അർജന്റീനയും പോർച്ചുഗലും ഏറ്റുമുട്ടുമോ? ക്രിസ്റ്റ്യാനോയുടെ മറുപടി ഇങ്ങനെ

ഹൂസ്റ്റൺ: വിമർശകരുടെ വായടപ്പിച്ച് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പിൽ ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ റൊണാൾഡോ, പോർച്ചുഗലിനെ 5-0 എന്ന തകർപ്പൻ വിജയത്തിലേക്ക് നയിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് കെയിൽ പോർച്ചുഗൽ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കി.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, ലയണൽ മെസ്സിയെക്കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോൾ റൊണാൾഡോ അസ്വസ്ഥനായി. ചോദ്യം പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ അദ്ദേഹം മറ്റൊരു മാധ്യമപ്രവർത്തകനെ ക്ഷണിക്കുകയായിരുന്നു. എന്നാൽ, അർജന്റീനയുമായി ഏറ്റുമുട്ടാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ‘അതൊരു മികച്ച പോരാട്ടമായിരിക്കും’ എന്ന് മാത്രം മറുപടി നൽകുയായിരുന്നു​.

തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും റൊണാൾഡോ സ്വന്തമാക്കി. കോംഗോക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾ നേടാനാവാതെ പോയതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. എന്നാൽ, താൻ മടങ്ങിയെത്തിയെന്ന സന്ദേശത്തോടെയാണ് ഹൂസ്റ്റണിൽ റൊണാൾഡോ മറുപടി നൽകിയത്.

മത്സരത്തിന്റെ ആറാം മിനിറ്റിൽ ജോ കാൻസെലോയുടെ പാസിൽ നിന്ന് ആദ്യ ഗോൾ നേടിയതോടെയാണ് റൊണാൾഡോ ചരിത്രപുസ്തകത്തിൽ ഇടംപിടിച്ചത്. ഹാഫ് ടൈമിന് തൊട്ടുമുമ്പ് ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് രണ്ടാമത്തെ ഗോളും കണ്ടെത്തി. ഇതോടെ, ലോകകപ്പുകളിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ (10) നേടുന്ന താരമെന്ന യൂസേബിയോയുടെ (ഒമ്പത് ഗോൾ) റെക്കോഡും അദ്ദേഹം മറികടന്നു. 41 വയസ്സും 138 ദിവസവും പ്രായമുള്ള റൊണാൾഡോ, ലോകകപ്പിൽ ഗോൾ നേടുന്ന രണ്ടാമത്തെ പ്രായം കൂടിയ താരവുമാണ്.

‘കഴിഞ്ഞ ഒരാഴ്ച എനിക്ക് വളരെ പ്രയാസകരമായിരുന്നു. ഞാൻ വിരമിച്ചുവെന്ന് പോലും ചിലർ പറഞ്ഞു. എന്നാൽ ഞാൻ എന്റെ കഴിവിൽ വിശ്വസിച്ചു,’മത്സരശേഷം റൊണാൾഡോ പറഞ്ഞു. പുറത്തുനിന്നുള്ള ഇത്തരം വിമർശനങ്ങൾ തന്നെ ബാധിക്കില്ലെന്നും, ടീമിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കൊളംബിയയെ പരാജയപ്പെടുത്തിയാൽ പോർച്ചുഗലിന് ഗ്രൂപ്പിൽ ഒന്നാമതെത്താം. കനത്ത തിരിച്ചടിയിൽ നിന്നും ഉയർത്തെഴുന്നേറ്റ പോർച്ചുഗൽ, റൊണാൾഡോയുടെ കരുത്തിൽ നോക്കൗട്ട് റൗണ്ടിലേക്കുള്ള കുതിപ്പിന് തയാറെടുക്കുകയാണ്. 

Tags:    
News Summary - 'Next question': Cristiano Ronaldo refuses journalist's question about Lionel Messi after historic Portugal win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.