കണ്ണൂർ: ‘കൂടുതൽ മനോഹരമാക്കുക’. തഹ്സിന്റെ പേരുപോലെത്തന്നെയാണ് കളിയിലെ ആവേശവും. പാരമ്പര്യമായി പകർന്നുകിട്ടിയ കഴിവിനെ കൂടുതൽ മനോഹരമാക്കുകയായിരുന്നു തഹ്സിൻ മുഹമ്മദ്. ഇന്നത് ഫിഫ ലോകകപ്പ് കളിക്കളത്തിൽ ഖത്തറിനെ പ്രതിനിധാനം ചെയ്യാനുള്ള ഊർജമായി മാറി. മുമ്പൊരു കാലം സ്പിരിറ്റഡ് യൂത്ത്സിന്റെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കേരള പൊലീസിനെതിരെ ടൂർണമെന്റ് നടന്നപ്പോൾ തെക്കുഭാഗത്തുള്ള പോസ്റ്റിലേക്കൊരു സൂപ്പർ ഗോളുണ്ടായിരുന്നു. ഇടങ്കാലിൽ നേടിയ ആ സൂപ്പർഗോളിൽ കാണികൾ ഒന്നടങ്കം കൈയടിച്ചിരുന്നു, തഹ്സിന്റെ പിതാവ് ജംഷിദിന്റെ ഇടങ്കാൽ ഗോൾ ഇന്നും കണ്ണൂരിലെ ഫുട്ബാൾപ്രേമികൾ അയവിറക്കുന്ന സൂപ്പർ ഗോളാണ്.
തഹ്സിന്റെ ഉപ്പൂപ്പ യൂസുഫിൽനിന്ന് കിട്ടിയ കളിയാവേശം കാലിലാവാഹിച്ച ജംഷിദ് അത് മകനിലൂടെ നാടിന്റെ അഭിമാനത്തിലേക്കുയർത്തുകയായിരുന്നു. തലശ്ശേരിയാണ് ജംഷിദ് ജനിച്ചിരുന്നതെങ്കിലും തന്റെ പഠനകാലം മാതൃസഹോദരിയുടെ കണ്ണൂർ താണയിലെ വീട്ടിലായിരുന്നു ചെലവിട്ടത്. അന്ന് കണ്ടുവളർന്നത് ഫുട്ബാൾ പ്രേമികളെയാണ്. പിന്നീട് ആ കളിയിലെ കാലിണക്കം എസ്.എൻ കോളജിന്റെ മുൻനിര കളിക്കാരനായി മാറാൻ പ്രാപ്തനാക്കി. നല്ല സ്ട്രൈക്കറായിരുന്ന തഹ്സിന്റെ പിതാവ് എസ്.എൻ കോളജ് മുഖേന കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കുവേണ്ടി കളിച്ചു. അശുതോഷ് മുഖർജി ട്രോഫി ദക്ഷിണേന്ത്യ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ് നേടിയപ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റാർ പ്ലെയറായിരുന്നു പിതാവ് ജംഷിദ്. ജോപോൾ അഞ്ചേരിയുടെ കൂടെ ജൂനിയർ കേരളയിലും ജൂനിയർ ഇന്ത്യൻ ക്യാമ്പിലുമുണ്ടായിരുന്നു. ഉസ്മാൻ കോയയും വിക്ടർ മുനീറുമെല്ലാം പഠിപ്പിച്ച പാഠങ്ങൾ വിട്ടുപോകാതെ മകനെ പഠിപ്പിക്കുകയായിരുന്നു ആ പിതാവ്.
ഖത്തറിൽ ജോലിചെയ്തിരുന്ന ജംഷിദ് വെള്ളിയാഴ്ചകളിലും മറ്റ് അവധിദിനങ്ങളിലും തന്റെ രണ്ടു മക്കളെയും കൂട്ടി കളിക്കാൻ പോകും. രണ്ടാമത്തെ മകനാണ് തഹ്സിൻ. അവന് പ്രചോദനം നൽകിയത് പിതാവാണെന്ന് സുഹൃത്തുക്കൾക്ക് നന്നായറിയാം. മകന്റെ ഭക്ഷണക്കാര്യത്തിലടക്കം നിരന്തരം ശ്രദ്ധപുലർത്തിയിരുന്ന പിതാവിന് ഇന്ന് മകൻ ഖത്തറിനുവേണ്ടി കളിക്കുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ട്.
രണ്ടുമൂന്ന് മാസം മുമ്പ് ശ്രീലങ്ക, സിംഗപ്പൂർ, ഗോവ, ബംഗളൂരു, കണ്ണൂർ എന്നീ അഞ്ചു ടീമുകൾ പങ്കെടുത്ത വെറ്ററൻസ് ടൂർണമെന്റുണ്ടായിരുന്നു കണ്ണൂർ സ്റ്റേഡിയത്തിൽ. അന്ന് വളരെ താൽപര്യപൂർവം ഖത്തറിൽനിന്ന് കളിക്കാനായി മാത്രം ജംഷിദ് വന്നുപോയിരുന്നു. അത്രമാത്രം ഫുട്ബാളിനെ മനസ്സിൽ കൊണ്ടുനടക്കുന്ന പിതാവാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കുവേണ്ടി കളിച്ചപ്പോൾ ഓൾ ഇന്ത്യ ചാമ്പ്യൻഷിപ് നേടിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി അംഗമായിരുന്നു ടി.പി.സി.കെ ഇനീഷ്യൽ കൂടെ കൊണ്ടുനടക്കുന്ന ജംഷിദ്. തലശ്ശേരിയിലെ പ്രമുഖ കുടുംബമാണിത്. ഒഡിഷയിലും മേഘാലയ ജൂനിയർ ഇന്ത്യൻ ക്യാമ്പിലുമുണ്ടായിരുന്ന ജംഷിദ് യൂത്ത് കേരള പോണ്ടിച്ചേരിക്കുവേണ്ടിയും കളിച്ചിരുന്നു.
തഹ്സിന്റെ പതിനൊന്നാം വയസ്സിൽ ഖത്തറിലെ ബെക്കാം മെന്ററായിട്ടുള്ള ഒരു അക്കാദമിയിൽ മോനെ കൈപിടിച്ചു ചേർത്തത് ജംഷിദെന്ന പിതാവിന് ഫുട്ബാളിനോടും തന്റെ മകനോടുമുള്ള സ്നേഹത്തിന്റെ അടയാളമായിരുന്നു. 54കാരനായ ജംഷിദും ഭാര്യയും തഹ്സിന്റെ 14ാം തീയതി പുലർച്ച 12.30നുള്ള സ്വിറ്റ്സർലൻഡിനെതിരെ ഖത്തർ പോരാടുന്ന കളി കാണാനുള്ള ആവേശത്തിലാണ്. ആ സ്വപ്നദിനത്തിന്റെ പതിനാലാം രാവിനായി അവർ മിഴി തുറന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.