ലിവർപൂൾ താരങ്ങൾ പരിശീലനത്തിൽ
ലണ്ടൻ/മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ രണ്ടാംപാദം ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കും. ഇന്ന് ഇന്ത്യൻ സമയം അർധരാത്രി ലിവർപൂളിനെ പാരിസ് സെന്റ് ജെർമെയ്നും അത്‍ലറ്റികോ മഡ്രിഡിനെ ബാഴ്സലോണയും നേരിടും. യഥാക്രമം ലിവർപൂൾ തട്ടകമായ ആൻഫീൽഡിലും അത്‍ലറ്റികോയുടെ മഡ്രിഡിലെ റിയാദ് എയർ മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ. ആദ്യ കളികളിൽ തോറ്റ ചെമ്പടക്കും ബാഴ്സക്കും സെമിഫൈനലിൽ കടക്കാൻ വലിയ മാർജിനിൽ ജയം അനിവാര്യമാണ്. നാളെ ബയേൺ മ്യൂണിക്-റയൽ മഡ്രിഡ്, ആഴ്സനൽ-സ്പോർട്ടിങ് സി.പി രണ്ടാംപാദവും അരങ്ങേറും.
രണ്ട് ഗോളിന്റെ കടവുമായാണ് നിലവിലെ ചാമ്പ്യന്മാർക്കെതിരെ ലിവർപൂൾ ഇറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കൈവിട്ട ആർനെ സ്ലോട്ടും സംഘവും അവിടെ അടുത്ത ചാമ്പ്യൻസ് ലീഗ് ബെർത്തിനായുള്ള പോരാട്ടത്തിലാണ്. പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം ഇവർ ഫുൾഹാമിനെ തോൽപിച്ചിരുന്നു. പല പ്രധാനികളും പരിക്കേറ്റ് പുറത്തിരിക്കുന്നതും ചുവപ്പ് കുപ്പായക്കാരുടെ ആശങ്കയേറ്റുന്നു. ലിവർപൂൾ ജഴ്സിയൂരാനൊരുങ്ങുന്ന ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹും കൗമാരക്കാരൻ റിയോ എൻഗുമോഹയും ഫുൾഹാമിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തത് പ്രതീക്ഷയേറ്റുന്നു. എന്നാൽ, പാരിസിൽ വ്യക്തമായ മുൻതൂക്കം പിടിച്ച പി.എസ്.ജിയെ സംബന്ധിച്ച് ആശങ്കകൾ തെല്ലുമില്ല.
ബാഴ്സയാവട്ടെ നൂകാമ്പിലെ സ്വന്തം കാണികൾക്ക് മുന്നിൽ അത്‍ലറ്റികോയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ്. ഈ കളിയുടെ ആദ്യ പകുതി തീരാനിരിക്കെ ഡിഫൻഡർ പൗ കുബാർസി ചുവപ്പ് കാർഡ് കണ്ട് തിരിച്ചുകയറിയത് തിരിച്ചടിയാവുകയായിരുന്നു. സസ്പെൻഷനിലായ കുബാർസി ഇന്ന് ഇറങ്ങില്ല. സ്ട്രൈക്കർ റഫിഞ്ഞ, ഡിഫൻഡർ ആൻഡ്രിയാസ് ക്രിസ്റ്റൻസൻ തുടങ്ങിയവർ പരിക്കേറ്റും പുറത്തായത് തിരിച്ചടിയാണ്. എങ്കിലും, സ്പാനിഷ് ലാലിഗ കിരീടത്തിലേക്ക് നീങ്ങുന്ന കറ്റാലൻസ് റോബർട്ടോ ലെവൻഡോവ്സ്കി, ലമീൻ യമാൽ, മാർകസ് റാഷ്ഫോർഡ് ഉൾപ്പെടെയുള്ളവരുടെ കാലുകളിലേക്ക് ഉറ്റുനോക്കുകയാണ്. അത്‍ലറ്റികോയെ സംബന്ധിച്ച് എവേ മത്സരത്തിൽ ലഭിച്ച രണ്ട് ഗോൾ ലീഡ് ഹോം മാച്ചിൽ വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഹൂലിയൻ അൽവാരസടക്കമുള്ള കരുത്തർ ആദ്യ ഇലവനിലുണ്ടാവും. റയൽ മഡ്രിഡിനെതിരെ 2-1ന്റെ മുൻതൂക്കത്തിലാണ് മ്യൂണിക്കിലെ അലയൻസ് അറീനയിൽ ബയേൺ ഇറങ്ങുക. സ്പോർട്ടിങ്ങിനെതിരായ ഹോം മാച്ചിൽ ആഴ്സനലിന് ഒറ്റ ഗോളിന്റെ മേധാവിത്വമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.