ചൈന ഖത്തറിന് സമ്മാനിക്കുന്ന പാണ്ടകൾ
ദോഹ: ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, ഖത്തറിന്റെ മണ്ണിലേക്കുള്ള പുതുപുത്തൻ അതിഥികൾക്ക് ചൈന ഊഷ്മള യാത്രയയപ്പ് നൽകി. അൽഖോർ പാർക്കിൽ വി.ഐ.പി താമസമൊരുക്കുന്ന അതിഥികൾ ഇന്ന് ഖത്തറിലെത്തും. ലോകകപ്പിന് ചൈനക്കാരുടെ സമ്മാനമെന്നനിലയിൽ നൽകുന്ന രണ്ട് ഭീമൻ പാണ്ടകളാണ് ചൊവ്വാഴ്ച ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ബിഫൻസിയ പാണ്ട ബേസിൽനിന്ന് പുറപ്പെട്ടത്. സുഹൈൽ, തുറായ എന്നിങ്ങനെ വിളിച്ച ഇരുവരും ബുധനാഴ്ച ഖത്തറിലെത്തുമെന്ന് ചൈനീസ് അംബാസഡർ ഴു ജിയാൻ ട്വീറ്റ് ചെയ്തു.
പാണ്ടകളെ ചൈനയിലെ ബിഫൻസിയ പാണ്ട ബേസിൽനിന്ന് യാത്രയയക്കുന്നു
ഇതാദ്യമായാണ് ചൈനയിലെ പ്രശസ്തമായ പാണ്ട ബേസിൽനിന്ന് മധ്യപൂർവേഷ്യൻ രാജ്യത്തേക്ക് പാണ്ടയെ കൈമാറുന്നത്. ജീവനക്കാരുടെ പരിപാലകരെല്ലാം ചേർന്ന് വലിയ ആഘോഷത്തോടെയാണ് ഖത്തറിന് സമ്മാനിക്കുന്ന പുതിയ അതിഥികളെ യാത്രയാക്കിയത്. സിഹായ് എന്നായിരുന്നു തുറായയുടെ ആദ്യ പേര്. ഷെൻഷുപിങ്ങിൽ 2018 സെപ്റ്റംബർ 19നായിരുന്നു ഈ ഭീമൻപാണ്ടയുടെ ജനനം. ജിങ് ജിങ് എന്ന വിളിപ്പേരുകാരനാണ് തിളക്കമേറിയ നക്ഷത്തിന്റെ പേരായ സുഹൈൽ എന്ന പേര് നൽകിയത്.
അൽ ഖോർ പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ ആവാസകേന്ദ്രത്തിലേക്കാണ് പാണ്ടകളെ കൊണ്ടുവരുന്നത്. ഇവരുടെ താമസവും മറ്റും പരിശോധിക്കുന്നതിനായി ചൈനയിൽനിന്നുള്ള വിദഗ്ധസംഘവും എത്തിയിട്ടുണ്ട്. ലോകകപ്പിനായി 140 കോടി വരുന്ന ചൈനക്കാരുടെ സമ്മാനമാണ് രണ്ട് പാണ്ടകളെന്ന് അംബാസഡർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.