(ഫയൽ ചിത്രം)

ചൂട് പേടിക്കേണ്ട; ഇങ്ങ് പോരേ...

ചൂടിനെ പേടിച്ച് കളികളെല്ലാം നിർത്തിവെച്ചിരിക്കുകയാണോ? ഏത് പൊരിഞ്ഞ ചൂടിലും വ്യായാമം മുടങ്ങരുതെന്ന് പിടിവാശിയുള്ള ദുബൈ ഭരണകൂടം ഈ ചൂടുകാലത്ത് കളിക്കമ്പക്കാരെ വരവേൽക്കുകയാണ് ദുബൈ സ്പോർട്സ് വേൾഡിലൂടെ. ഏപ്രിൽ ഒന്നിന് തുടങ്ങിയ സ്പോർട്സ് വേൾഡ് അവസാനിക്കാൻ ഇനി പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ദിവസവും ഇവിടേക്ക് എത്തുന്നത് 3000ൽ കൂടുതൽ സന്ദർശകരാണ്. ദുബൈ സ്പോർട്സ് കൗൺസിലാണ് കണക്ക് പുറത്തുവിട്ടത്. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് ഇൻഡോർ കളിക്കളങ്ങളിൽ മത്സരങ്ങൾ അരങ്ങ് തകർക്കുന്നത്.

രാവിലെ എട്ട് മുതൽ അർധരാത്രി വരെ ഇവിടെ കായിക താരങ്ങളുടെ ഒഴുക്കാണ്. സ്ഥാപനങ്ങളും സംഘടനകളും ക്ലബ്ബുകളുമെല്ലാം മുൻകൂർ ബുക്ക് ചെയ്താണ് ഇവിടെ എത്തുന്നത്. ക്രിക്കറ്റ്, ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ബാഡ്മിൻറൺ, ടെന്നിസ്, വോളിബാൾ, പാഡൽ ടെന്നിസ്, ടേബ്ൾ ടെന്നിസ് എന്നിവക്കാണ് അനുമതി നൽകിയിരിക്കുന്നത്. 42 കോർട്ടുകളാണ് ഇവിടെയുള്ളത്. മൂന്ന് സെവൻസ് ഫുട്ബാൾ ഗ്രൗണ്ടും മൂന്ന് ഫൈവ്സ് ഗ്രൗണ്ടുമുണ്ട്. അതിവേഗം ജനകീയമാകുന്ന പുതിയ കായിക ഇനമായ പാഡൽ കളിക്കാൻ രണ്ട് കോർട്ടുണ്ട്.

രണ്ട് ടെന്നീസ് കോർട്ടും 18 ബാഡ്മിന്‍റൺ കോർട്ടും സ്ഥാപിച്ചിരിക്കുന്നു. ടേബിൾ ടെന്നിസ് കളിക്കാൻ എട്ടിടങ്ങളിൽ സൗകര്യമുണ്ട്. രണ്ട് വോളിബാൾ കോർട്ടും മൂന്ന് ബാസ്ക്കറ്റ്ബാൾ കോർട്ടും കൂടി ദുബൈ സ്പോർട്സ് കൗൺസിൽ ഓഫർ ചെയ്യുന്നു. 12 വർഷം മുൻപ് തുടങ്ങിയ ദുബൈ സ്പോർട്സ് വേൾഡിന്‍റെ ഏറ്റവും ദൈർഘ്യമേറിയ സീസണാണിത്. കഴിഞ്ഞ തവണ മൂന്ന് മാസമായിരുന്നു സ്പോർട്സ് വേൾഡ്.

എങ്ങനെ ബുക്ക് ചെയ്യാം

20 ദിർഹം മുതൽ നൽകി മുൻകൂട്ടി ബുക്ക് ചെയ്ത് പൊതുജനങ്ങൾക്ക് ഗ്രൗണ്ടുകൾ ഉപയോഗിക്കാം. മണിക്കൂറിനാണ് നിരക്ക്. dubaisportsworld.ae എന്ന വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. കളിക്കാൻ ഉദ്ദേശിക്കുന്ന മത്സരങ്ങൾ ഇവിടെ തെരഞ്ഞെടുക്കാം. ഓരോ മത്സരത്തിന്‍റെയും നിരക്കുകൾ ഇവിടെ കാണാം. ചില ദിവസങ്ങളും സമയവും അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാവും. ഒറ്റക്കായോ സംഘമായോ സ്ഥാപനങ്ങളുടെ പേരിലോ രജിസ്റ്റർ ചെയ്യാം. സ്ഥാപനങ്ങൾക്ക് ടൂർണമെന്‍റ് നടത്താനുള്ള സൗകര്യമാണ് ഇത് വഴിയുണ്ടാകുന്നത്.

Tags:    
News Summary - Only ten days left for the Dubai Sports World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.