റെക്കോഡ് നേട്ടക്കാർ: 1. സാന്ദ്ര സുരേന്ദ്രൻ (അണ്ടര്‍ 20 10 കിലോമീറ്റര്‍ നടത്തം, 2. വി.എസ്. അനുപ്രിയ(അണ്ടര്‍ 16 ഡിസ്കസ് ത്രോ) 3. സച്ചു മാര്ട്ടിന് (അണ്ടര്‍ 14 വിഭാഗം ഷോട്ട്പുട്ട്) 4. ആന്‍ റോസ് ടോമി (അണ്ടര്‍ 20 100 മീറ്റര്‍ ഹര്‍ഡില്‍സ്) 5. തേജസ് ചന്ദ്രൻ (അണ്ടർ 14 ബാൾ ത്രോ)
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ് വ്യാഴാഴ്ച സമാപിക്കാനിരിക്കെ മൂന്നാം ദിനവും ലീഡ് തുടർന്ന് പാലക്കാട് ജില്ല. 17 സ്വർണവും 16 വെള്ളിയും 15 വെങ്കലവുമായി 352 പോയൻറ് നേടിയാണ് ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. 21 സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവുമുള്ള എറണാകുളം (295.5) രണ്ടാമതാണ്.
16 സ്വർണവും ഒമ്പത് വെള്ളിയും 10 വെങ്കലവുമായി 262.5 പോയന്റോടെ കോഴിക്കോടും പിന്നാലെ. അവസാന ദിനത്തിൽ 38 ഫൈനലുകളുള്ളതിനാൽ പാലക്കാടിന് കിരീടം ഉറപ്പിക്കാനായിട്ടില്ല. ബുധനാഴ്ച 10 മീറ്റ് റെക്കോഡുകൾ പിറന്നു.
അണ്ടർ 16 ഗേൾസ് ലോങ് ജംപിൽ കോഴിക്കോടിെൻറ മുബസ്സിന മുഹമ്മദ് (5.90 മീ.), ഡിസ്കസ് ത്രോയിൽ കാസർകോടിെൻറ അനുപ്രിയ (37.23), അണ്ടർ 20 വിമൻ 100 മീ. ഹർഡിൽസിൽ തൃശൂരിെൻറ ആന്റോസ് ടോമി (14.22 സെക്കൻഡ്), 10,000 മീ. നടത്തത്തിൽ എറണാകുളത്തിെൻറ സാന്ദ്ര സുരേന്ദ്രൻ (49.57 മിനിറ്റ്), ഹൈജംപിൽ എറണാകുളത്തിെൻറ തന്നെ മീര ഷിബു (1.72 മീ), അണ്ടർ 14 ബോയ്സ് ഷോട്ട്പുട്ടിൽ ആലപ്പുഴയുടെ സച്ചു മാർട്ടിൻ (13.26 മീ), ബാൾ ത്രോയിൽ വയനാടിെൻറ തേജസ് ചന്ദ്രൻ (67.04 മീ), അണ്ടർ 16 ബോയ്സ് 300 മീറ്ററിൽ കോഴിക്കോടിെൻറ ടി. അഘോഷ് (37.31 സെക്കൻഡ്), ഹെക്സാത്തലനിൽ മലപ്പുറത്തിെൻറ ഇർഫാൻ മുഹമ്മദ് (2946 പോയൻറ്), 80 മീറ്റർ ഹർഡിൽസിൽ പാലക്കാടിെൻറ കെ. കിരൺ (10.90 സെക്കൻഡ്) എന്നിവർ ഇന്നലെ റെക്കോഡ് ബുക്കിൽ ഇടംപിടിച്ചു.
തേഞ്ഞിപ്പലം: ഡിസംബർ 17ന് ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽനിന്ന് ദുബീന ബാനു, മക്കളായ മുബസ്സിനയെയും മുസൈനയെയും കൂട്ടി എം.വി ലഗൂണ്‍ കപ്പല്‍ കയറി. രണ്ടുപേരുടെ ലക്ഷ്യസ്ഥാനം കൊച്ചിയായിരുന്നു. ഒരാളുടേത് കവരത്തിയും. മുസൈനയെ എൽ.എസ്.ജി മീറ്റിനായി കവരത്തിയിലിറക്കി കടലോളം സ്വപ്നങ്ങളുമായി മുബസ്സിനയും ദുബീനയും യാത്ര തുടർന്നു. ഉപ്പ മുഹമ്മദിനും ഉമ്മക്കും കഴിയാതെപോയത് നേടിക്കൊടുക്കണമെന്ന മോഹം മുബസ്സിന ഉള്ളിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. സംസ്ഥാന ജൂനിയർ മീറ്റിെൻറ മൂന്നാം ദിനമായ ബുധനാഴ്ച അണ്ടർ 16 ലോങ് ജംപിൽ (5.90 മീ.) കോഴിക്കോടിനും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്കും റെക്കോഡോടെ സ്വർണം നേടിക്കൊടുത്താണ് മുബസ്സിന വരവ് ഗംഭീരമാക്കിയത്. ഗാലറിയിലിരുന്ന് കൈയടിച്ച് ദുബീനയും. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല ദേശീയ അത്ലറ്റിക് മീറ്റിൽ മുബസ്സിന ലോങ് ജംപിൽ നേടിയ വെങ്കല മെഡലിലൂടെ പിറന്നതും ചരിത്രമായിരുന്നു- അത്ലറ്റിക് മീറ്റിൽ ദ്വീപുകാരുടെ ആദ്യ ദേശീയ മെഡലായി അത് വാഴ്ത്തപ്പെട്ടു.
