മാര്‍വെലസ് നകാംബ

ശൈശവ വിവാഹത്തെ പൂട്ടാന്‍ പ്രീമിയര്‍ ലീഗ് മിഡ്ഫീൽഡര്‍, സിംബാബ്​‍വെയുടെ ഹീറോയാണിവന്‍!

ലിവര്‍പൂളിന്റെ വിഖ്യാത താരം സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലകനായിട്ടുള്ള ആസ്റ്റന്‍വില്ലയുടെ സൈഡ് ബെഞ്ചിലെ പതിവ് മുഖമാണ് മാര്‍വെലസ് നകാംബ. വിട്ടുമാറാത്ത പരിക്കാണ് സിംബാബ്​‍വെക്കാരനെ സൈഡാക്കിയത്. എതിരാളികളുടെ കാലില്‍നിന്ന് പന്ത് തട്ടിയെടുക്കുന്നതില്‍ വിരുതനായ നകാംബ കഴിഞ്ഞ സീസണില്‍ കളത്തിലെ പോരാട്ടങ്ങള്‍ക്കൊന്നും ഇല്ലായിരുന്നു. എന്നാല്‍, സൈഡ് ബെഞ്ചിലിരുന്നു നകാംബ വലിയൊരു പോരാട്ടം സമൂഹത്തിനായി, തന്റെ രാജ്യത്തെ ഭാവി തലമുറകള്‍ക്കായി നടത്തിക്കൊണ്ടിരുന്നു. ശൈശവ വിവാഹം ഇന്നും വളരെയധികം നടന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ രാജ്യമാണ് സിംബാബ്​‍വെ. ആ ദുരാചാരം നിര്‍ത്തലാക്കുകയാണ് നകാംബയുടെ ജീവിത ലക്ഷ്യം. അതിനായി 28കാരന്‍ തന്റെ പേരില്‍ മാര്‍വെലസ് നകാംബ ഫൗണ്ടേഷന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സിലൂടെ ഉന്നമനം ഉറപ്പാക്കുകയാണ് ഫൗണ്ടേഷന്റെ പ്രാഥമിക പ്രവര്‍ത്തനം. ബുലവായോയിലെ മഹാഷുലയില്‍ വിശാലമായ വിവിധോദ്ദേശ്യ കായിക സമുച്ചയം നിര്‍മിക്കും. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി മാര്‍വെലസ് നകാംബ ഫൗണ്ടേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ജൂണ്‍ 16 ആഫ്രിക്കയില്‍ കുട്ടികളുടെ ദിനമാണ്. ആ ദിവസം തന്നെയാണ് നകാംബ യൂനിസെഫ് സിംബാബ്​‍വെയുമായി കൈകോര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിജ്ഞാബദ്ധനാണെന്ന് പ്രഖ്യാപിച്ചത്.

ദിന്‍ഡെ, വാംഗെ പോലുള്ള പിന്നാക്ക മേഖലയിലായിരുന്നു എന്റെ ബാല്യം. ചുറ്റിലും വഴിതെറ്റിപ്പോകാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും അവിടെയുണ്ടായിരുന്നു. ശരിയും തെറ്റും തിരിച്ചറിയാത്ത സമൂഹത്തിന് നേരിന്റെ പാത വെട്ടാന്‍ ഞാന്‍ ഇനി മുന്നിലുണ്ടാകും - നകാംബയുടെ വാക്കുകള്‍. ആസ്റ്റന്‍വില്ലയില്‍ നാലാം സീസണ്‍ പൂര്‍ത്തിയാക്കിയ നകാംബ പരുക്ക് ഭേദമായി പുതിയ സീസണില്‍ ഗംഭീര തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. പരിക്ക്കാരണം ആഫ്രിക്കൻ നാഷന്‍സ് കപ്പും താരത്തിന് നഷ്ടമായിരുന്നു.

Tags:    
News Summary - Aston Villa Midfielder To Fight Against Child Marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.