വിത്യ രാംരാജ്
ചണ്ഡിഗഢ്: വനിത 400 മീറ്റർ ഹർഡ്ൽസിൽ 39 വർഷം പഴക്കമുള്ള പി.ടി ഉഷയുടെ ദേശീയ റെക്കോഡ് സെക്കൻഡിന്റെ നൂറിലൊരു അംശത്തിന് നഷ്ടമായി തമിഴ്നാട്ടുകാരി വിത്യ രാംരാജ്. ഇന്ത്യൻ ഗ്രാൻപ്രി5ൽ തിങ്കളാഴ്ച വിത്യ ഫിനിഷ് ചെയ്തത് 55.43 സെക്കൻഡിലാണ്. 1984ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഉഷ കുറിച്ച 55.42 സെക്കൻഡ് സമയം ഇനിയും റെക്കോഡ് ബുക്കിൽ തുടരും. അന്ന് നാലാം സ്ഥാനത്തെത്തിയ ഉഷക്ക് ഒളിമ്പിക് മെഡൽ നഷ്ടമായതും സെക്കൻഡിന്റെ നൂറിലൊരു അംശത്തിനാണ്. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ദേശീയ റെക്കോഡാണിത്.
1978ൽ ശിവനാഥ് സിങ് മാരത്തണിൽ കുറിച്ച സമയം ഇന്നും തകർക്കപ്പെടാതെ തുടരുന്നുണ്ട്. ‘‘ഉഷ മാഡം ഏറെ കഴിവുള്ളയാണ്. അതുകൊണ്ടാണ് ആ റെക്കോഡ് ഇത്ര കാലമായിട്ടും തുടരുന്നത്. ഞാനത് തകർക്കാൻ ആഗ്രഹിച്ചു. മത്സരം തുടങ്ങുന്നതിന് മുമ്പ് മനസ്സിലുണ്ടായിരുന്നു. എനിക്ക് പുതിയൊരു ഉഷയാവണം. ആദ്യ 200 മീറ്ററിൽ ഞാൻ അൽപം മന്ദഗതിയിലായിരുന്നു. പിന്നീട് വേഗത കൂട്ടി. ആദ്യ 200ൽ കൂടുതൽ വേഗത്തിൽ ഓടിയിരുന്നെങ്കിൽ ഇന്നു തന്നെ ദേശീയ റെക്കോഡ് ഭേദിക്കുമായിരുന്നു. ഏഷ്യൻ ഗെയിംസ് വരാനിരിക്കുന്നു. അവിടെ തകർക്കാൻ ഞാൻ ശ്രമിക്കും’’-മത്സര ശേഷം വിത്യ പറഞ്ഞു.
ചണ്ഡിഗഢ്: ഇന്ത്യൻ ഗ്രാൻഡ്പ്രി 5ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് താരങ്ങൾ കൂടി ഏഷ്യൻ ഗെയിംസ് സംഘത്തിൽ ഇടംപിടിച്ചു. വനിത 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ ഹരിയാനക്കാരി പ്രീതി ലംബയും പുരുഷ 200 മീറ്ററിൽ അസം താരം അംലാൻ ബൊർഗോഹെയ്നും ഇന്ത്യക്കുവേണ്ടി ഇറങ്ങും. വനിത 4x400 മീ. റിലേ സംഘത്തിൽ ഉത്തർ പ്രദേശിൽ നിന്നുള്ള പ്രാചിയെയും ഉൾപ്പെടുത്തി. ഇതോടെ ഇന്ത്യയുടെ അംഗബലം 68 ആയി ഉയർന്നു. അതേസമയം, ഇക്കുറി പുരുഷന്മാരിലും വനിതകളിലും 4x100 മീ. റിലേയിൽ ഇന്ത്യ മത്സരിക്കാനുണ്ടാവില്ല. മികച്ച വ്യക്തിഗത സമയക്കാരെ ചേർത്ത് 4x100 മീ. റിലേ എ, ബി ടീമുകളുണ്ടാക്കി ഗ്രാൻഡ്പ്രീയിൽ മത്സരിപ്പിച്ചെങ്കിലും ആർക്കും യോഗ്യത നേടാനായില്ല. വനിത എ ടീം യോഗ്യത മാർക്കിന്റെ 0.16ഉം പുരുഷ എ ടീം 0.24ഉം സെക്കൻഡ് അധികമെടുത്താണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.