റയൽ മഡ്രിഡിന് ലാ ലിഗ കിരീടം; ലീഗ് ചാമ്പ്യന്മാരാകുന്നത് 36ാം തവണ

മഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം റയൽ മഡ്രിഡിന്. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയോട് ബാഴ്സലോണ പരാജയപ്പെട്ടതോടെയാണ് റയൽ തങ്ങളുടെ 36ാം കിരീടം ഉറപ്പിച്ചത്.

ലീഗിൽ നാലു മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും മറ്റു ടീമുകൾക്കൊന്നും റയലിനെ മറികടക്കാനാകില്ല. മറ്റൊരു മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് റയൽ പരാജയപ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതൽ ലാ ലിഗ ചാമ്പ്യന്മാരായതും റയൽ ആണ്. റയൽ പരിശീലകനായി കാർലോ ആഞ്ചലോട്ടിയുടെ രണ്ടാം ലാ ലിഗ കിരീട നേട്ടമാണിത്. 2021-22 സീസണിലാണ് ഇതിനു മുമ്പ് കിരീടം നേടിയത്. കിരീട നേട്ടത്തിൽ രണ്ടാമതുള്ള ബാഴ്സയേക്കാൾ ഒമ്പത് കിരീടങ്ങൾ അധികം നേടിയിട്ടുണ്ട് റയൽ. 27 തവണയാണ് ബാഴ്സ ചാമ്പ്യന്മാരായത്.

സീസണിൽ ഒരു മത്സരം മാത്രമാണ് റയൽ പരാജയം അറിഞ്ഞത്. ഇനിയുള്ള നാലു മത്സരങ്ങൾ കൂടി ജയിച്ചാൽ ടീമിന് 99 പോയന്‍റ് നേടാനാകും. അങ്ങനെയെങ്കിൽ ടീം ഒരു സീസണിൽ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പോയന്‍റാകും. ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്‍റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചത്. ക്ലബിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ 26 മത്സരങ്ങളിൽനിന്ന് 18 ഗോളുകളാണ് താരം നേടിയത്. റയലിനെ കിരീടത്തിലേക്ക് നയിച്ച ഇംഗ്ലീഷ് താരങ്ങളായ ലോറി കണ്ണിങ്ഹാം (1979-80), സ്റ്റീവ് മക്മനമാൻ (2000-01, 2002-03), ഡേവിഡ് ബെക്കാം (2006-07), കീരൺ ട്രിപ്പിയർ (2020-21) എന്നീ ഇതിഹാസ നിരയിലേക്കാണ് 20കാരനായ ബെല്ലിങ്ഹാമും എത്തിയത്.

സീസണിൽ ഡബ്ൾ കിരീട നേട്ടമാണ് റ‍യലിനെ കാത്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ ബുധനാഴ്ച ബയേൺ മ്യൂണിക്കുമായി റയൽ ഏറ്റുമുട്ടും. ഒന്നാംപാദത്തിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. റയൽ 14 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്.

കാഡിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. ബ്രഹീം ഡയസ് (51ാം മിനിറ്റിൽ), ബെല്ലിങ്ഹാം (68), ജോസേലു (90+3) എന്നിവരാണ് ഗോൾ നേടിയത്. നിർണായക മത്സരത്തിൽ ബാഴ്സയെ 4-2നാണ് ജിറോണ അവരുടെ ഹോംഗ്രൗണ്ടിൽ നിലംപരിശാക്കിയത്. ആദ്യപകുതിയിൽ 2-1ന് മുന്നിട്ടുനിന്ന സാവിയുടെ സംഘം, രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ വഴങ്ങി. ആർടെം ഡോവ്ബിക് (നാലാം മിനിറ്റ്), ക്രിസ്റ്റ്യൻ പോർട്ടു (65, 74 മിനിറ്റുകൾ), മിഗുവൽ ഗുട്ടറസ് (67) എന്നിവരാണ് ജിറോണക്കായി വലകുലുക്കിയത്. ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ (മൂന്നാം മിനിറ്റിൽ), റോബർട്ട് ലെവൻഡോവ്സ്കി (45+1, പെനാൽറ്റി) എന്നിവർ ബാഴ്സക്കായി ഗോളുകൾ നേടി.

ജയത്തോടെ ജിറോണ രണ്ടാം സ്ഥാനത്തേക്ക് കയറി. റയലിന് 34 മത്സരങ്ങളിൽനിന്ന് 87 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് ജിറോണക്ക് 74 പോയന്റും ബാഴ്സക്ക് 73 പോയന്റും. ജിറോണക്ക് ഇനി പരമാവധി 86 പോയന്റിലും ബാഴ്സക്ക് പരമാവധി 85 പോയന്റിലും മാത്രമേ എത്താനാകു. ഇതാണ് റയലിനെ കിരീടത്തിലേക്ക് എത്തിച്ചത്.

Tags:    
News Summary - Real Madrid clinch LaLiga title after Girona beat Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.