ലണ്ടൻ: പുതിയ മാനേജർ റൂബൻ അമോറിമിന് കീഴിൽ ആദ്യമായി ഇറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് തകർപ്പൻ ജയം. യൂറോപ്പ ലീഗിൽ നോർവീജിയൻ വമ്പന്മാരായ ബോഡോ/ഗ്ലിംറ്റിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് (3-2) യുനൈറ്റഡിന്റെ ജയം.
ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ യുനൈറ്റഡ് സ്ട്രൈക്കർ റാസ്മസ് ഹോജ്‌ലണ്ട് ഇരട്ടഗോൾ നേടി. കളിയാരംഭിച്ച ആദ്യ മിനിറ്റിൽ തന്നെ അലജാൻഡ്രോ ഗാർനാച്ചോയുടെ ഗോളിൽ യുനൈറ്റഡ് മുന്നിലെത്തി. 19ാം മിനിറ്റിൽ ഹാക്കൻ ഇവ്ജൻ ഗ്ലിറ്റിങ്ങിന് വേണ്ടി സമനില ഗോൾ നേടി (1-1).
23ാം മിനിറ്റിൽ ഫിലിപ്പ് സിങ്കർനാഗൽ ഡാനിഷ് സ്ട്രൈക്കർ ഗ്ലിംറ്റിങ്ങിനെ മുന്നിലെത്തിച്ചു (2-1). 45ാം മിനിറ്റിൽ ഹോജ്‌ലണ്ട് യുനൈറ്റഡിന് വേണ്ടി ഗോൾ കണ്ടെത്തിയതോടെ സ്കോർ തുല്യമായി (2-2). 50ാം മിനിറ്റിൽ ഹോജ്‌ലണ്ട് വീണ്ടും ഗോൾ കണ്ടെത്തിയതോടെ മാഞ്ചസ്റ്റർ യുനൈറ്റഡ് വീണ്ടും ഡ്രൈവിങ് സീറ്റിലെത്തുകയായിരുന്നു.
കളിയിലുടനീളം പന്തിന്മേലുള്ള നിയന്ത്രണം കൈവശം വെച്ച യുനൈറ്റഡ് ഗോളിലേക്കെന്ന് തോന്നിച്ച അരഡസൻ നീക്കങ്ങളെങ്കിലും നടത്തിയെങ്കിലും ഫലംകണ്ടില്ല. ജയത്തോടെ യുറോപ്പ ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായി പട്ടികയിൽ 12ാം സ്ഥാനത്താണ്.
യൂറോപ്പ കോൺഫ്രൻസ് ലീഗിൽ ചെൽസി ഏകപക്ഷീയമായ രണ്ടുഗോളിന് ഹൈഡൻഹൈമിനെ കീഴടക്കി. ക്രിസ്റ്റഫർ എൻകുങ്കുവും മിഖായിലോ മുദ്രിക്കുമാണ് ഗോൾ നേടിയത്. നാല് മത്സരങ്ങളിൽ നാലും ജയിച്ച ചെൽസി ഒന്നാം സ്ഥാനത്ത് തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.