സൂപ്പർതാരം കിലിയൻ എംബാപ്പെ ഫ്രാൻസ് ദേശീയ ടീമിന്‍റെ പുതിയ നായകനായേക്കും. നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻനിരയിലാണ് താരമുള്ളത്. ഖത്തർ ലോകകപ്പിനു പിന്നാലെ 36കാരനായ നായകനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിരുന്നു.
2012 മുതൽ ലോറിസാണ് ടീമിന്‍റെ നായക പദവി വഹിച്ചിരുന്നത്. 2018ൽ ഫ്രാൻസിനെ ലോക കിരീടത്തിലേക്കും ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരിലേക്കും ടീമിനെ നയിച്ചത് ലോറിസായിരുന്നു. പ്രതിരോധ താരം റാഫേൽ വരാനെയുടെ പേരായിരുന്നു നായക സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, താരം അപ്രതീക്ഷിതമായി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് കളമൊഴിഞ്ഞതോടെയാണ് സൂപ്പർതാരം എംബാപ്പെയിലെത്തിയത്.
സ്റ്റീവ് മന്ദണ്ട (37), കരിം ബെൻസെമ (34) എന്നിവരും ക്യാപ്റ്റൻസിക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്നു. ഇവരും വിരമിക്കൽ പ്രഖ്യാപിച്ചു. സ്ട്രൈക്കറായ ജിറൂദും വിരമിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. ഇതോടെയാണ് എംബാപ്പെയിലെത്തിയത്. താരത്തെ ഇപ്പോൾ ക്യാപ്റ്റൻ ആക്കിയാൽ ലോറിസിനെ പോലെ ദീർഘകാലം ടീമിന് ഒരു നായകനെ കിട്ടും എന്നതാണ് അധികൃതർ അനുകൂലമായി കാണുന്നത്.
24 വയസ്സാണെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ ഫ്രാൻസിന്‍റെ ഏറ്റവും പരിചയ സമ്പന്നനായ താരങ്ങളിലൊരാളാണ് എംബാപ്പെ. താരത്തിന്‍റെ തോളിലേറിയായിരുന്നു കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഫ്രാൻസ് അത്ഭുത പ്രകടനം പുറത്തെടുത്തത്. രണ്ടു ലോകകപ്പ് ഫൈനൽ ഉൾപ്പെടെ ദേശീയ ടീമിനായ 59 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
പി.എസ്.ജി താരമാണ് നിലവിൽ എംബാപ്പെ. ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്‍റീനക്കെതിരെ ഹാട്രിക് നേടിയെങ്കിലും ടീം പെനാൽറ്റി ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.