കായികതാരമായ അനുജത്തി മുസൈനക്കും മാതാവ് ദുബീനക്കുമൊപ്പം മുബസ്സിന
കായികരംഗത്ത് കേരളത്തിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കാണിക്കുന്ന ഉത്സാഹം അനുഭവിച്ചറിഞ്ഞ മുബസ്സിന മാതാപിതാക്കളോട് ഒരാഗ്രഹം പറഞ്ഞു. ഇവിടത്തെ ഏതെങ്കിലുമൊരു സ്കൂളിൽ പഠിച്ച് സ്പോർട്സിൽ കൂടുതൽ ശ്രദ്ധിക്കണം. കായികതാരമാകണമെന്ന് ചെറുപ്പത്തിൽ വല്ലാതെ ആശിച്ച ഉമ്മക്കും കുട്ടിക്കാലത്ത് ലക്ഷദ്വീപിലെ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ വാരിയ ഉപ്പക്കും നൂറു സമ്മതം. അങ്ങനെയാണ് ഒമ്പത് മാസം മുമ്പ് പുല്ലൂരാംപാറ സ്കൂളിലും മലബാർ അക്കാദമിയിലും ചേർന്നത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് ദുബീന. ഹെക്സാത്തലനിലും സ്വർണത്തിലേക്കുള്ള കുതിപ്പിലാണ്. ദക്ഷിണ മേഖല മീറ്റിൽ വെങ്കലത്തിന് പുറമെ ജാവലിൻ ത്രോയിലും ബാൾ ത്രോയിലും സ്വർണവും നേടി ദ്വീപിെൻറ അഭിമാനമുയർത്തിയിരുന്നു.
2020ൽ തൃശൂരിന്റെ ശിവപ്രിയ (5.68 മീ.) നേടിയ റെക്കോഡാണ് മുബസ്സിനയുടെ ഒറ്റച്ചാട്ടത്തൽ ഇല്ലാതായത്. ഒമ്പതാം ക്ലാസ് വരെ മിനിക്കോയ് ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. കവരത്തിയിലെ അഹമ്മദ് ജവാദ് ഹസന് കീഴിലായിരുന്നു പരിശീലനം. ലക്ഷദ്വീപിലെ മീറ്റുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഈയിടെ കോഴിക്കോട് ജില്ല മീറ്റിലും മുബസ്സിന മുഹമ്മദ് മികച്ച പ്രകടനത്തോടെ സ്വര്‍ണം നേടി. സഹോദരി മിനിക്കോയ് ജെ.ബി.എസ് സ്കൂളിലെ ആറാംക്ലാസുകാരിയായ മുസൈന മുഹമ്മദ് 100 മീറ്റര്‍, ലോങ്ജംപ്, 600 മീറ്റര്‍, ബാള്‍ത്രോ എന്നീയിനങ്ങളിലാണ് കവരത്തിയില്‍ നടക്കുന്ന എല്‍.എസ്.ജി മീറ്റില്‍ പങ്കെടുക്കുന്നത്. ആന്ത്രോത്ത് ദ്വീപുകാരിയായ ദുബീനയുടെ മാതൃഗൃഹം കണ്ണൂരാണ്. സഹോദരങ്ങളായ കാസിമും ശിഹാബുദ്ദീനും കോഴിക്കോട്ടുനിന്ന് വിവാഹം കഴിച്ചതോടെ കേരളവുമായുള്ള അടുപ്പം കൂടി. വ്യാഴാഴ്ച ദുബീനയും മുബസ്സിനയും ദ്വീപിലേക്ക് മടങ്ങും. പോകുന്ന വഴി കവരത്തിയിൽ ഇറങ്ങും. അവിടെ മെഡൽ ജേതാവിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.