ലയണൽ മെസ്സിയും ബൊയാൻ കിർകിച്ചും

ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ച് അകറ്റി നട്ട മരങ്ങൾ ഭൂമിക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു എന്നു കവി വീരാൻ കുട്ടി എഴുതിയ പോലെ മെസ്സിയും ബൊയാനും പിന്നീട് ഫുട്ബാൾ മൈതാനത്ത് കണ്ടുമുട്ടി. എഫ്.സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ വെച്ചായിരുന്നു വിദൂര സഹോദരങ്ങളുടെ ആ സമാഗമം. 

അർജന്റീന താരം ലയണൽ മെസ്സിയും മുൻ സ്പാനിഷ് താരം ബൊയാൻ കിർകിച്ചും തമ്മിൽ എന്താണു ബന്ധം? ഇരുവരും എഫ്.സി ബാഴ്സലോണയിൽ സഹതാരങ്ങളായിരുന്നു എന്നതു ശരി. എന്നാൽ, പന്തു വഴിയുള്ള ബന്ധത്തിനു പുറമെ ഇരുവരും തമ്മിൽ മറ്റൊന്നു കൂടിയുണ്ട്- രക്തബന്ധം! അർധ സഹോദരങ്ങളായിരുന്നു ഇരുവരും എന്നു പറയുന്നത് കുറച്ചു അതിശയോക്തിയായി തോന്നാം. എന്നാൽ, നാലു തലമുറകൾക്കു മുമ്പ് ഇരുവരുടെയും പൂർവികർ ഒന്നായിരുന്നു എന്നത് സ്പെയിനിലെ ദിയാര സെഗ്രേ ദിനപത്രം നടത്തിയ വംശവൃക്ഷാവലി പഠനത്തിൽ തെളിയിക്കപ്പെട്ടതാണ്.

18ാം നൂറ്റാണ്ടിൽ സ്പെയിനിലെ ലെയ്ഡയിൽ വെച്ചാണ് ആ ബന്ധത്തിന്റെ തുടക്കം. താവഴിയായി ഇരുവരുടെയും മുത്തച്ഛന്റെ മുതുമുത്തച്ഛന്മാർ സഹോദരങ്ങളായിരുന്നു എന്നാണ് 2011ൽ നടത്തിയ ആ പഠനത്തിൽ കണ്ടെത്തിയത്. സ്പെയിനിലെ കാറ്റലൂണിയൻ പ്രവിശ്യയിലെ എൽപോവാലിൽ വെച്ച് 1864ൽ വിവാഹിതരായ മരിയാനോ പെരെസ് മിറാലെസിന്റെയും തെരേസ ലൊബ്രേറ മിൻഗ്വെറ്റിന്റെയും മക്കളായിരുന്നു റമോൺ എന്നും ഗോൺസാൽ എന്നും പേരുണ്ടായിരുന്ന ആ സഹോദരങ്ങൾ.

റമോൺ കുടുംബം പിന്നീട് അർജന്റീനയിലേക്കു കുടിയേറുകയും ഗോൺസാൽ കുടുംബം സ്പെയിനിൽ തുടരുകയും ചെയ്തതോടെ ആ വംശവൃക്ഷം രണ്ടു ശാഖകളായി പിരിഞ്ഞു. ഹോർഹെ ഹൊറാസിയോ മെസ്സി പെരെസിന്റെയും സെലിയ കുചിറ്റിനിയുടെയും മകനായി 1987 ജൂൺ 24ന് മെസ്സിയും മരിയ ലൂയിസ പെരെസിന്റെയും യുഗോസ്ലാവിയൻ ഫുട്ബാൾ താരം ബൊയാൻ കിർകിച്ച് സീനിയറിന്റെയും മകനായി 1990 ആഗസ്റ്റ് 28ന് ബൊജാൻ കിർകിച്ചും പിറന്നു. എന്നാൽ, കാലം മറ്റൊരു അത്ഭുതം കാത്തുവെച്ചിട്ടുണ്ടായിരുന്നു.

ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ച് അകറ്റി നട്ട മരങ്ങൾ ഭൂമിക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു എന്നു കവി വീരാൻ കുട്ടി എഴുതിയ പോലെ ലയണൽ മെസ്സിയും ബൊയാൻ കിർകിച്ചും പിന്നീട് ഫുട്ബാൾ മൈതാനത്ത് കണ്ടുമുട്ടി. എഫ്.സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ വെച്ചായിരുന്നു ആ വിദൂര സഹോദരങ്ങളുടെ സമാഗമം. വളർച്ചാ ഹോർമോണിന്റെ അപര്യാപ്തത പരിഹരിക്കാനുള്ള ചികിൽസാചെലവ് വഹിക്കാം എന്ന സ്പാനിഷ് ക്ലബിന്റെ വാഗ്ദാനം സ്വീകരിച്ച് ഹോർഹെയും സെലിയയും പതിമൂന്നുകാരനായ മെസ്സിയെയും കൊണ്ട് ബാഴ്സലോണയിലെത്തുന്നത് 2001ലാണ്.

