ഫൈ​ന​ലി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ. ബ്ലാ​സ്റ്റേ​ഴ്സ്

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച ചി​ത്രം

കന്നിക്കിരീടം തേടി ബ്ലാസ്റ്റേഴ്സ്

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം തേടി കേരള ബ്ലാസ്റ്റേഴ്സ് ഫറ്റോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നിറങ്ങുന്നു. ഹൈദരാബാദ് എഫ്.സിക്കെതിരെ വൈകീട്ട് 7.30നാണ് കലാശക്കളിയുടെ കിക്കോഫ്.

ബ്ലാസ്റ്റേഴ്സിനിത് മൂന്നാം ഫൈനലാണ്.ഹൈദരാബാദിന് ആദ്യ കലാശപ്പോരും. സീസണിൽ മുമ്പ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ കളി വീതം ജയിച്ചു. ലീഗ് റൗണ്ടിൽ ഹൈദരാബാദ് രണ്ടാമതായും ബ്ലാസ്റ്റേഴ്സ് നാലാമതായുമാണ് ഫിനിഷ് ചെയ്തത്. ദ്വിപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 2-1ന് ജാംഷഡ്പുർ എഫ്.സിയെ കീഴടക്കിയപ്പോൾ ഹൈദരാബാദ് 3-2ന് എ.ടി.കെ മോഹൻ ബഗാനെ മറികടന്നു.

അസുഖ ബാധിതനായ സൂപ്പർ താരം അഡ്രിയാൻ ലൂന ഫൈനലിൽ കളിച്ചേക്കില്ലെന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും. സെമി രണ്ടാം പാദത്തിൽ പരിക്കുമുലം ഇറങ്ങാതിരുന്ന മലയാളി താരം സഹൽ അബ്ദുസ്സമദ് ഫൈനലിലും ഇറങ്ങില്ലെന്നാണ് സൂചന.

സഹലിനൊപ്പം ലൂനയും കൂടിയില്ലെങ്കിൽ മൈതാനമധ്യത്തിൽ ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നഷ്ടമാവും. കോച്ച് ഇവാൻ വുകോമാനോവിച് ഇതിനൊരുക്കുന്ന മറുതന്ത്രമാവും നിർണായകമാവുക. 



 


മൂന്നിലെത്തുമോ മോഹമഞ്ഞ?

മഡ്ഗാവ്: കേരളത്തിലെ കാൽപന്ത് ആരാധകരുടെ കിരീട കാത്തിരിപ്പിന് ഇന്ന് ശുഭാന്ത്യമാവുമോ? ഫറ്റോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മഞ്ഞപ്പടയായി ഇറങ്ങാനാവില്ലെങ്കിലും ഗാലറി മുഴുവൻ നിറയുന്ന മഞ്ഞക്കടലിന്റെ ആരവത്തിൽനിന്ന് ആവേശമുൾക്കൊണ്ട് കിരീടത്തിലേക്ക് പന്ത് പായിക്കാൻ ഇവാൻ വുകോമാനോവിചിനും സംഘത്തിനുമാവുമോ?

ഐ.എസ്.എൽ എട്ടാം പതിപ്പിന്റെ കലാശപ്പോരാട്ടത്തിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും കൊമ്പുകോർക്കുമ്പോൾ മൂന്നാമങ്കത്തിൽ മോഹമഞ്ഞ മാറിലണിയാനാവുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സും മലയാളക്കരയും. മുമ്പ് രണ്ടുതവണ ഫൈനലിലെത്തിയപ്പോഴും അവസാന കടമ്പയിൽ കാലിടറി വീഴാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. 2014ലും 2016ലും കലാശക്കളിയിൽ അത്‍ലറ്റികോ ഡി കൊൽക്കത്തക്കുമുന്നിൽ ഇടറി വീണതിന്റെ നിരാശ ഇത്തവണ തീർക്കാനുണ്ട് ബ്ലാസ്റ്റേഴ്സിന്. ഹൈദരാബാദിനാവട്ടെ ഇന്ന് കന്നി കലാശക്കളിയാണ്. ആദ്യ ശ്രമത്തിൽ തന്നെ കിരീടം നൈസാമിന്റെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് മനാലോ മാർക്വസിന്റെ ടീം.

ഒപ്പത്തിനൊപ്പം മഞ്ഞപ്പടകൾ

ഏറക്കുറെ ഒപ്പത്തിനൊപ്പം നിൽക്കുന്ന ടീമുകളാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും. രണ്ടു ടീമുകളുടെയും ഹോം ജഴ്സി മഞ്ഞയാണ്. എന്നാൽ, ലീഗ് റൗണ്ടിലെ പോയന്റ് മുൻതൂക്കത്തിൽ ഹൈദരാബാദിനാവും ഫൈനലിൽ മഞ്ഞയണിയാനുള്ള അവസരം. ബ്ലാസ്റ്റേഴ്സ് എവേ ജഴ്സിയിലിറങ്ങും.

