സൂപ്പർ താരം മുഹമ്മദ് സലാഹും ബ്രസീലിയൻ താരം റോബർട്ടോ ഫിർമിഞ്ഞോയും നിറഞ്ഞാടിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം. റേഞ്ചേഴ്സിനെ ഒന്നിനെതിരെ ഏഴ് ഗോളിനാണ് യുർഗൻ ക്ലോപ്പിന്റെ സംഘം തകർത്തുവിട്ടത്.
ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ അതിവേഗ ഹാട്രിക്കാണ് സലാഹ് കുറിച്ചത്. ആറ് മിനിറ്റും 12 സെക്കൻഡും ആയപ്പോഴേക്കും റേഞ്ചേഴ്സിന്റെ വലയിൽ മൂന്ന് ഗോളുകൾ താരം അടിച്ചുകൂട്ടിയിരുന്നു. സ്കോട്ട് ആർഫീൽഡിലൂടെ 17ാം മിനിറ്റിൽ ലീഡ് നേടിയ റേഞ്ചേഴ്സിനെ പിന്നെ കാത്തിരുന്നത് ഗോൾ മേളമായിരുന്നു. ഫിർമീഞ്ഞോയാണ് റെഡ്സിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. 24, 55 മിനിറ്റുകളിൽ താരം എതിർവല കുലുക്കി. ഡാർവിൻ നൂനസ് 66ാം മിനിറ്റിലും ലക്ഷ്യം കണ്ടു. തുടർന്നായിരുന്നു സലാഹിന്റെ സംഹാരം. 75, 80, 81 മിനിറ്റുകളിൽ ഈജിപ്തുകാരൻ ഹാട്രിക് കുറിച്ചു. 87ാം മിനിറ്റിൽ ഹാർവി എലിയട്ട് കൂടി ലക്ഷ്യം കണ്ടതോടെ ഗോൾ പട്ടിക പൂർത്തിയായി.
വിജയത്തോടെ നാല് കളികളിൽ ഒമ്പത് പോയന്റോടെ ലിവർപൂൾ രണ്ടാം സ്ഥാനത്താണ്. 12 പോയന്റുമായി നാപോളിയാണ് ഒന്നാമത്. അയാക്സ് മൂന്ന് പോയന്റോടെ മൂന്നാമതുണ്ട്. റേഞ്ചേഴ്സിന് ഇതുവരെ പോയന്റൊന്നും നേടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.