ഖേലോ ഇന്ത്യ യൂനിവേഴ്‌സിറ്റി ഗെയിംസ് ഫുട്‌ബാള്‍ കിരീടം നേടിയ കാലിക്കറ്റ് സര്‍വകലാശാല ടീം
തേഞ്ഞിപ്പലം: ഖേലോ ഇന്ത്യ യൂനിവേഴ്‌സിറ്റി ഗെയിംസ് ഫുട്‌ബാള്‍ കിരീടം സ്വന്തമാക്കി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന മത്സരത്തില്‍ ആവേശകരമായ ഷൂട്ടൗട്ടില്‍ ജി.എന്‍.ഡി.യു അമൃത്സറിനെ 5-4ന് തോൽപിച്ചാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്.
ഇരു പാതികളിലും ആരും ഗോളടിക്കാതെ സമനിലയിലായപ്പോഴാണ് കളി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ജി.എന്‍.ഡി.യുവിന്റെ അഞ്ചാമത്തെ പെനാല്‍റ്റി കിക്ക് കാലിക്കറ്റ് ഗോള്‍കീപ്പര്‍ ലിയാഖത്ത് അലി ഖാന്‍ തടഞ്ഞിടുകയും തൊട്ടുപിറകെ ഹര്‍ഷല്‍ റഹ്‌മാന്‍ കാലിക്കറ്റിനായി വലകുലുക്കുകയും ചെയ്തതോടെയാണ് വിജയനിമിഷം പിറന്നത്. ഖേലോ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ സ്വര്‍ണംകൂടിയാണിത്.
ക്യാപ്റ്റന്‍ നന്ദുകൃഷ്ണ, ആഷിഫ്, സന്തോഷ്, നജീബ് എന്നിവരും കാലിക്കറ്റിനായി ഗോള്‍ നേടി. ഇതോടെ മെഡല്‍ പട്ടികയില്‍ കാലിക്കറ്റ് 28ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റീസ് അഡീഷനല്‍ സെക്രട്ടറി ഡോ. മമ്ത റാണി അഗര്‍വാളില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാല കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്റെ നേതൃത്വത്തില്‍ ടീം ട്രോഫി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.