ദിമി'ത്രീ'യിലെരിഞ്ഞ് ബ്ലാസ്റ്റേഴ്സ്; എ.ടി.കെക്ക് 5-2ന്റെ തകർപ്പൻ ജയം

കൊച്ചി: മഴക്കൊപ്പം ഗോൾമഴയും പെയ്ത ​കൊച്ചിയിലെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. വംഗനാട്ടിൽനിന്നെത്തിയ എ.ടി.കെ മോഹൻ ബഗാനോട് 5-2നാണ് ആതിഥേയർ വീണത്. ദിമിത്രി പെട്രാ​റ്റോസിന്റെ ഹാട്രിക്കാണ് ​കൊൽക്കത്തക്കാർക്ക് വമ്പൻ ജയമൊരുക്കിയത്. പ്രതിരോധത്തിലെ പിഴവുകൾക്ക് കനത്ത വില നൽകേണ്ടിവന്നപ്പോൾ, തുടർച്ചയായ രണ്ടാം മത്സരം ജയിച്ച് ഐ.എസ്.എൽ പുതുസീസണിൽ പോയന്റ് ടേബിളിൽ ഒന്നാമതെത്താനുള്ള മഞ്ഞപ്പടയുടെ മോഹങ്ങൾ പൊലിഞ്ഞു. ആറാം മിനിറ്റിൽ ഇവാൻ കലിയൂഷ്നിയിലൂടെ ലീഡ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്സി​ന്റെ പിടിയിൽനിന്ന് മത്സരം വഴുതിമാറിയത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ മലയാളി താരം കെ.പി. രാഹുലിന്റെ ബൂട്ടിൽനിന്നായിരുന്നു.

തുടക്കം ഗംഭീരം

തുടക്കം തകർപ്പനായിരുന്നു. ചിത്രത്തിൽ ബ്ലാസ്റ്റേഴ്സ് മാത്രമുള്ള നിമിഷങ്ങൾ. ആദ്യ പത്തു​മിനിറ്റിൽ കൊൽക്കത്തക്കാരെ പന്ത് തൊടാൻ അനുവദിച്ചി​ല്ലെന്ന് പറയുന്നതാകും ശരി. അതിനിടയിൽ ഗോളിനടു​​ത്തെത്തിയ മിന്നുംനീക്കങ്ങൾ. ഒടുവിൽ ഗാലറിയെ ​ഉന്മാദത്തിലാഴ്ത്തിയ ഗോൾ. കിക്കോഫ് വിസിലിനു പിന്നാലെ കൊച്ചി ശരിക്കും അർമാദിക്കുകയായിരുന്നു. എന്നാൽ, ആളിക്കത്തിയ ശൗര്യം മഴയിൽ പൊടുന്നനെ തണുത്തുറഞ്ഞതുപോലെയായി കാര്യങ്ങൾ. ആദ്യ 20 മിനിറ്റിൽ മൈതാനം വാണ ബ്ലാസ്റ്റേഴ്സിന്റെ പിഴവുകളിൽനിന്ന് വംഗനാട്ടുകാർ വിജയത്തിലേക്ക് പൊരുതിക്കയറുകയായിരുന്നു.

രണ്ടാം മിനിറ്റിൽതന്നെ ഗോളിന്റെ ആ​വേശം നിറയേണ്ടതായിരുന്നു. കലിയൂഷ്നിയുടെ പാസ് കാലിൽകൊരുത്ത് ബോക്സിൽ കയറിയ സഹൽ അബ്ദുൽസമദിനു മുന്നിൽ ഗോളി വിശാൽ കെയ്ത്ത് മാത്രം. പോസ്റ്റിലേക്ക് അടിച്ചുകയറ്റുന്നതിനുപകരം ഗോളിയെയും കട്ട്ചെയ്ത് വഴി സുഗമമാക്കാൻ സഹലിന്റെ നീക്കം. എന്നാൽ, ഗോളെന്നുറപ്പിച്ച ​ശ്രമം വിശാൽ സമർഥമായി തടഞ്ഞു. രണ്ടുമിനിറ്റിനുശേഷം കലിയൂഷ്നിയുടെ നീക്കത്തിൽനിന്ന് പ്യൂട്ടിയക്ക് അവസരം ഒത്തുകിട്ടിയെങ്കിലും വോളി പുറത്തേക്കായിരുന്നു. എന്നാൽ, ആറാം മിനിറ്റിൽ നിറഗാലറിയെ ആ​വേശത്തിൽ മുക്കി ഗോളെത്തി. എ.ടി.കെ ഗോൾമുഖത്ത് പന്തുകൈമാറിയെത്തിയതിനൊടുവിൽ സഹൽ നൽകിയ പാസിൽ ക്ലോസ്റേഞ്ചിൽനിന്ന് കലിയൂഷ്നി വലയിലേക്ക് വെടിയുതിർത്തു.

പതിയെ കയറിയെത്തി എ.ടി.കെ

ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യ പത്താം മിനിറ്റിലാണ് മത്സരത്തിൽ ആദ്യമായി എ.ടി.കെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖ​ത്തേക്ക് പന്ത് തട്ടിനീക്കിയെത്തിയത്. അത് വലയിൽ കയറുകയും ചെയ്തു. പക്ഷേ, ലൈൻസ്മാന്റെ ഓഫ്സൈഡ് കൊടി അതിനുമുമ്പേ ഉയർന്നുകഴിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അപ്രതീക്ഷിത റെയ്ഡുകളിലും പന്തടക്കത്തിലും പരിഭ്രമിച്ചുപോയ എ.ടി.കെക്ക് തുടക്കത്തിൽ ഒന്നും ശരിയായില്ല.

പതിയെ മത്സരത്തിലേക്ക് കയറിയെത്തിയ അവരുടെ നീക്കങ്ങൾക്ക് സാവകാശമാണ് മൂർച്ച കൈവന്നത്. മഴ പെയ്തിറങ്ങിയ മൈതാനത്ത് വിങ്ങുകളിലൂടെ കയറിയെത്തിയ എ.ടി.കെ ഇടക്ക് അപായസൂചനകളുയർത്തിത്തുടങ്ങി. പൂർണതോതിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിലും ഇത്തരമൊരു നീക്കത്തിൽ എ.ടി.കെ 26ാം മിനിറ്റിൽ സമനിലഗോൾകുറിച്ചു. സഹലിനെ വീഴ്ത്തിയത് ഉറച്ച ഫൗൾ ആയിരുന്നെങ്കിലും അതിനു​നേരെ റഫറി കണ്ണടച്ച ആനുകൂല്യം മുതലെടുത്തായിരുന്നു കൊൽക്കത്തക്കാരുടെ ഗോൾ. ബ്ലാസ്റ്റേഴ്സ് മധ്യനിര അന്തിച്ചുനിൽക്കെ ഇടതുവിങ്ങിലൂടെ പന്തെടുത്തുകുതിച്ച ഹ്യൂഗോ ബൗമോസ് ബോക്സിൽകയറി നൽകിയ പാസ് ദിമിത്രി പെട്രാ​റ്റോസിന് ഒന്നു തട്ടിയിടുകയേ വേണ്ടിവന്നുള്ളൂ.

കാണികളുടെ പിന്തുണയോടെ തിരിച്ചടിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് 32ാം മിനിറ്റിൽ ഗോളിനടുത്തെത്തിയിരുന്നു. ജീക്സൺ സിങ്ങിന്റെ ഹെഡർ പക്ഷേ, പോസ്റ്റിനെ പിടിച്ചുകുലുക്കി വഴിമാറി. പിന്നാ​ലെ, ദിയാമാന്റാകോസിന്റെ കിടിലൻ വോളിയും ലക്ഷ്യംതെറ്റിപ്പറന്നു. മറുവശത്ത് കളിഗതിക്കെതിരെ വീണ്ടുമൊരു പ്രത്യാക്രമണത്തിൽനിന്ന് എ.ടി.കെ ലീഡ് നേടിയതോടെ ഗാലറി നിശബ്ദമായി. ഇക്കുറി വലതു വിങ്ങിലൂടെ മുന്നേറിയ മൻവീർ സിങ് സമർഥമായി തള്ളിക്കൊടുത്ത ത്രൂപാസിൽ ജോണി കൗകോയാണ് ഗില്ലി​നെ കീഴ്പെടുത്തിയത്.

പാളിയ പ്രതിരോധം, പതനം പൂർണം

രണ്ടാം പകുതിയിലും ആവേശനിമിഷങ്ങളായിരുന്നു മൈതാനത്ത്. 50ാം മിനിറ്റിൽ കലിയൂഷ്നിയുടെ ഷോട്ട് എ.ടി.കെ ഗോളി ശ്രമകരമായാണ് തടഞ്ഞിട്ടത്. ഇരുനിരയും കൊണ്ടും കൊടുത്തും പോരടിക്കുന്നതിനിടയിൽ 62ാം മിനിറ്റിൽ എ.ടി.കെ. ലീഡുയർത്തി. ലിസ്റ്റൺ കൊളാസോയുടെ പാസിൽ പെട്രാറ്റോസിന്റെ ഫിനിഷ്. സഹലിനും ഹർമൻജോത് ഖബ്രക്കും പകരം ബ്ലാസ്റ്റേഴ്സ് രാഹുലിനെയും നിഷുകുമാറിനെയും കളത്തിലിറക്കി. കലിയൂഷ്നി മാറി അപോസ്റ്റോലോസ് ജിയാനുവും വന്നു. 81ാം മിനിറ്റിൽ രാഹുലിന്റെ ഗോളായിരുന്നു ഇതിന് ലഭിച്ച പ്രതിഫലം. വലതുവിങ്ങിൽനിന്ന് രാഹുൽ തൊടുത്ത ഷോട്ട് വിശാലിന്റെ കൈകളിൽനിന്ന് ഊർന്ന് വലയിലെത്തുകയായിരുന്നു. തിരിച്ചുവരാൻ കിണഞ്ഞുശ്രമിക്കുന്നതിനിടയിൽ അമ്പേ പാളിയ പ്രതിരോധത്തിന്റെ പിഴവു മുതലെടുത്ത് 88ാം മിനിറ്റിൽ ലെനി റോഡ്രിഗസും ഇഞ്ചുറി ടൈമിൽ പെട്രാറ്റോസും വല കുലുക്കിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർണമായി. ഈ മാസം 23ന് ഭുവനേശ്വറിൽ ഒഡിഷക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം


Tags:    
News Summary - Kolkatans fight back; Behind the blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.