1930 മുതലുള്ള ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ എല്ലാ ടൂർണമെന്റിലും പങ്കെടുത്ത ഒരേയൊരു ടീമേയുള്ളൂ; അത് ബ്രസീലാണ്. സാക്ഷാൽ പെലെ മുതൽ നെയ്മർ വരെ മൈതാനത്ത് മാന്ത്രികത വിരിയിച്ച 22 ലോകകപ്പുകൾ, അഞ്ചു കിരീടങ്ങൾ, രണ്ടു തവണ റണ്ണേഴ്സ് അപ്. തലമുറകളായി കാൽപന്തിന്റെ വിശ്വമേളയിൽ മഞ്ഞപ്പടയോളം ഓളംതീർത്ത മറ്റൊരു ടീമില്ല. ആഞ്ചലോട്ടിയുടെ പട ഇത്തവണയും കിരീട ഫേവറിറ്റുകളാണ്. പക്ഷേ, കിരീടത്തിനായുള്ള ആ കാത്തിരിപ്പിന് 24 വർഷത്തെ പഴക്കമുണ്ടെന്ന് മാത്രം. ചരിത്രത്തിൽ ലോകകപ്പ് കിരീടം കൈവശമില്ലാതെ ബ്രസീൽ കാൽനൂറ്റാണ്ട് തികച്ചിട്ടില്ല. മുമ്പ്, 1970ൽ പെലെയുടെ നേതൃത്വത്തിൽ തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം നേടിയ ശേഷം, മറ്റൊരു കിരീടത്തിനായി 1994 വരെ (24 വർഷം) ബ്രസീലിന് കാത്തിരിക്കേണ്ടിവന്നു. റൊമാരിയോയുടെയും ബെബെറ്റോയുടെയും കരുത്തിൽ അമേരിക്കൻ മണ്ണിൽ വെച്ചാണ് ബ്രസീൽ ആ കാത്തിരിപ്പ് അവസാനിപ്പിച്ചത്. ഏറ്റവുമൊടുവിൽ കപ്പടിച്ചതാകട്ടെ, 2002ൽ റൊണാൾഡോയുടെ കരുത്തിലും. ഇത്തവണകൂടി കപ്പ് കൈവിട്ടാൽ ബ്രസീലിനെ കാത്തിരിക്കുന്നത്, തങ്ങളുടെ ഫുട്ബാൾ ചരിത്രത്തിലെത്തന്നെ ഏറ്റവും കഠിനമായ കാലയളവായിരിക്കും. ഗ്രൂപ് സി-യിൽ മൊറോക്കോ, സ്കോട്ട്ലൻഡ്, ഹെയ്തി എന്നിവയാണ് മറ്റു ടീമുകൾ. കൗതുകകരമായ കാര്യം, ബ്രസീലും മൊറോക്കോയും സ്കോട്ട്ലൻഡും 1998ലെ ലോകകപ്പിലും ഒരേ ഗ്രൂപ്പിലായിരുന്നു. പക്ഷേ, ആദ്യ റൗണ്ടിൽ നിർഭാഗ്യകരമായി മൊറോക്കോ പുറത്തായിരുന്നു. ഇന്ന് പ്രതിഭാധനരായ യുവനിരയും പരിചയസമ്പന്നരുമടങ്ങുന്ന സന്തുലിത ടീമാണ് മൊറോക്കോ. 28 വർഷങ്ങൾക്കുശേഷം സ്കോട്ട്ലൻഡും 52 വർഷങ്ങൾക്കുശേഷം ഹെയ്തിയും ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുമ്പോൾ പ്രതീക്ഷകളുടെ ഭാരമില്ലാതെ പന്തു തട്ടാനാവുമെന്നതാണ് ഇരു ടീമിന്റെയും പ്ലസ് പോയന്റ്. സ്കോട്ട്ലൻഡ് അവസാനമായി കളിച്ചത് 1998ൽ ബ്രസീലിനും മൊറോക്കോക്കുമെതിരെയായിരുന്നു. യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ മികച്ച ഫോം പുറത്തെടുത്ത സ്കോട്ടിഷ് ടീം, കടുത്ത ശാരീരിക പോരാട്ടങ്ങളിലൂടെ എതിരാളികളെ സമ്മർദത്തിലാക്കാൻ കെൽപുള്ളവരാണ്. സി ഗ്രൂപ്പിൽനിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായെങ്കിലും ചരിത്രത്തിലാദ്യമായി രണ്ടാം റൗണ്ടിലേക്ക് കടക്കുകയാണ് സ്കോട്ട്ലൻഡിന്റെയും ഹെയ്തിയുടെയും ലക്ഷ്യം.
നെയ്മറിന് പരിക്ക്; ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും
ബ്രസീലിയ: ലോകകപ്പിന്റെ ആരവങ്ങൾ അടുക്കവെ ബ്രസീൽ ടീമിൽ നെയ്മർ ഇടം നേടിയത് ഏറെ ആവേശത്തോടെയാണ് ഫുട്ബാൾ ആരാധകർ ഏറ്റെടുത്തത്. എന്നാൽ, പരിക്കിനെ തുടർന്ന് നെയ്മറിന് ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. വലതു കാലിനാണ് പരിക്കേറ്റത്. ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിലും ജൂൺ 14ന് നടക്കാനിരിക്കുന്ന മൊറോക്കോക്കെതിരായ ആദ്യ ഗ്രൂപ് ഘട്ട മത്സരത്തിലും നെയ്മർ കളിച്ചേക്കില്ല. പരിശീലന സെഷനിൽ താരം പങ്കെടുക്കുന്നില്ല. പരിശോധനക്കായി താരത്തെ ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.