ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കനത്ത തിരിച്ചടി. 2026 ലെ ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ താരത്തെ തടഞ്ഞു. ഫെഡറേഷൻ സെലക്ഷൻ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റമാണ് വിനേഷിന് തിരിച്ചടിയായത്.

പുതിയ നിയമപ്രകാരം, 2025 ലും 2026ലും നടന്ന മത്സരങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് മാത്രമേ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. 2024 പാരീസ് ഒളിമ്പിക്സിലെ അയോഗ്യതക്ക് ശേഷം വിനേഷ് പ്രൊഫഷണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ലാത്തതിനാൽ ഈ മാനദണ്ഡം താരത്തിന് വിലങ്ങുതടിയായി. എന്നാൽ തന്റെ തിരിച്ചുവരവ് തടയാൻ ഫെഡറേഷൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് വിനേഷ് ആരോപിച്ചു.

നാഷണൽ ഓപ്പൺ റാങ്കിങ് ടൂർണമെന്റിനായി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ പോർട്ടൽ അടഞ്ഞുകിടക്കുകയായിരുന്നു. പരാതി ഉയർന്നതിനെത്തുടർന്ന് അവസാന നിമിഷമാണ് ഫെഡറേഷൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഫെഡറേഷൻ കപ്പിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അവസാന നിമിഷം മാനദണ്ഡങ്ങൾ മാറ്റിയതിനാൽ അതിനും സാധിച്ചില്ലെന്ന് വിനേഷ് പറഞ്ഞു.

ഇതിനിടെ ദിവസങ്ങൾക്ക് മുമ്പ് മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ താനും ഇരയാണെന്ന് വിനേഷ് ഫോഗട്ട് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കോടതിയിൽ നിലവിലുള്ള ക്രിമിനൽ കേസിൽ പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് ആദ്യമായാണ് വിനേഷ് വെളിപ്പെടുത്തുന്നത്. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. 2026-ലെ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി തന്റെ തിരിച്ചുവരവ് തടയാൻ ഗുസ്തി ഫെഡറേഷൻ ബോധപൂർവം ശ്രമിക്കുന്നുവെന്നും വിനേഷ് ആരോപിച്ചിരുന്നു.

സുപ്രീം കോടതി നിർദേശങ്ങൾ പ്രകാരം ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നതിനാൽ നിയമനടപടികൾ പൂർത്തിയാകുന്നതുവരെ നിശ്ശബ്ദത പാലിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഇതിന് നിർബന്ധിതയാക്കിയെന്നും വിനേഷ് വ്യക്തമാക്കി.

ബ്രിജ് ഭൂഷനെ സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും നിലവിലെ അധ്യക്ഷൻ സഞ്ജയ് സിങ്ങിലൂടെ അദ്ദേഹം ഫെഡറേഷനെ ഇപ്പോഴും നിയന്ത്രിക്കുകയാണെന്ന് വിനേഷ് ആരോപിക്കുന്നു. തങ്ങൾ നേരിടുന്ന ഈ കഷ്ടതകൾ കണ്ട് കായിക മന്ത്രാലയവും സർക്കാരും മൗനംപാലിക്കുകയാണെന്നും ആരോപണമുയർത്തി. 2024 പാരീസ് ഒളിമ്പിക്സിലെ തിരിച്ചടികൾക്ക് ശേഷം 18 മാസത്തെ ഇടവേള കഴിഞ്ഞ് കരിയറിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ് വിനേഷ്.

2023-ൽ ഡൽഹി ജന്തർ മന്തറിൽ നടന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളുടെ മുൻനിരയിൽ വിനേഷുണ്ടായിരുന്നു. സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്ത ഈ പ്രതിഷേധം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ കേസിൽനിന്ന് ബ്രിജ് ഭൂഷനെ ഒഴിവാക്കിയെങ്കിലും വിനേഷ് ഉൾപ്പെടെയുള്ള ആറ് വനിതാ താരങ്ങൾ നൽകിയ ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യംചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റാരോപണങ്ങളിൽ കോടതിയിൽ വിചാരണ തുടരുകയാണ്. 2018 ഏഷ്യൻ ഗെയിംസിലെ സ്വർണ്ണമെഡൽ ജേതാവാണ് വിനേഷ് ഫോഗട്ട്. 

Tags:    
News Summary - No Vinesh Phogat In Asian Games! Big Setback For Star Wrestler As WFI Blocks Entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.