ഫിഫ കോൺഗ്രസ് വേദിയായ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ
ദോഹ: ലോകമെങ്ങുമായി ലോകകപ്പിന്‍റെ യോഗ്യതാപോരാട്ടങ്ങൾ പൊടിപൊടിക്കവെ, കാൽപന്തുലോകത്തിന്‍റെ ശ്രദ്ധ ഖത്തറിലാണ്. ലോക ഫുട്ബാളിന്‍റെ മുഖ്യ സംഘാടകരായ ഫിഫ കൗൺസിലിനും 72ാമത് കോൺഗ്രസിനുമായി ബുധനാഴ്ചയും വ്യാഴാഴ്ചയും ദോഹ വേദിയാവും. തുടർന്ന്, ഏപ്രിൽ ഒന്ന് വെള്ളിയാഴ്ചയാണ് കാൽപന്തുലോകം കാത്തിരിക്കുന്ന ലോകകപ്പ് ടീം നറുക്കെടുപ്പ് നടക്കുന്നത്. വിശ്വഫുട്ബാളിന്‍റെ ആസ്ഥാനായി ഏതാനും ദിവസത്തേക്ക് ദോഹ മാറുമ്പോൾ, ലോകമെങ്ങുമുള്ള സംഘാടകരും ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും മുൻതാരങ്ങളും ഉൾപ്പെടുന്ന പടതന്നെ ഖത്തറിന്‍റെ തലസ്ഥാനനഗരിയിൽ തമ്പടിച്ചുകഴിഞ്ഞു. അതിന്‍റെ ഭാഗമായി ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി പ്രമോഷനൽ പരിപാടികൾക്കും ദോഹ വേദിയാവുന്നുണ്ട്.
ബുധനാഴ്ച വൈകീട്ട് 4.30നാണ് ഫിഫ കൗൺസിൽ ആരംഭിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തിനുപിന്നാലെ റഷ്യൻ ഫുട്ബാളിനെതിരെ ഫിഫ സ്വീകരിച്ച നടപടിയിൽ കൗൺസിലിന്‍റെ അംഗീകാരം തേടലാണ് കൗൺസിൽ യോഗത്തിലെ ആദ്യ അജണ്ട. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു റഷ്യൻ ടീമിന്‍റെ മത്സരങ്ങൾക്ക് ഫിഫ വിലക്കേർപ്പെടുത്തിയത്. ഇതോടെ, ലോകകപ്പ് ക്വാളിഫയർ പ്ലേ ഓഫിൽനിന്നും റഷ്യ അയോഗ്യരാക്കപ്പെട്ടിരുന്നു. യുക്രെയ്ൻ ഉൾപ്പെടെയുള്ള യുദ്ധ പശ്ചാത്തലത്തിൽ കരിയർ ഭീഷണി നേരിടുന്ന ഫുട്ബാൾ താരങ്ങളുടെ ട്രാൻസ്ഫർ സംബന്ധിച്ചും തീരുമാനമെടുക്കും. വ്യാഴാഴ്ച ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിലാണ് ഫിഫ കോൺഗസ് നടക്കുന്നത്.
ആരാധകരുടെ നെഞ്ചിടിപ്പെല്ലാം വെള്ളിയാഴ്ച രാത്രിയിലേക്കാണ്. ഫിഫ കോൺഗ്രസും കഴിഞ്ഞ്, ലോകഫുട്ബാളിലെ സൂപ്പർതാരങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ അന്നാണ് ലോകകപ്പിന്‍റെ നറുക്കെടുപ്പ്.
യോഗ്യത നേടിയ 29 ടീമുകളുടെ പേരുവിവരങ്ങൾ ഇന്നും നാളെയുമായി അന്തിമമാവും. ജൂണിൽ ഇന്റർകോണ്ടിനെന്റൽ പ്ലേഓഫ് കളിക്കാനുള്ള നാല് ടീമുകളിൽനിന്നുള്ള രണ്ട് വിജയികളെ കൂടി കണക്കാക്കിയാവും നറുക്കെടുപ്പ് നടക്കുന്നത്. മാർച്ച് 31ന്‍റെ ഫിഫ ലോകറാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യത നേടിയ ടീമുകളുടെ സീഡ് നിശ്ചയിക്കുന്നത്.
യുദ്ധം കാരണം പ്രതിസന്ധിയിലായ യുക്രെയ്ന്റെ യോഗ്യതാമത്സരം മാറ്റിവെച്ചതു കാരണം യൂറോപ്പിൽനിന്നുള്ള അവസാനത്തെ ടീമിന്‍റെ കാര്യവും നറുക്കെടുപ്പിന് മുമ്പ് ഉറപ്പാവില്ല. ഓരോ പാത്രങ്ങളിലായി എട്ട് ടീമുകൾ വീതമായി വേർതിരിച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. അങ്ങനെ നാല് പാത്രങ്ങളായിരിക്കും വേദിയിൽ തിളങ്ങുന്നത്.
ടോപ് സീഡർമാരായ എട്ട് ടീമുകൾക്കാവും ആദ്യ പാത്രത്തിൽ ഇടം.
കഴിഞ്ഞദിവസം യോഗ്യത നേടിയ കാനഡ ഉൾപ്പെടെ 20 ടീമുകളാണ് ഇതുവരെ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്. പോർചുഗൽ, സ്വീഡൻ, പോളണ്ട്, മാഴ്സിഡോണിയ ടീമുകൾ ഇന്ന് കളത്തിലിറങ്ങുന്നതോടെ മണിക്കൂറുകൾക്കകം ശേഷിക്കുന്ന ടീമുകളുടെ കൂടി ചിത്രം വ്യക്തമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.