ആഷ്‌ലി വെസ്റ്റ്‌‌‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നിയമനം സീസൺ അവസാനം വരെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്റ്റ്‌‌‌വുഡിനെ നിയമിച്ചു. സീസൺ അവസാനം വരെയാണ് നിയമനം. ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കിയ ഡേവിഡ് കറ്റാലക്കു പകരക്കാരനായാണ് ആഷ്‌ലി വെസ്റ്റ്‌‌‌വുഡ് എത്തുന്നത്.

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെസ്റ്റ്‌‌‌വുഡ് ബ്ലാസ്റ്റേഴ്സ് പരിശീലകനാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐ.എസ്.എല്ലിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്നാണ് കറ്റാലയെ പുറത്താക്കിയത്. അവസാന മത്സരത്തിൽ പഞ്ചാബ് എഫ്‌.സിയോട് സ്വന്തം തട്ടകത്തിൽ വഴങ്ങിയ കനത്ത തോൽവിയാണ് കറ്റാലയുടെ പുറത്തുപോക്കിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഈ സീസണിൽ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ കഴിയാത്തതും കറ്റാലക്ക് തിരിച്ചടിയായി. ആരാധകരുടെ വലിയ പ്രതിഷേധങ്ങൾക്കിടയിലാണ് മാനേജ്‌മെന്റ് ഈ നിർണായക തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ കോച്ചും മാനേജ്‍മെന്റും തമ്മിൽ ധാരണയിലെത്തി. സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം അതീവ നിരാശാജനകമായിരുന്നു. ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി അഞ്ചു മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. ആറു മത്സരങ്ങളിൽ നിന്നായി വെറും ഒരു പോയന്റ് മാത്രമാണ് ടീമിന്‍റെ സമ്പാദ്യം.

14 ടീമുകളുള്ള ടൂർണമെന്‍റിന്‍റെ പോയന്റ് ടേബിളിൽ 13ാം സ്ഥാനത്താണ് ടീം. 14 -ാമതുള്ള മുഹമ്മദൻസ് എഫ്.സി ബ്ലാസ്റ്റേഴ്സിനേക്കാൾ രണ്ട് മത്സരം കുറവാണ് കളിച്ചത്. ഇത്തവണ ഐ.എസ്.എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ.എസ്.എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത.

Tags:    
News Summary - Kerala Blasters announced Ashley Westwood as new Head Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.