സാവി അലൻസോ ലെവർകൂസൻ വിടുന്നു; റയലിലേക്ക്?

ബെർലിൻ: ബുണ്ടസ് ലിഗയിൽ വമ്പൻ അട്ടിമറിയുമായി കഴിഞ്ഞ സീസണിൽ ബയേർ ലെവർകൂസനെ ചാമ്പ്യന്മാരാക്കിയ കോച്ച് സാവി അലൻസോ ക്ലബ് വിടുന്നു. സീസൺ അവസാനത്തോടെ താൻ കൂടുമാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്നുവർഷം ക്ലബിൽ തുടർന്ന അലൻസോ തുടർച്ചയായി കിരീടം സൂക്ഷിച്ച ബയേൺ മ്യൂണിക്കിനെ കടന്നാണ് കഴിഞ്ഞ സീസണിൽ ബയേറിനെ ചാമ്പ്യന്മാരാക്കിയത്. ഇത്തവണയും മികച്ച ഫോം തുടർന്ന ടീം പക്ഷേ, കിരീടം നിലനിർത്തില്ലെന്നുറപ്പായി. ബുണ്ടസ് ലിഗ പട്ടികയിൽ ബയേർ രണ്ടാമതാണ്. രണ്ടു കളികൾകൂടി പൂർത്തിയാക്കിയാകും ക്ലബ് വിടുക.

കാർലോ അഞ്ചലോട്ടി റയൽ വിട്ട് ബ്രസീൽ പരിശീലക പദവി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ അലൻസോ പകരക്കാരനായെത്തുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് അലൻസോയും ക്ലബും പ്രതികരിച്ചിട്ടില്ലെങ്കിലും പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി റിപ്പോർട്ടുകൾ പറയുന്നു. റയൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽനിന്ന് നേരത്തേ പുറത്തായതിനൊപ്പം കോപ ഡെൽ റെ ഫൈനലിലും പരാജയപ്പെട്ടിരുന്നു.

ലാ ലിഗ കിരീടപ്പോരിൽ ഒപ്പമുണ്ടെങ്കിലും ബാഴ്സലോണക്കാണ് മുൻതൂക്കം. ഞായറാഴ്ച എൽക്ലാസിക്കോ ജയിച്ചാൽ റയലിന്റെ സാധ്യതകൾക്ക് ജീവൻവെക്കും. 2022 ഒക്ടോബറിൽ ലെവർകൂസനൊപ്പം ചേർന്ന അലൻസോ ടീമിനെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് കരകയറ്റിയാണ് ചാമ്പ്യന്മാരാക്കി വളർത്തിയത്. 2024 സീസണിൽ ടീം അപരാജിത കുതിപ്പുമായാണ് കിരീട ഡബ്ൾ നേടിയത്. ഈ സീസണിൽ ബുണ്ടസ് ലിഗ രണ്ടാമന്മാരായ ബയേർ ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് പ്രീക്വാർട്ടറിൽ തോൽവി സമ്മതിച്ചു.

Tags:    
News Summary - Xabi Alonso to leave Bayer Leverkusen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.