ഇനി ക്യാപ്റ്റൻ എംബാപ്പെ; ലോറി​സിന്റെ പിൻഗാമിയായി ഇനി ഫ്രാൻസിനെ നയിക്കും

ഒരു പതിറ്റാണ്ടിലേറെകാലം ചുമലിലേന്തിയ ഫ്രഞ്ച് നായകപദവി ഹ്യൂഗോ ലോറിസ് രാജിവെച്ച് ആഴ്ചകൾക്കു ശേഷം പിന്മുറക്കാരനായി കിലിയൻ എംബാപ്പെ എത്തുന്നു. കോച്ച് ദിദിയെ ദെഷാംപ്സുമായി ചർച്ചകൾക്കൊടുവിൽ പദവി ഏറ്റെടുക്കാൻ 24 കാരൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ തോറ്റതിനു പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നതായി ലോറിസ് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബലപ്പെട്ട ബലപ്പെട്ട പിൻഗാമിയെ കുറിച്ച അഭ്യൂഹങ്ങൾക്കാണ് ഒടുവിൽ വിരാമമായത്.

66 തവണ ഫ്രഞ്ച് കുപ്പായമണിഞ്ഞ എംബാപ്പെ ഫൈനലിൽ അർജന്റീനക്കെതിരെ ഹാട്രിക് നേടിയെങ്കിലും ടീമിന് കിരീടം സമ്മാനിക്കാനായിരുന്നില്ല. ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ അർജന്റീനക്കായിരുന്നു കിരീടം. നിലവിൽ പി.എസ്.ജി ഉപനായകനാണ് എംബാപ്പെ.

ഫ്രഞ്ച് ടീമിന്റെ ഉപനായകനായി അന്റോയിൻ ഗ്രീസ്മാനുണ്ടാകും. ഈയാഴ്ച യൂറോ യോഗ്യത പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെയാണ് എംബാപ്പെക്കു കീഴിൽ ഫ്രാൻസിന്റെ ആദ്യ കളി. പരിശീലനത്തിനായി താരം കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഫ്രഞ്ച് നായകപദവിയേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എംബാപ്പെ.

ക്ലബിനൊപ്പം ദേശീയ ജഴ്സിയിലും ഗോൾ മെഷീനായി യൂറോപിന്റെ താരമായി വാഴുന്ന എംബാപ്പെക്കു കീഴിൽ ഫ്രാൻസ് കൂടുതൽ കരുത്തുകാട്ടുമെന്നാണ് കരുതുന്നത്.

ഫ്രഞ്ച് ടീമിൽ ലോറിസിനു പുറമെ റയൽ സൂപർ താരം കരീം ബെൻസേമ, യുനൈറ്റഡ് താരം റാഫേൽ വരാനെ, 37കാരൻ സ്റ്റീവ് മൻഡാൻഡ എന്നിവരും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് നായകത്വ പദം എംബാപ്പെ, ഗ്രീസ്മാൻ എന്നിവരിൽ ഒരാൾക്ക് നൽകാൻ കോച്ച് ദെഷാംപ്സ് നിർബന്ധിതനായത്. 

Tags:    
News Summary - Kylian Mbappe 'selected to become the new France CAPTAIN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.