര്‍ഗറ്റ് ഓളിമ്പിക് പോഡിയം പദ്ധതി (ടോപ്) വഴി ലഭിച്ച തുകയാണ് ആശ്വാസമായത്. ബാക്കി തുക കണ്ടത്തെിയതാവട്ടെ സ്വന്തം നിലയിലെ സ്പോണ്‍സര്‍ഷിപ് വഴിയോ പോക്കറ്റില്‍ നിന്നോ.

‘പാരിതോഷികം കൊടി ഉയരും മുമ്പ് പ്രഖ്യാപിക്കും’
ഒളിമ്പിക്സിന് കൊടിയുയരും മുമ്പേ പാരിതോഷികം പ്രഖ്യാപിക്കുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. വരുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും.  എന്നാല്‍, മെഡല്‍ ജേതാക്കള്‍ക്ക് മാത്രമാണോ അതോ ഒളിമ്പിക്സില്‍ പങ്കെടുത്തവര്‍ക്കോ എന്നത് മന്ത്രിസഭ തീരുമാനിക്കും അദ്ദേഹം പറഞ്ഞു.


ജേതാക്കള്‍ക്ക് കോടികള്‍
ഒളിമ്പ്യന്മാര്‍ക്കെല്ലാം പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ ജേതാക്കളായി മടങ്ങിയത്തെുന്നവര്‍ക്ക് വാഗ്ദാനം ചെയ്തത് കോടികള്‍. സ്വര്‍ണം നേടിയാല്‍ 6 കോടി, വെള്ളി (4), വെങ്കലം (2) എന്നിങ്ങനെയാണ് ഹരിയാന, യു.പി, ഡല്‍ഹി സംസ്ഥാനങ്ങളുടെ പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ വകയുമുണ്ട് ജേതാക്കള്‍ക്ക് കൈനിറയെ. സ്വര്‍ണം (75 ലക്ഷം), വെള്ളി (50), വെങ്കലം (30) എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.