പി.എസ്​.ജിക്കായി അക്കൗണ്ട്​ തുറന്ന്​ മെസ്സി; സിറ്റിയെ രണ്ടുഗോളിന്​ തകർത്തു

പാരീസ്​: അർജന്‍റീന നായകൻ ലയണൽ മെസ്സിയുടെ ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി. സ്​പാനിഷ്​ ക്ലബായ ബാഴ്​സലോണയിൽ തങ്ങളെ കോരിത്തരിപ്പിച്ച മാന്ത്രികൻ തന്‍റെ പുതിയ തട്ടകമായ പി.എസ്​.ജിയിലും ഗോൾവേട്ട തുടങ്ങി. ചാമ്പ്യൻസ്​ ലീഗിൽ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായിരുന്നു ഫ്രഞ്ച്​ ക്ലബിനായി മെസ്സിയുടെ ആദ്യ ഗോൾ​. മത്സരത്തിൽ പി.എസ്​.ജി സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക്​ തകർത്തു. ഇതോടെ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ്​ ലീഗ്​ സെമിയിലേറ്റ ​തോൽവിക്ക്​ പകരം വീട്ടാൻ പി.എസ്​.ജിക്കായി.

മത്സരം തുടങ്ങിയ ഉടനെ ഇരുടീമുകളും ആക്രമിച്ചാണ്​ കളിച്ചത്​. പാർക്​ ഡി പ്രിൻസസിൽ നടന്ന മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ തന്നെ പി.എസ്​.ജി ലീഡ്​ നേടി. ഇഡ്രിസാ ഗയേയാണ്​ പി.എസ്​.ജിയെ മുന്നിലെത്തിച്ചത്​. താരത്തിന്‍റെ സീസണിലെ നാലാം ഗോളായിരുന്നു അത്​. ആദ്യ പകുതിയിൽ പി.എസ്​.ജി 1-0ത്തിന്​ മുന്നിലായിരുന്നു. സമനില ഗോൾ നേടാനുള്ള ഒരവസരം പോലും സിറ്റിക്ക്​ അനുകൂലമാക്കി മാറ്റാൻ സാധിച്ചില്ല.

പി.എസ്​.ജിയിൽ എത്തി മൂന്ന് കളികളിൽ ബൂട്ടണിഞ്ഞിട്ടും ഗോളോ അസിസ്​റ്റോ സ്വന്തം പേരിൽ കുറിക്കാൻ മെസ്സിക്കായിരുന്നില്ല. ​ക്രോസ്​ബാറിൽ തട്ടി മടങ്ങു​ന്ന മെസ്സിയുടെ ഗോൾശ്രമങ്ങൾ നിരാശയോടെ ആരാധകർക്ക്​ നോക്കിനിൽക്കേണ്ടി വന്നു. 74ാം മിനിറ്റിലായിരുന്നു കാത്തിരുന്ന ദൃശ്യം.


ഒറ്റക്ക്​ നടത്തിയ മുന്നേറ്റം മെസ്സി തന്നെ ഫിനിഷ്​ ചെയ്യുകയായിരുന്നു. മൈതാനത്തിന്‍റെ വലത്​ വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ മെസ്സി ബോക്​സിന്​ പുറത്ത്​ നിന്ന്​ നൽകിയ പാസ്​ ബോക്​സിനകത്തുണ്ടായിരുന്ന കിലിയൻ എംബാപ്പെ പുറംകാൽ കൊണ്ട്​ മെസ്സിക്ക്​ തന്നെ മടക്കി നൽകി. ഇടംകാൽ കൊണ്ട്​ വലയിലേക്ക്​ മെസി ചെത്തിയിട്ട പന്ത്​ നോക്കി നിൽക്കാനേ സിറ്റി ഗോൾകീപ്പർ എഡേഴ്​സണായുള്ളൂ.

ഇതോടെ തുടർച്ചയായി 17 ചാമ്പ്യൻസ്​ ലീഗ്​ സീസണുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ്​ മെസ്സി സ്വന്തമാക്കി. 16 സീസണുകളിൽ ഗോളടിച്ച  ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയുമാണ്​ പിന്നിൽ. ചാമ്പ്യൻസ്​ ലീഗിലെ മെസ്സിയുടെ 121ാം ഗോളാണിത്​. ശേഷം റിയാദ്​ മെഹ്റസിലൂടെ അക്കൗണ്ട്​ തുറക്കാൻ സിറ്റിക്ക്​ അവസരം ലഭിച്ചെങ്കിലും ഡൊണ്ണരുമ്മയുടെ പി.എസ്. ജിയുടെ രക്ഷകനായി.

ഗ്രൂപ്പ്​ എയിലെ മറ്റൊരു മത്സരത്തിൽ ക്ലബ്​ ബ്രൂജ്​ ആർ.ബി ലെപ്​സിഷിനെ 2-1ന്​ തോൽപിച്ചു. രണ്ട്​ മത്സരങ്ങളിൽ നിന്ന്​ ഒരുജയവും സമനിലയുമടക്കം നാലുപോയിന്‍റുമായി പി.എസ്​.ജിയാണ്​ ഗ്രൂപ്പിൽ ഒന്നാമത്​. നാലുപോയിന്‍റ്​ തന്നെയുള്ള ക്ലബ്​ ബ്രൂജ്​ രണ്ടാമതാണ്​. മൂന്ന്​ പോയിന്‍റുമായി സിറ്റി മൂന്നാമതാണ്​. 

Tags:    
News Summary - Messi opens PSG account beat manchester city in champions league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.