മനോഹരമായ അറ്റാക്കിങ് ഫുട്ബാൾ കളിക്കുന്ന ടീമുകളാണ് രണ്ടും. പരിചയസമ്പന്നതയുടെയും യുവത്വത്തിന്റെയും സമന്വയമാണ് ഇരുസംഘങ്ങളിലും. വിദേശ താരങ്ങൾ ഒന്നിനൊന്ന് മികച്ചവർ. ബ്ലാസ്റ്റേഴ്സ് നിരയിൽ അഡ്രിയാൻ ലൂനയും അൽവാരോ വാസ്ക്വസും മാർകോ ലെസ്കോവിചും ജോർഹെ പെരേര ഡയസുമടക്കമുള്ള വിദേശ താരങ്ങൾ തിളങ്ങുമ്പോൾ ഹൈദരാബാദ് നിരയിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ബർതലോമിയോ ഒഗ്ബെചെ, ജാവോ വിക്ടർ, യുവാനൻ, ജോയൽ ചിയാനീസ്, ഹാവിയർ സിവേരിയോ തുടങ്ങിയവരുണ്ട്. യുവതാരങ്ങളായ മുഹമ്മദ് യാസിർ, ആകാശ് മിശ്ര, സൗവിക് ചക്രവർത്തി, അനികേത് ജാദവ് തുടങ്ങിയവർ ഹൈദരാബാദിന്റെയും ഹോർമിപാം റുയിവ, പ്രഭ്സുഖൻ സിങ് ഗിൽ, പ്യൂട്ടിയ, ജീക്സൺ സിങ്, സഞ്ജീവ് സ്റ്റാലിൻ, ആയുഷ് അധികാരി, സഹൽ തുടങ്ങിയവർ ബ്ലാസ്റ്റേഴ്സിന്റെയും നിരയിൽ മിന്നുന്ന യുവതാരങ്ങളാണ്.


 


നേർക്കുനേർ പോരുകൾ

ഒഗ്ബെചെ Vs ഹോർമിപാം

ഹൈദരാബാദിന്റെ പ്രധാന സ്ട്രൈക്കർ ഒഗ്ബെചെയെ തളക്കുകയാവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പുതുപ്രതിഭ ഹോർമിപാമിന്റെ ദൗത്യം. ആദ്യ കളിയിൽ ഒഗ്ബെചെയെ പൂട്ടിയതാണ് ബ്ലാസ്റ്റേഴ്സിന് ജയം നൽകിയത്. എന്നാൽ, രണ്ടാം പാദത്തിൽ മലയാളി താരം ബിജോയ് വർഗീസിന്റെ പൂട്ടുതകർത്ത നൈജീരിയക്കാരൻ സ്കോർ ചെയ്തു. പ്രതിരോധത്തിലെ അതികായൻ മാർകോ ലെസ്കോവിച് എതിർമുന്നേറ്റങ്ങളുടെ മുനയൊടിക്കാൻ മുന്നിൽ നിൽക്കുമ്പോൾ ഒഗബെചെയെ ചുറ്റിപ്പറ്റിയാവും ഹോർമിപാം നിലയുറപ്പിക്കുക.

വാസ്ക്വസ് Vs യുവാനൻ

ഏത് പ്രയാസമേറിയ ആംഗിളിൽനിന്നും ഗോളിലേക്ക് ഉന്നംവെക്കുന്ന വാസ്ക്വസിന് തടയിടാനുള്ള ഡ്യൂട്ടി ഹൈദരാബാദ് പ്രതിരോധത്തിലെ യുവാനന് ആയിരിക്കും. വാസ്ക്വസും മുന്നേറ്റനിരയിലെ പങ്കളി ഡയസും പ്രസിങ് ഗെയിമിന് മിടുക്ക് കാണിക്കുന്നവരായതിനാൽ ഹൈദരാബാദ് പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാവും. ഇരുസ്ട്രൈക്കർമാരും എട്ടു ഗോൾ വീതം നേടിയിട്ടുണ്ട്.

അഡ്രിയാൻ ലൂന Vs ജാവോ വിക്ടർ

ബ്ലാസ്റ്റേഴ്സിന്റെ ഡ്രൈവറാണ് ലൂനയെങ്കിൽ ഹൈദരാബാദിന്റെ എൻജിനാണ് വിക്ടർ. അറ്റാക്കിങ് മിഡ്ഫീൽഡറായ ലൂനയും ഡിഫൻസീവ് മിഡ്ഫീൽഡറായ വിക്ടറും തമ്മിലുള്ള മൈതാന മധ്യത്തിലെ പോരായിരിക്കും മുൻതൂക്കം ആർക്കെന്ന് നിശ്ചയിക്കുക.



 

മുഹമ്മദ് യാസിർ Vs പ്യൂട്ടിയ

ഹൈദരാബാദിന്റെ പ്ലേമേക്കറാണ് മുഹമ്മദ് യാസിർ. പ്യൂട്ടിയയാവട്ടെ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ആക്രമണത്തെയും പ്രതിരോധത്തെയും യോജിപ്പിക്കുന്ന കണ്ണിയും.

മൈതാനമധ്യത്തിലൂടെയെത്തി മുന്നിലേക്കും വശങ്ങളിലേക്കും യാസിർ സപ്ലൈ ചെയ്യുന്ന പന്തുകളാണ് ഹൈദരാബാദിന്റെ മുന്നേറ്റത്തിൽ നിർണായകമാവുക. എതിർനീക്കങ്ങളുടെ മുനയൊടിക്കുന്നതിനൊപ്പം തുടക്കമിടുക എന്ന ഉത്തരവാദിത്തം കൂടി നിർവഹിക്കുന്ന പ്യൂട്ടിയക്കാവും യാസിറിനെ പൂട്ടാനുള്ള ദൗത്യം.

Tags:    
News Summary - ISL Kerala blasters VS Hydarabad FC final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.