ക്ലബുമായുള്ള കരാർ പുതുക്കാൻ വിസ്സമതിച്ചതിനു പിന്നാലെ സൂപ്പർതാരം കിലിയൻ എംബാപ്പെയുമായി ചർച്ചകൾ പുനരാരംഭിച്ച് പി.എസ്.ജി അധികൃതർ. 2024 ജൂൺ 30 വരെയാണ് താരത്തിന് ഫ്രഞ്ച് ക്ലബുമായി കരാറുള്ളത്. ഒരു വർഷത്തേക്ക് കൂടി ക്ലബിൽ തുടരാനുള്ള ഓപ്ഷനും താരത്തിനുണ്ടായിരുന്നു.
എന്നാൽ, കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് എംബാപ്പെ ക്ലബിനെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഈ സീസണില്‍ തന്നെ ക്ലബ് വിടണമെന്ന് എംബാപ്പെയോട് ക്ലബ് ആവശ്യപ്പെട്ടത്. ലോക ഫുട്‌ബാളില്‍ ഏറ്റവും മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയാണ് താരത്തെ വിൽക്കാൻ പി.എസ്.ജി തീരുമാനമെടുത്തത്.
കരാർ പുതുക്കുന്നുണ്ടെങ്കിൽ ജൂലൈയോടെ അറിയിക്കണമെന്നും അല്ലെങ്കിൽ വിൽപനക്കുവെക്കുമെന്നുമാണ് പി.എസ്.ജി എംബാപ്പെയെ അറിയിച്ചിരിക്കുന്നത്. എന്നാൽ, ക്ലബ് വിടാന്‍ തയാറാണെന്ന് അറിയിച്ച എംബാപ്പെ, കരാറില്‍ പറഞ്ഞതുപ്രകാരം നല്‍കാമെന്നേറ്റ ലോയല്‍റ്റി ബോണസ് മുഴുവന്‍ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വർഷം എംബാപ്പെ പി.എസ്.ജി വിടുകയാണെങ്കിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഇരുക്ലബുകളും ഇക്കാര്യത്തിൽ ധാരണയായതായാണ് പുറത്തുവരുന്ന വിവരം.
റെക്കോഡ് തുകക്കാവും താരത്തിന്‍റെ കൈമാറ്റം. 2227 കോടി രൂപ റയൽ നൽകുമെന്നാണ് വിവിധ മാധ്യമ വാർത്തകൾ പറയുന്നത്. അങ്ങനെയെങ്കിൽ ഫുട്‌ബാൾ ചരിത്രത്തിൽ ഒരു താരത്തിനായി മുടക്കുന്ന ഏറ്റവും വലിയ തുകയാകും ഇത്. 2018ൽ ബ്രസീൽ താരം നെയ്മറെ ടീമിലെത്തിക്കാൻ പി.എസ്.ജി 1978 കോടി രൂപയാണ് മുടക്കിയത്.
കരീം ബെൻസേമ ക്ലബ് വിട്ടതോടെ ഒഴിവുവന്ന സ്ട്രൈക്കർ സ്ഥാനത്തേക്കാണ് എംബാപ്പെയെ റയൽ പരിഗണിക്കുന്നത്. പി.എസ്.ജിക്കായി 260 മത്സരങ്ങളിൽനിന്ന് 212 ഗോളുകളാണ് എംബാപ്പെ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.