തിരുവനന്തപുരം: കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെതിരെ കേരള ഒളിമ്പിക്സ് അസോസിയേഷന് (കെ.ഒ.എ) ഭാരവാഹികള്‍ മാധ്യമ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി. കായികരംഗത്തെ അനഭലഷണീയമായ പല പ്രവണതകളും അവസാനിപ്പിക്കാന്‍ സ്പോർട്സ് കൗണ്‍സില്‍ ശ്രമം ആരംഭിച്ചപ്പോഴാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഉത്തരാഖണ്ഡില്‍ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിനായി ഏറ്റവും നല്ല നിലയിലാണ് കേരള ടീമിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. പരിശീലനത്തിനും കായികോപകരണങ്ങള്‍ക്കും മറ്റുമായി 4.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരിശീലന ക്യാമ്പുകള്‍ക്കായി അതത് അസോസിയേഷനുകള്‍ക്ക് 35.31 ലക്ഷം രൂപ നല്‍കിക്കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി കായികതാരങ്ങളെ വിമാനത്തില്‍ മത്സരവേദിയില്‍ എത്തിക്കുകയാണ്. ദേശീയ ഗെയിംസിന് ടീമിനെ ഒരുക്കാന്‍ കെ.ഒ.എ എന്തെങ്കിലും സാമ്പത്തിക ഉത്തരവാദിത്തമോ പരിശീലന പരിപാടികളോ നിര്‍വഹിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ പ്രവേശനത്തിനും വേണ്ടി അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ചിലത് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്പോർട്സ് കൗണ്‍സിൽ മുദ്രയുള്ള ഇ-സര്‍ട്ടിഫിക്കറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ഹോക്കി അസോസിയേഷനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതിനെതിരെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നിർദേശിച്ചത്. ബജറ്റില്‍ ഓരോ വര്‍ഷവും 10 ലക്ഷം രൂപ ലഭിക്കുന്ന അസോസിയേഷനാണിത്. ദേശീയ ഗെയിംസിന്റെ യോഗ്യതക്ക് അടുത്തുപോലും എത്താന്‍ ഹോക്കിക്ക് കഴിഞ്ഞില്ല’- ഷറഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.