കുവൈത്ത് ഫുട്സാൽ ടീം
കുവൈത്ത് സിറ്റി: കുഞ്ഞുകളത്തിലെ 'കുട്ടി ഫുട്ബാൾ' മത്സരമായ ഫുട്സാൽ ആരവത്തിലേക്ക് കുവൈത്ത്. ജനുവരിയിൽ ഇന്തോനേഷ്യയിലെ ക്വാലലംപൂരിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്സാൽ ഗ്രൂപ്പ്- എ യോഗ്യതാ മത്സരങ്ങൾക്ക് ശനിയാഴ്ച കുവൈത്തിൽ തുടക്കമാകും.
കുവൈത്ത്, ആസ്ട്രേലിയ, മംഗോളിയ, ഇന്ത്യ എന്നിവയാണ് ഗ്രൂപ്പ്-എയിൽ ഉള്ളത്. സെപ്റ്റംബർ 20 മുതൽ 24 വരെ നടക്കുന്ന മത്സരങ്ങളിൽ നാലു ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടും.ഗ്രൂപ്പിൽ കരുത്തരും ഫിഫ ഫുട്സാൽ റാങ്കിങ്ങിൽ 40ാം സ്ഥാനത്തുമുള്ള കുവൈത്ത് മികച്ച പ്രകടനത്തോടെ ഏഷ്യൻ കപ്പിന് യോഗ്യത നേടുമെന്നാണ് പ്രതീക്ഷ പുലർത്തുന്നത്. സ്വന്തം ഗ്രൗണ്ടിൽ മത്സരം നടക്കുന്നതിന്റെ ആനുകൂല്യവും കുവൈത്തിനുണ്ടാകും. ലോക റാങ്കിംഗിൽ 135ാം സ്ഥാനത്താണ് ഇന്ത്യ. കുവൈറ്റ് (40-ആം റാങ്ക്), ആസ്ട്രേലിയ -52, മംഗോളിയ- 112, എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ റാങ്കിങ്. ഇത് കുവൈത്തിന് കാര്യങ്ങൾ എളുപ്പമാക്കും. അതേസമയം ശക്തരായ എതിരാളികളെയാണ് ഇന്ത്യ നേരിടേണ്ടി വരിക.
ആദ്യ മത്സരത്തിൽ ശനിയാഴ്ച കുവൈത്ത് ഇന്ത്യയെ നേരിടും. ആസ്ട്രേലിയ -മംഗോളിയ മത്സരവും ഈ ദിവസം നടക്കും. തിങ്കളാഴ്ച ഇന്ത്യ-ആസ്ട്രേലിയ, കുവൈത്ത്-മംഗോളിയ മത്സരവും ബുധനാഴ്ച കുവൈത്ത്-ആസ്ട്രേലിയ, മംഗോളിയ-ഇന്ത്യ മത്സരവും നടക്കും. ഏഷ്യൻ കപ്പ് ഫുട്സാൽ യോഗ്യത മത്സരത്തിൽ 31 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ചാമ്പ്യന്മാരായ എട്ട് പേരും, മികച്ച ഏഴ് രണ്ടാം സ്ഥാനക്കാരും ആതിഥേയരായ ഇന്തോനേഷ്യയും ആകും ഫൈനൽ റൗണ്ടിൽ പോരിനിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.