പരിശീലനത്തിന് ശേഷം എങ്ങനെ ഭക്ഷണം കഴിക്കണം, പന്തുമായി ഒറ്റക്ക് കുതിച്ചാല്‍ എന്ത് സംഭവിക്കും! മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടെന്‍ ഹാഗ് യുഗത്തിലേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വന്‍ മരമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രതാപം വീണ്ടെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. അഞ്ച് സീസണായി കിരീട വിജയങ്ങളില്ലാതെ തപ്പിത്തടയുകയാണ് ഓള്‍ഡ്ട്രഫോര്‍ഡ് ക്ലബ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരികെ കൊണ്ടു വന്നിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏറ്റവും കുറഞ്ഞ പോയിന്റുമായി ഫിനിഷ് ചെയ്തത് കഴിഞ്ഞ തവണയാണ്. ആകെ 16 ജയങ്ങള്‍, 57 ഗോളുകള്‍, 58 പോയിന്റ്, ഇതായിരുന്നു 2021-22 സീസണില്‍ മാഞ്ചസ്റ്ററിന്റെ പ്രകടനം. പുതിയ സീസണ്‍ പുതിയ കോച്ച് ടെന്‍ ഹാഗിന് കീഴിലാണ്. അയാക്‌സിന്റെ യുവനിരയെ യൂറോപ്പിലെ മികച്ച ടീമാക്കിയതിലൂടെ ശ്രദ്ധേയനായ ടെന്‍ ഹാഗ് ഇംഗ്ലീഷ് ഫുട്‌ബാളില്‍ വിപ്ലവം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ലാത്തതിനാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടു പോകാന്‍ താൽപര്യം അറിയിച്ച ക്രിസ്റ്റ്യാനോയെ പിടിച്ചു നിര്‍ത്തുകയാണ് ടെന്‍ ഹാഗിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇതിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നായകന്റെ ആംബാന്‍ഡ് നല്‍കാനാണ് ടെന്‍ ഹാഗ് ഉദ്ദേശിക്കുന്നതെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ടീമിന്റെ ഒത്തിണക്കം ഉറപ്പുവരുത്താന്‍ ചില കാര്യങ്ങള്‍ കോച്ച് കര്‍ശനമാക്കും. ട്രെയ്‌നിങ് സെഷന് ശേഷം കളിക്കാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സമയം ചെലവഴിക്കുകയും വേണമെന്നതാണ് ഒന്ന്.

ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് മാത്രമാകും ടീമില്‍ സ്ഥിരമായി സ്ഥാനം നല്‍കുക. അക്കാദമി താരങ്ങള്‍ക്ക് പ്രീമിയര്‍ ലീഗ് വേദിയില്‍ മികവ് തെളിയിക്കാന്‍ അവസരം നല്‍കും.

പരിശീലന സെഷനില്‍ തന്നെ ടെന്‍ ഹാഗ് തന്റെ ശൈലി സംബന്ധിച്ച സൂചന നല്‍കിക്കഴിഞ്ഞു. വണ്‍ ടച്, ടു ടച് പാസിങ് ഡ്രില്ലിങ്ങുകള്‍ ഓരോ താരവും വിജയകരമായി പൂര്‍ത്തിയാക്കണം. വിങ്ങുകളിലൂടെ പന്തുമായി കുതിക്കുകയും പിറകോട്ട് ഇറങ്ങിവരികയും ചെയ്യുന്നത് കണ്ടാല്‍, ആ താരങ്ങളെ രണ്ട് മിനുട്ട് പുറത്താക്കും.

ചെറിയ പാസുകളിലൂടെ മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുന്ന ശൈലിയാകും സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വീകരിക്കുക. അയാക്‌സില്‍ ടെന്‍ ഹാഗ് വിജയകരമായി നടപ്പാക്കിയത് ഇംഗ്ലീഷ് ക്ലബിലേക്കും പരീക്ഷിക്കും.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീ സീസണ്‍ തയാറെടുപ്പിലാണ്. തായ്‌ലന്‍ഡില്‍ ജൂലൈ 12ന് ലിവര്‍പൂളിനെതിരെ സൗഹൃദ മത്സരം കളിക്കും. ആഗസ്റ്റ് ഏഴിന് ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയനെതിരെയാണ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം.

Tags:    
News Summary - New manager Erik ten Hag at Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT