എം. ശ്രീശങ്കർ (പുരുഷ ലോങ് ജംപ്), ആൻസി സോജൻ (വനിത ലോങ് ജംപ്), ജിൻസൺ ജോൺസൺ (പുരുഷ 1500 മീറ്റർ)
ഭുവനേശ്വർ: അഞ്ചു നാളായി കലിംഗ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടന്ന 62ാമത് ദേശീയ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി. അവസാന നാളിൽ മൂന്നു വീതം സ്വർണവും വെങ്കലവും ഒരു വെള്ളിയും നേടി കേരളം. പുരുഷ, വനിത ലോങ്ജംപിൽ ഒന്നാം സ്ഥാനക്കാരായ എം. ശ്രീശങ്കറും ആൻസി സോജനും പ്രാഥമിക റൗണ്ടിൽത്തന്നെ ഏഷ്യൻ ഗെയിംസ് യോഗ്യത കൈവരിച്ചിരുന്നു.
കേരളത്തിന്റെ ഇന്നലത്തെ മൂന്നാം സ്വർണജേതാവായ 1500 മീറ്റർ ഓട്ടക്കാരൻ ജിൻസൺ ജോൺസണും ഏഷ്യാഡ് ടിക്കറ്റെടുത്തു. പുരുഷന്മാരുടെ 4x400 മീറ്ററിൽ കേരളം വെള്ളി നേടി. പുരുഷ, വനിത 400 മീറ്റർ ഹർഡ്ൽസിൽ യഥാക്രമം എം.പി. ജാബിറും ആർ. അനുവും പുരുഷ പോൾവാൾട്ടിൽ സിദ്ധാർഥും വനിത 200 മീറ്റർ ഓട്ടത്തിൽ പി.ഡി. അഞ്ജലിയും വെങ്കലവും സ്വന്തമാക്കി. മെഡൽപ്പട്ടികയിൽ ഒന്നാമതെത്തി തമിഴ്നാട് ഓവറോൾ ചാമ്പ്യന്മാരായപ്പോൾ ഉത്തർപ്രദേശ് രണ്ടും കേരളം മൂന്നും സ്ഥാനങ്ങൾ നേടി.
എം.പി ജാബിർ (പുരുഷ 400 മീറ്റർ ഹർഡ്ൽസ്), ആർ. അനു (വനിത 400 മീറ്റർ ഹർഡ്ൽസ്), പി.ഡി അഞ്ജലി (വനിത 200 മീറ്റർ)
പ്രതീക്ഷ തെറ്റിക്കാതെ ശ്രീശങ്കറും ആൻസിയും
ലോങ്ജംപ് പ്രാഥമിക റൗണ്ടിൽ 8.41 മീറ്റർ ചാടി കരിയർ ബെസ്റ്റ് പ്രകടനവുമായി ലോക ചാമ്പ്യൻഷിപ് ടിക്കറ്റും മീറ്റ് റെക്കോഡും കൈക്കലാക്കിയ ശ്രീശങ്കർ, ഫൈനലിൽ 8.29 മീറ്റർ കുറിച്ചാണ് സ്വർണം നേടിയത്. പ്രധാന എതിരാളിയും ദേശീയ റെക്കോഡുകാരനുമായ തമിഴ്നാടിന്റെ ജെസ്വിൻ ആൽഡ്രിൻ (7.98) വെള്ളിയും ഏഷ്യൻ ഗെയിംസ് യോഗ്യതയും സ്വന്തമാക്കി.
തമിഴ്നാടിന്റെ പി. ഡേവിഡിനു (7.94) പിന്നിൽ നാലാമനായി കേരളത്തിന്റെ മുഹമ്മദ് അനീസ് (7.91). ഏഷ്യൻ ഗെയിംസിലേക്കുള്ള ദൂരം 7.95 മീറ്ററാണ്. വനിതകളിൽ പ്രാഥമിക റൗണ്ടിൽത്തന്നെ 6.49 മീറ്റർ ചാടി ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയ ആൻസി സോജൻ, ഫൈനലിൽ പ്രകടനം 6.51 ആക്കി മെച്ചപ്പെടുത്തിയാണ് സ്വർണം കൈപ്പിടിയിലൊതുക്കിയത്.
ഉത്തർപ്രദേശിന്റെ ശൈലി സിങ് 6.49 മീറ്ററിൽ വെള്ളിയും ഏഷ്യാഡ് യോഗ്യതയും കൈക്കലാക്കി. ആന്ധ്രപ്രദേശിന്റെ ഭവാനി യാദവ് ഭഗവതി (6.44) മൂന്നാമതെത്തിയപ്പോൾ കേരളത്തിന്റെ മറ്റൊരു മെഡൽപ്രതീക്ഷയായിരുന്ന നയന ജെയിംസ് (6.41) നാലാം സ്ഥാനത്തായി.
1500 മീറ്ററിൽ ജിൻസണടക്കം ആദ്യ 11 സ്ഥാനക്കാരും ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്കായ 3:47.84 മിനിറ്റിനേക്കാൾ മികച്ച സമയത്ത് ഫിനിഷ് ചെയ്തു. 3:42.77 മിനിറ്റിലാണ് ജിൻസണിന്റെ സ്വർണനേട്ടം. പുരുഷന്മാരുടെ 4x400 മീ. റിലേയിൽ തമിഴ്നാടിന് (3:06.75 മിനിറ്റ്) പിന്നിൽ രണ്ടാമതെത്തിയ കേരളവും (3:06.87) നിലവിലെ മീറ്റ് റെക്കോഡ് മറികടന്നു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, ജെ. റിജോയ്, രാഹുൽ ബേബി എന്നിവരാണ് വെള്ളി മെഡൽ ടീമിലുണ്ടായിരുന്നത്.
തമിഴ്നാട് തന്നെ പൊന്നണിഞ്ഞ വനിത റിലേയിൽ കേരളം നാലാമതായി. വനിതകളുടെ 200 മീറ്ററിൽ ഒഡിഷയുടെ ശ്രബാനി നന്ദക്കും (23.77 സെക്കൻഡ്) യു.പിയുടെ പ്രാചിക്കും (24.12) പിറകിൽ ഫിനിഷ് ചെയ്താണ് പി.ഡി. അഞ്ജലി (24.25) വെങ്കലം നേടിയത്. പുരുഷന്മാരിൽ ഉത്തർപ്രദേശിന്റെ അംലാൻ ബൊർഗോഹെയ്ന് (20.71) സ്വർണവും ഏഷ്യൻ ഗെയിംസ് യോഗ്യതയും ലഭിച്ചു. ഈ ഇനത്തിലെ ഫൈനലിൽ കേരള സാന്നിധ്യമില്ലായിരുന്നു.
പുരുഷ പോൾവാൾട്ടിൽ തമിഴ്നാടിന്റെ എസ്. ശിവ 5.11 മീറ്റർ ചാടി മീറ്റ് റെക്കോഡിട്ടു. 4.80 മീറ്ററിലാണ് കേരളത്തിന്റെ സിദ്ധാർഥ് വെങ്കലജേതാവായത്. 400 മീറ്റർ ഹർഡ്ൽസ് പുരുഷ വിഭാഗത്തിൽ യഥാക്രമം സ്വർണവും വെള്ളിയും നേടിയ കർണാടകയുടെ പി. യശസ്സും തമിഴ്നാടിന്റെ ടി. സന്തോഷ് കുമാറും ഏഷ്യൻ ഗെയിംസ് യോഗ്യത നേടി. നിലവിലെ മീറ്റ് റെക്കോഡിനും മുകളിലായിരുന്നു ഇവരുടെ പ്രകടനം.
കേരളത്തിന്റെ ഒളിമ്പ്യൻ എം.പി. ജാബിർ മൂന്നാം സ്ഥാനത്തായി. സമാനമായിരുന്നു വനിതകളിലെയും സ്ഥിതി. ഒന്നും രണ്ടും സ്ഥാനക്കാരായ തമിഴ്നാടിന്റെ വിദ്യ രാംരാജും കർണാടകയുടെ സിഞ്ചൽ കവേരമ്മയും മീറ്റ് റെക്കോഡ് കടന്ന് ഏഷ്യൻ ഗെയിംസ് ടിക്കറ്റെടുത്തു. കേരളത്തിന്റെ ആർ. അനു വെങ്കലത്തിൽ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.