ഒഡിഷക്കായ് ഗോൾ നേടിയ ഡിയഗോ മൗറീഷ്യോയുടെ ആഹ്ലാദം

സൂപ്പർ കപ്പ്: നോർത്ത് ഈസ്റ്റിനെ നാട്ടിലേക്ക് അയച്ച് ഒഡിഷ ഫൈനലിൽ

മഞ്ചേരി: പെരുന്നാൾ ദിനത്തിലെ സൂപ്പർ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റിനെ നാട്ടിലേക്കയച്ച് ഒഡിഷ എഫ്.സി സൂപ്പർ കപ്പിൻ്റെ ഫൈനലിലേക്ക്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ 3-1 ന് വിജയിച്ചാണ് ഒഡിഷ

എഫ്. സി കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. ഒഡിഷക്കായി നന്ദകുമാർ (10, 63), ഡിയഗോ മൗറീഷ്യോ (85) എന്നിവർ ഗോളുകൾ നേടി. നോർത്ത് ഈസ്റ്റിനായി വിൽമർ ജോർദാർ (2) ആശ്വാസ ഗോൾ നേടി. ആദ്യ മിനിറ്റിൽ ഗോൾ വഴങ്ങിയതിന് ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് ഒഡിഷ ആദ്യമായി സൂപ്പർ കപ്പിൻ്റെ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ബംഗളൂരു എഫ്.സിയാണ് ഒഡിഷയുടെ എതിരാളികൾ.

അടി, തിരിച്ചടി

മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റ് വെടി പൊട്ടിച്ചു. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ നിർത്തിയിടത്ത് വെച്ച് തന്നെ വിൽമർ ജോർദാർ തുടങ്ങി. വലതു വിങ്ങിൽ നിന്നും റോച്ചർസേല നൽകിയ ക്രോസ് കൊളംബിയൻ താരം ജോർദാൻ വലയിലേക്ക് തട്ടിയിട്ടു നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. (1 - 0).

എന്നാൽ ഗോളിന് അധികം ആയുസ്സ് ഉണ്ടായില്ല. 10-ാം മിനിറ്റിൽ ഒഡിഷ തിരിച്ചടിച്ചു. പ്രതിരോധത്തെ കീറി മുറിച്ച് വിക്ടർ റൊമേറോ നൽകിയ ത്രൂ പാസ് ജെറിയിലേക്ക്. പന്ത് ലഭിച്ച് അൽപം കുതിച്ച ജെറി വലതു വിങ്ങിൽ നിന്നും ബോക്സിലേക്ക് ക്രോസ് നൽകി. മികച്ച ഒരു ഹെഡറിലൂടെ നന്ദകുമാർ വലയിലേക്ക് ചെത്തിയിട്ടു. (1-1).

18-ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നും ഡിയഗോ മൗറിഷ്യോയെ വീഴ്ത്തിയതിന് ഒഡിഷക്ക് അനുകൂലമായ ഫ്രീ കിക്ക്. വിക്ടർ റൊമേറോ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 43-ാം മിനിറ്റിൽ ഡിയഗോ മൗറീഷ്യോയുടെ ഷോട്ട് മഷ്ഹൂർ ഷരീഫ് പുറത്തേക്ക് തട്ടിയിട്ടു.തൊട്ട് പിന്നാലെ നോർത്ത് ഈസ്റ്റിനായി ജോർദാന് ലഭിച്ച അവസരവും നഷ്ടമായതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

ഡബിൾ ബാരൽ നന്ദകുമാർ

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ഒഡിഷയുടെ സർവാധിപത്യമാണ് കണ്ടത്. 52-ാം മിനിറ്റിൽ നന്ദകുമാർ നൽകിയ പാസ് മൗറീഷ്യോ പോസ്റ്റിലേക്ക് ഉന്നം വെച്ചെങ്കിലും പ്രതിരോധ താരം മഷ്ഹൂർ ഷരീഫ് തടുത്തിട്ടു. തൊട്ട് പിന്നാലെ ഒഡിഷക്ക് തുടരെ രണ്ട് കോർണറുകൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.

63-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ച് ഒഡിഷ മുന്നിലെത്തി. മൈതാന മധ്യത്തിൽ നിന്നും പന്തുമായി കുതിച്ച നന്ദകുമാർ ബോക്സിൽ നിന്നും വിക്ടർ റൊമേറോക്ക് നൽകി. റൊമേറയുടെ പാസ് തിരിച്ച് നന്ദകുമാറിൻ്റെ കാലിലേക്ക് തന്നെ. പിന്നാലെ ഉതിർത്ത ഉഗ്രൻ ഷോട്ട് ക്രോസ് ബാറിലിടിച്ച് വലയിലേക്ക് കയറി. (2-1).

തൊട്ടടുത്ത മിനിറ്റിൽ നന്ദകുമാറിന് ഹാട്രിക് തികക്കാനുള്ള അവസരം ലഭിച്ചെങ്കിലും പ്രതിരോധത്തിൽ തട്ടി മടങ്ങി. രണ്ട് ഗോൾ നേടി മുന്നിലെത്തിയെങ്കിലും ഒഡിഷയുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. ഇതിന് ഫലം കണ്ടു. 85-ാം മിനിറ്റിൽ ഡിയഗോ മൗറീഷ്യോ കൂടി നോർത്ത് ഈസ്റ്റിൻ്റെ വലയിൽ പന്തെത്തിച്ചതോടെ പതനം പൂർത്തിയായി. ബോക്സിന് പുറത്ത് നിന്നുള്ള വലങ്കാലൻ ഷോട്ട് പോസ്റ്റിൻ്റെ വലത് മൂലയിലേക്ക് കയറി. (3-1). കളിയുടെ അവസാന മിനിറ്റുകളിൽ തിരിച്ചു വരാൻ നോർത്ത് ഈസ്റ്റ് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ ഗോളായില്ല.

രണ്ടാം സെമി ഫൈനലോടെ സൂപ്പർ കപ്പിൻ്റെ പയ്യനാട് സ്റ്റേഡിയത്തിലെ മത്സരങ്ങൾ അവസാനിച്ചു. അവസാന ദിവസം 6234 പേരാണ് കളി കാണാനെത്തിയത്. പയ്യനാട് ഏറ്റവും കൂടുതൽ കാണികൾ എത്തിയതും ഈ മത്സരത്തിനായിരുന്നു.

Tags:    
News Summary - North east vs odisha FC Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.