അതിന് ഒരു വർഷം മുമ്പേ തന്റെ എട്ടാം വയസ്സിൽ തന്നെ ബൊയാൻ അവിടെ ഇടംപിടിച്ചിരുന്നു. അക്കാദമി ടീമിനായി അത്ഭുതപ്രകടനം കാഴ്ചവെച്ച് മെസ്സി 2004ൽ തന്നെ സീനിയർ ടീമിനായി അരങ്ങേറിയപ്പോൾ ബൊയാൻ മൂന്നുവർഷം വൈകി. എന്നാൽ, ലാലിഗയിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മെസ്സിയുടെ റെക്കോഡ് തകർത്തായിരുന്നു ആ വരവ്. മൂന്നു ദിവസങ്ങൾക്കുശേഷം ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിനെതിരെ പകരക്കാരനായി ഇറങ്ങിയപ്പോൾ വഴിമാറിക്കൊടുത്തത് മെസ്സി തന്നെ. അടുത്ത മെസ്സി എന്ന വാഴ്ത്തൽ അപ്പോഴേക്കും ബൊയാനുമേൽ ചാർത്തപ്പെട്ടിരുന്നു.

എന്നാൽ, ബാഴ്സക്കുവേണ്ടി ഒന്നര പതിറ്റാണ്ടുനീണ്ട കരിയറിൽ അഞ്ഞൂറോളം മത്സരങ്ങളും ഗോളുകളും പേരിലാക്കിയ മെസ്സിയെപ്പോലെയായില്ല ബൊയാന്റെ കരിയർ. ബാഴ്സക്കുവേണ്ടി നൂറിലേറെ മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും ആദ്യ ഇലവനിൽ സ്ഥിരമായി അവസരം കിട്ടാതെ വന്നതോടെ ബൊയാൻ സ്പെയിൻ വിട്ടു. എ.എസ് റോമ, എ.സി മിലാൻ, അയാക്സ്, സ്റ്റോക്സ് സിറ്റി, മെയ്ൻസ്, അലാവസ്, മോൺട്രിയോൾ ഇംപാക്ട് എന്നിങ്ങനെ നീണ്ടു ആ സഞ്ചാരം. ജാപ്പനീസ് ക്ലബ് വീസെൽ കോബെക്കു വേണ്ടിയായിരുന്നു അവസാന മത്സരം. അതിനിടെ 2008 യൂറോ കപ്പിനുള്ള സ്പെയിൻ ടീമിലേക്കു വിളി വന്നെങ്കിലും വിഷാദം കാരണം ബൊയാൻ അതു നിരസിച്ചു. 2023ൽ തന്റെ 32ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ബാഴ്സയുടെ ഹോംഗ്രൗണ്ടായിരുന്ന നൂകാംപിൽ വെച്ചു തന്നെയായിരുന്നു ആ പ്രഖ്യാപനം. പിന്നാലെ ബാഴ്സയുടെ ഫുട്ബാൾ കോഓഡിനേറ്ററായി ചുമതലയേൽക്കുകയും ചെയ്തു.

തന്റെ അർധ സഹോദരൻ അത്യുന്നതങ്ങളിലേക്കു കയറിപ്പോയപ്പോൾ ആരാധനയോടെ അത് കണ്ടുനിന്നവരിലൊരാളായി ബൊയാനും. കരിയറിൽ പ്രതീക്ഷിച്ച ഉയരങ്ങളിലെത്തിയില്ലല്ലോ എന്ന കൂർത്ത മുനയുള്ള ചോദ്യത്തിനു മുന്നിൽ ഒരിക്കൽ ബൊയാൻ മറുപടി നൽകിയതിങ്ങനെ. ഞാൻ ജീവിതത്തിലും ഫുട്ബാളിലും പരാജയപ്പെട്ടവനല്ല. ബാഴ്സലോണക്കായി നൂറിലേറെ മത്സരങ്ങൾ കളിച്ചു. നാലു സീസണുകളിലായി നാൽപതിലേറെ ഗോളുകൾ നേടി. ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, കറ്റാലൻ ഭാഷകൾ സംസാരിക്കാൻ പഠിച്ചു. സർവോപരി ഞാൻ ലയണൽ മെസ്സിക്കൊപ്പം കളിച്ചു!

Tags:    
News Summary - Messi had a Distant Brother in the FC Barcelona team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.