രണ്ട് ഏകദിനങ്ങളിലെങ്കിലും കളിപ്പിക്കാമായിരുന്നു; ന്യൂസിലൻഡിനെതിരെ ജെയ്‌സ്വാളിനെ തഴഞ്ഞത് അനീതിയെന്ന് അശ്വിൻ

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഉൾപ്പെടുത്താത്തതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സെലക്ടർമാരുടെ ഈ തീരുമാനം അങ്ങേയറ്റം നീതികേടാണെന്നും, ജയ്സ്വാളിനെ പോലൊരു അപൂർവ പ്രതിഭയുടെ ആത്മവിശ്വാസത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അശ്വിൻ വ്യക്തമാക്കി. ശുഭ്മൻ ഗിൽ കളിക്കാത്ത രണ്ട് മത്സരങ്ങളിലെങ്കിലും താരത്തിന് അവസരം നൽകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ശുഭ്മൻ ഗിൽ അവസാന മത്സരങ്ങൾ കളിക്കാത്തതിനാൽ, ജയ്സ്വാളിന് തീർച്ചയായും അവസരം നൽകണമായിരുന്നു. ജയ്സ്വാളിന്റെ ആത്മവിശ്വാസം തകർക്കുന്ന ഇത്തരം നടപടികൾ ദൗർഭാഗ്യകരമാണ്. രണ്ടോ മൂന്നോ വർഷം മുമ്പ് ബാറ്റ് ചെയ്ത രീതിയിലല്ല ഇപ്പോൾ അവൻ കളിക്കുന്നതെന്ന് അവന്റെ ബാറ്റിങ് കണ്ടാൽ മനസ്സിലാകും. അവനൊരു റൺ മെഷീനായിരുന്നു. ജയ്സ്വാളിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കിട്ടുന്ന അവസരങ്ങളിലെല്ലാം അവനെ കളിപ്പിക്കേണ്ട ഉത്തരവാദിത്തവും ടീം മാനേജ്മെന്റിനുണ്ട്. അവന് ആ അവസരങ്ങൾ നൽകാതിരിക്കുന്നത് അനീതിയാണ്,’’ അശ്വിൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ്, ഏകദിന ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. എന്നാൽ, ടെസ്റ്റ് ടീമിൽ ടീമിൽ ഉൾപ്പെട്ട ജയ്‌സ്വാളിന് ഏകദിന സ്‌ക്വാഡിൽ ഇടം പിടിക്കാൻ സാധിച്ചില്ല. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കുന്നില്ല. അതിനാൽ തന്നെ അവസാന രണ്ട് ഏകദിനങ്ങൾക്ക് ശ്രേയസ് അയ്യരുടെ കീഴിൽ മറ്റൊരു ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, ഇതിലും ജയ്‌സ്വാളിനെ ഉൾപ്പെടുത്താത്തതാണ് അശ്വിനെ ചൊടിപ്പിച്ചത്.

രോഹിത് ശർമ്മ ഏകദിന ലോകകപ്പിന് ശേഷം വിരമിച്ചാൽ മാത്രമേ ജയ്‌സ്വാളിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കാൻ സാധ്യതയുള്ളൂയെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. നിലവിലെ ഫോമിനാണ് സെലക്ടർമാർ മുൻഗണന നൽകുന്നതെങ്കിൽ 15കാരനായ വൈഭവ് സൂര്യവംശിയെപ്പോലുള്ള കൗമാരതാരങ്ങൾ വരെ ജയ്‌സ്വാളിനെ മറികടന്ന് ടീമിലേക്ക് എത്തിയേക്കാം. 2024 ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ റിസർവ് ഓപ്പണറായിരുന്നിട്ടും ജയ്‌സ്വാളിന് പിന്നീട് അവസരങ്ങൾ ലഭിച്ചില്ലെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Ashwin questions Jaiswal's ODI snub for NZ tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.