സീനിയര്‍ താരങ്ങള്‍ ഭീഷണിപ്പെടുത്തി മസാജ് ചെയ്യിച്ചു, വസ്ത്രമലക്കിപ്പിച്ചു! ദ്യുതിയുടെ വെളിപ്പെടുത്തലില്‍ ആ ആത്മഹത്യ രാജ്യമറിഞ്ഞു

ഭുവനേശ്വറിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ സീനിയര്‍ താരങ്ങളുടെ കടുത്ത റാഗിങ്ങിന് ഇരയായിരുന്നു താനെന്ന് ഒളിമ്പ്യന്‍ ദ്യുതിചന്ദ്. കഴിഞ്ഞ ദിവസം ഒഡീഷയുടെ തലസ്ഥാന നഗരിയിലെ പ്രമുഖ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി റാഗിങ്ങില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം രൂക്ഷമാകുമ്പോഴാണ് ദ്യുതി ചന്ദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

സീനിയര്‍ താരങ്ങളുടെ ഭീഷണിക്ക് മുന്നില്‍ വസ്ത്രങ്ങള്‍ അലക്കുകയും അവരുടെ ശരീരം തിരുമ്മിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ദ്യുതി വെളിപ്പെടുത്തി. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ തുനിഞ്ഞാല്‍ അസഭ്യ വാക്കുകളാല്‍ ശകാരിക്കും. ദരിദ്രയെന്ന് വിളിച്ചുള്ള പരിഹാസവും കുറ്റപ്പെടുത്തലുകളുമായി മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു. ആ സമയത്ത് താന്‍ തീര്‍ത്തും ഒറ്റപ്പെട്ടുവെന്നും ദ്യുതി പറഞ്ഞു.

ഒളിമ്പിക് താരത്തിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇതിനോട്, പ്രതികരിക്കാന്‍ ഭുവനേശ്വര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ അധികൃതര്‍ തയാറായിട്ടില്ല.

അതേസമയം, പത്തൊമ്പത് വയസുള്ള വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത വിഷയത്തില്‍ പ്രതിഷേധം കനക്കുകയാണ്. മൂന്ന് സീനിയര്‍ താരങ്ങളുടെ പേരെഴുതി വെച്ചുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ കുടുംബവും സുഹൃദ് കൂട്ടായ്മകളും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്.

സോഷ്യല്‍ മീഡിയ ക്യാമ്പയിനിങ് ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തലോടെ മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ കായിക പ്രതിഭകള്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ചെയ്യുന്ന സംസ്ഥാനമെന്ന ഖ്യാതി ഒഡീഷക്കുണ്ട്. ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തല്‍ ഒഡീഷ സര്‍ക്കാറിന് പോലും ക്ഷീണം ചെയ്യുന്നതായി മാറിയിരിക്കുന്നു. ഒരു ജില്ലയില്‍ മാത്രമൊതുങ്ങിപ്പോകുമായിരുന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ഇപ്പോള്‍ രാജ്യം ശ്രദ്ധിക്കുന്ന വാര്‍ത്തയായെങ്കില്‍ ദ്യുതിയുടെ ഇടപെടലാണ്. സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ നടക്കുന്ന ശാരീരിക-മാനസിക പീഡനങ്ങളോട് പരാതിപ്പെടാനുള്ള ധൈര്യമാണ് ദ്യുതി ചന്ദ് നല്‍കിയിരിക്കുന്നത്. അന്ന് താന്‍ നിസഹായയായിരുന്നു, ഇനിയാര്‍ക്കും തന്റെ ഗതികേട് വരരുതെന്ന ഉറച്ച ബോധ്യത്തിലാണ് ദ്യുതി അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നത്.

Tags:    
News Summary - Seniors forced me to give them massage says Dutee Chand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.