ന്യൂഡൽഹി: ഒടുവിൽ മരണത്തിെൻറ ഇടിക്കൂട്ടിൽ ആ പോരാളി തളർന്നുവീണു. ബോക്സിങ് റിങ്ങുകളിൽ ഇടിയുടെ ഇരമ്പം തീർത്ത ഏഷ്യൻ ഗെയിംസ് സുവർണ മെഡൽ ജേതാവ് ഡിങ്കോ സിങ് (42) അന്തരിച്ചപ്പോൾ അന്ത്യമാവുന്നത് മായാത്ത ഓർമകൾക്ക്. നാലു വർഷമായി കരളിനെ കാർന്നുതിന്ന അർബുദത്തിെൻറ പിടിയിലായിരുന്നു മണിപ്പൂർ സ്വദേശിയായ ഡിങ്കോ. ഭാര്യയും മകനും മകളുമുണ്ട്.
1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ 54 കി. വിഭാഗത്തിൽ ഡിങ്കോ സ്വർണം നേടുേമ്പാൾ 16 വർഷത്തിനിടെ ഏഷ്യാഡ് ബോക്സിങ്ങിൽ ഇന്ത്യയുടെ ആദ്യ സ്വർണമായിരുന്നു അത്. ഡിങ്കോയുടെ നേട്ടം രാജ്യത്ത് ബോക്സിങ്ങിന് ഏറെ ഊർജമേകി. ഇടിക്കൂട്ടിൽ നിർഭയനായ പോരാളിയുടെ പരിവേഷമുണ്ടായിരുന്ന ഡിങ്കോ രണ്ട് ഒളിമ്പിക് മെഡൽ നേട്ടക്കാരെ -തായ്ലൻഡിെൻറ സൊൻറായ വോൺപ്രേറ്റ്സിനെയും ഉസ്ബെകിസ്താെൻറ തൈമൂർ തുല്യാകോവിനെയും- ഇടിച്ചിട്ടാണ് സ്വർണം ചൂടിയത്. ആദ്യം ടീമിലിടം കിട്ടാതിരുന്ന ഡിങ്കോ ഒടുവിൽ ആത്മഹത്യ ഭീഷണിയടക്കമുള്ള പ്രതിഷേധമുയർത്തിയാണ് ഏഷ്യാഡ് സംഘത്തിലെത്തിയത്. സുവർണനേട്ടത്തിലൂടെ തെൻറ കഴിവ് തെളിയിക്കാനും താരത്തിനായി.
ഈ നേട്ടത്തോടെ ആ വർഷം അർജുന പുരസ്കാരം സ്വന്തമാക്കിയ ഡിങ്കോക്ക് 2013ൽ പത്മശ്രീയും ലഭിച്ചു. 2000 സിഡ്നി ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയോടെ ഇറങ്ങിയെങ്കിലും ഡിങ്കോയുടെ പോരാട്ടം പ്രീക്വാർട്ടറിൽ അവസാനിച്ചു.
നാവികസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡിങ്കോ ഇംഫാലിൽ സായി കോച്ചായി പ്രവർത്തിക്കുന്നതിനിടെയാണ് രോഗബാധിതനായത്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്ത് അടിയന്തര അർബുദ ചികിത്സക്കായി ഡിങ്കോയെ എയർലിഫ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചിരുന്നു. എന്നാൽ, പിന്നാലെ മഞ്ഞപ്പിത്ത ബാധയുണ്ടായത് കാര്യങ്ങൾ സങ്കീർണമാക്കി. നാട്ടിലേക്ക് മടങ്ങിയ ശേഷം കോവിഡും ബാധിച്ചു. അതിൽനിന്ന് കരകയറിയെങ്കിലും ഒടുവിൽ അർബുദം ആ പ്രതിഭയെ തിരിച്ചുവിളിച്ചു.
കളത്തിനകത്തും പുറത്തും അസാമാന്യ കഴിവുകളുള്ള വ്യക്തിയായിരുന്നു ഡിങ്കോയെന്ന് 1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ അദ്ദേഹത്തിെൻറ കോച്ചായിരുന്ന ഗുർബക്സ് സിങ് സന്ധു അനുസ്മരിച്ചു. ഡിങ്കോയുടെ ബോക്സിങ്ങും ജീവിതവും ഏറെ പ്രചോദനകരമായിരുന്നുവെന്ന് ഒളിമ്പിക്സ് മെഡൽ ജേതാവ് വിജേന്ദർ സിങ് പറഞ്ഞു. തന്നെ ഏറെ പ്രചോദിപ്പിച്ച ബോക്സറായിരുന്നു ഡിങ്കോയെന്ന് ഇതിഹാസതാരം എംസി മേരികോം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.