കർണാടകയോട് തോറ്റാൽ അപായ മണി: അവസാന നാലിൽ ഇടം തേടി മണിപ്പൂർ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂരിനും കർണാടകക്കും ശനിയാഴ്ച നിലനിൽപ്പിന്റെ പോരാട്ടമാണ്. കോട്ടപ്പടി സ്റ്റേഡിയത്തിൽ മണിപ്പൂരിന് ഗ്രൂപ് ബിയിലെ അവസാന മത്സരമാണ്. ജയിച്ചാൽ സെമി ഫൈനൽ ഉറപ്പ്. ഫലം മറിച്ചായാൽ നേരിയ പ്രതീക്ഷയിൽ കാത്തിരിക്കേണ്ടിവരും. ഇന്നത്തേത് കൂടാതെ ഒരു കളി ബാക്കിയുള്ള കർണാടക വിജയത്തോടെ അവസാന നാലിലെ ഇടം സുരക്ഷിതമാക്കാനാണ് ശ്രമിക്കുക. നിലവില്‍ മൂന്ന് മത്സരങ്ങളില്‍നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയൻറോടെ ഗ്രൂപ്പില്‍ മണിപ്പൂരാണ് ഒന്നാമത്. രണ്ട് മത്സരങ്ങളിലും തോല്‍വി അറിയാത്ത കർണാടക ഓരോ ജയവും സമനിലയുമായി നാല് പോയൻറിൽ രണ്ടാം സ്ഥാനത്താണ്.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വിസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മണിപ്പൂർ തുടങ്ങിയത്. എന്നാൽ പിന്നീടുള്ള മത്സരത്തിൽ ടീം നിറം മങ്ങുന്നത് കണ്ടു. ഒഡിഷക്കെതിരെ ഒരു ഗോളിന് തോറ്റു. ഗുജറാത്തിനെതിരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതാണ് ആശ്വാസം. ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ചു. ആക്രമണമാണ് മണിപ്പൂരിന്‍റെ ശക്തി. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മ പ്രശ്നമാവുന്നു. മൂന്ന് മത്സരങ്ങളില്‍നിന്ന് അഞ്ച് മഞ്ഞ കാര്‍ഡ് വാങ്ങിയവരിൽ നാല് പേർ പ്രതിരോധ നിരയിലുള്ളവരാണ്. ഒന്നുകൂടെ ലഭിച്ചാല്‍ സെമിയിലെത്തുന്ന പക്ഷം ഇവർ പുറത്തിരിക്കേണ്ടിവരും. കര്‍ണാടകയെ സംബന്ധിച്ച് ഒരു കളി കൂടി ബാക്കിയുള്ളതിനാൽ പ്രതീക്ഷകൾ സജീവമാണ്. ആദ്യ മത്സരത്തില്‍ ഒഡിഷക്കെതിരെ 3-3 സമനില പിടിച്ചു.

രണ്ടാം മത്സരത്തിലാവട്ടെ നിലവിലെ ചാമ്പ്യന്‍മാരായ സർവിസസിന് ചാമ്പ്യൻഷിപ്പിൽനിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു. പ്രതിരോധമാണ് ടീമിന്‍റെ കരുത്ത്. സർവിസസിനോട് ആദ്യ പകുതിയിൽ സ്കോർ ചെയ്ത ശേഷം 60 മിനിറ്റോളം പട്ടാള ആക്രമണനിരയെ തടഞ്ഞുനിർത്താൻ കർണാടകക്കായി.

Tags:    
News Summary - Santosh Trophy Football Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.