‘ചാമ്പ്യൻ പോരി’ൽ വീണ് ആഴ്സണൽ; സിറ്റി ഒന്നാം സ്ഥാനത്ത്- കിരീടം ഇത്തിഹാദിലേക്കോ?

വമ്പൻ പാര് കടന്ന് സീസണിൽ ആദ്യമായി ഒന്നാം സ്ഥാനം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി. പകുതിയിലേറെ പിന്നിട്ട ലീഗിൽ അജയ്യരായി ഇതുവരെയും ഒന്നാം സ്ഥാനത്ത് തുടർന്ന ഗണ്ണേഴ്സിനെ 3-1ന്റെ ആധികാരിക ജയവുമായി കടന്നാണ് ക്ലോപ്പിന്റെ കുട്ടികൾ കിരീടത്തുടർച്ചയിലേക്ക് ഒരു ചുവട് അടുത്തത്. ഇതോടെ, സീസണിൽ തുടർന്നുള്ള പോരാട്ടങ്ങൾക്ക് കടുപ്പമേറും.

എമിറേറ്റ്സ് മൈതാനത്ത് ആദ്യാവസാനം നയം വ്യക്തമാക്കിയായിരുന്നു കെവിൻ ഡി ബ്രുയിനും സംഘവും കളി നയിച്ചത്. ആദ്യ അവസരം തുറന്നത് ആതിഥേയരായിരുന്നെങ്കിലും ഗോൾ കുറിച്ചത് സന്ദർശകർ. 24ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ഹാഫിൽനിന്ന് ഉയർത്തിയടിച്ച പന്ത് അപകടമൊഴിവാക്കാൻ ഗണ്ണേഴ്സ് താരം തകെഹിറോ ടോമിയാസു ഗോളിക്ക് നൽകിയതിൽനിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി. ഗോളി കാലിലെടുക്കുംമുമ്പ് ഓടിപ്പിടിച്ച ഡി ബ്രുയിൻ ഇടംകാൽ കൊണ്ട് ആദ്യ ടച്ചിൽ ഗോളിക്കു മുകളിലൂടെ പന്ത് വലയിലെത്തിച്ചു. ഞെട്ടിയ ഗണ്ണേഴ്സിന് പിന്നീടൊരിക്കലും പതിവ് ചടുലതയിലേക്ക് തിരിച്ചെത്താനായില്ല. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബുകായോ സാക ഗണ്ണേഴ്സിനെ ഒപ്പമെത്തിച്ചു. എഡ്ഡി എൻകെറ്റിയയെ സിറ്റി ബോക്സിൽ ഗോളി എഡേഴ്സൺ ഫൗൾ ചെയ്തുവീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു സമനില ഗോൾ.

ഇ​ടവേള കഴിഞ്ഞതോടെ കൂടുതൽ ആക്രമണകാരിയായി മാറിയ സിറ്റി മുന്നേറ്റത്തിനു മുന്നിൽ ആഴ്സണൽ ശരിക്കും വിയർത്തു. 72ാം മിനിറ്റിൽ ഗബ്രിയേലിൽനിന്ന് ചോർന്നുകിട്ടിയ പന്ത് ബെർണാഡോ സിൽവയും എർലിങ് ഹാലൻഡും വഴി ഒഴിഞ്ഞുകിട്ടിയ ജാക് ഗ്രീലിഷ് അടിച്ചുകയറ്റിയത് എതിർ പ്രതിരോധ താരത്തിന്റെ കാലിൽ ചെറുതായൊന്ന് തട്ടി വല കുലുക്കി. വൈകാതെ എർലിങ് ഹാലൻഡ് പട്ടിക പൂർത്തിയാക്കി. വലതു വിങ്ങിലൂടെ ഡി ബ്രുയിൻ നൽകിയ പാസിലായിരുന്നു നോർവേ താരത്തിന്റെ തിരിച്ചുവരവറിയിച്ച ഗോൾ.

ഒരു കളി അധികം കളിച്ചാണെങ്കിലും​ ഗോൾ ശരാശരിയിൽ മുന്നിലെത്തിയ സിറ്റി ആധിപത്യം നിലനിർത്തി ചാമ്പ്യൻപട്ടം ഇത്തിഹാദിൽ നിലനിർത്താനാകും ഇനിയുള്ള ശ്രമങ്ങൾ. മറുവശത്ത്, അവസാന മത്സരങ്ങളിൽ വൻവീഴ്ചകളുടെ വഴിയിലായ ഗണ്ണേഴ്സിന് എഫ്.എ കപ്പിൽ സിറ്റിയോടും പ്രിമിയർ ലീഗിൽ എവർടണോടും ഏറ്റ തോൽവിയുടെ ക്ഷീണം തുടരുന്നുവെന്ന തോന്നലായി ബുധനാഴ്ചയിലെ മത്സരം. ഇന്നലെ സിറ്റി നേടിയ രണ്ടു ഗോളുകളിൽ ഗണ്ണേഴ്സ് താരങ്ങൾക്കു പറ്റിയ അബദ്ധം കാരണമായെന്നത് കൂടുതൽ പരിക്കാകും. ആദ്യം ടോമിയാസുവാണ് ‘അസിസ്റ്റ്’ നൽകിയതെങ്കിൽ പിന്നീട് ബ്രസീൽ താരം ഗബ്രിയേൽ വകയായിരുന്നു ഗോൾ. 

Tags:    
News Summary - Manchester City returned to the top of the Premier League as they beat Arsenal at Emirates Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT