ഹൈജംപിൽ ആധിപത്യം സഹോദരങ്ങൾക്ക്... സഹോദരങ്ങളായ നൈനിക്ക് എച്ച് സബിൻ (സബ് ജൂനിയർ ഹൈജംപ് ഒന്നാം സ്ഥാനം), നൈനവ് എച്ച് സബിൻ (സബ് ജൂനിയർ ഹൈജംപ് മൂന്നാം സ്ഥാനം), നിമൈയിൻ കൃഷ്ണ എച്ച്.എസ് (ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനം) എന്നിവർ അച്ഛൻ സബിൻ രാജിനൊപ്പം ട്രാക്കിൽ
ഒരു വീട്ടിൽനിന്ന് മൂന്ന് ‘ഉയരച്ചാട്ട’ക്കാർ
കോഴിക്കോട്: ഇത്തവണത്തെ ജില്ല സ്കൂൾ കായികമേളയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുകയാണ് മണിയൂർ ഗവ. എച്ച്.എസ്.എസിൽ നിന്ന് എത്തിയ മൂന്നംഗ സഹോദരന്മാർ. നിമൈൻ കൃഷ്ണ, നൈനവ് എച്ച്. സബി, നൈനിക് എച്ച്. സബി എന്നിവരാണ് ഹൈ ജംപിൽ ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിൽ മികവ് തെളിയിച്ച സഹോദരങ്ങൾ. ഇതിൽ നൈനവും നൈനിക്കും ഇരട്ടകളാണ്. ജൂനിയർ വിഭാഗം മത്സരത്തിൽ നൈനിക് സ്വർണവും നൈനവ് മൂന്നാം സ്ഥാനവും നേടി. ഇരുവരും എട്ടാം ക്ലാസ് വിദ്യാർഥികളാണ്. പത്താം ക്ലാസ് വിദ്യാർഥിയായ നിമൈൻ രണ്ടാം സ്ഥാനം നേടി. വടകര പാലയാട് തിരുവനക്കുന്നുമ്മൽ സി.കെ സബിൻ രാജിന്റെയും എൻ. ഹണിയുടെയും മക്കളാണ് ഇവർ. സ്കൂൾ കാലത്ത് കായികരംഗത്തോട് ഏറെ ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും സബിൻരാജിന് സബ്ജില്ല തലംവരെയേ എത്താനായുള്ളൂ. വേണ്ടത്ര പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചിരുന്നെങ്കിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രതിഭ തനിക്കുണ്ടായിരുന്നെന്ന് സബിൻ പറയുന്നു. തനിക്ക് ലഭിക്കാതെപോയതൊക്കെ മക്കൾക്ക് നൽകി അവരെ കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യം.
അതേസമയം, കായിക മേഖലയോടുള്ള സർക്കാർ സ്കൂൾ അധികൃതരുടെ സമീപനം നിരാശജനകമാണെന്ന് സബിൻ പരാതിപ്പെടുന്നു. മണിയൂർ ഹൈ സ്കൂളിലെ ഹൈ ജംപ് ബെഡ് കീറിപ്പറിഞ്ഞിട്ട് കാലമേറെയായെങ്കിലും പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.