ലൂനയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ

കൊച്ചി: സൂപ്പർ താരം അഡ്രിയാൻ ലൂനയുടെ തകർപ്പൻ ഗോളിൽ ഐ.എസ്.എല്ലിലെ ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് 1-0 ത്തിന് മുന്നിൽ. 72-ാം മിനിറ്റിൽ ഹർമൻജോത് ഖബ്രയുടെ പാസിൽ നിന്നായിരുന്നു ഗോൾ.

വിരസമായിരുന്ന ആദ്യപകുതിയിൽ നിന്ന് വിഭിന്നമായി പുത്തനുണർവും ആക്രമണ വീര്യവുമുള്ള പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ടത്. മാലപ്പടക്കം പോലെ അറ്റാക്കിങ്ങിൻ്റെ തുടർച്ചകൾ. വംഗനാടൻ ഗോൾമുഖം ഇടതടവില്ലാതെ വിറകൊണ്ടവേളയിൽ ഏതുനിമിഷവും വലകുലുങ്ങിയേക്കാമെന്ന തോന്നലായിരുന്നു.

ഗോളെന്നുറച്ച രണ്ടവസരങ്ങളിൽ ഗോളി കമൽജിത് സിങ് ഈസ്റ്റ് ബംഗാളിൻ്റെ രക്ഷകനായി. ഒരു തവണ ജീക്സൺ സിങ്ങിൻ്റേയും പിന്നാലെ ദിമിത്രിയോസിൻ്റയും നീക്കങ്ങൾ തടഞ്ഞ കമൽജിത് ലൂനയുടെ ഗോളെന്നുറച്ച നീക്കത്തിനും ധീരമായിതടയിട്ടു.

വല കുലുങ്ങാതെ വിരസ പകുതി

ഈസ്റ്റ് ബംഗാളിനെതിരെ ഐ.എസ്.എൽ പുതുസീസണിലെ ആദ്യ കളിയുടെ ആദ്യ പകുതി വിരസമായിരുന്നു. കിക്കോഫ് വിസിലിനു പിന്നാലെ ഈസ്റ്റ് ബംഗാളിൻ്റെ മുന്നേറ്റമായിരുന്നു ആദ്യം. കോർണർ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചത്. പിന്നാലെ, പ്രത്യാക്രമണത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കോർണർ കിക്ക്. പോസ്റ്റിന് തൊട്ടു മുന്നിൽ മാർക് ലെസ്കോവിച്ചിൻ്റെ ഫ്രീ ഹെഡർ പക്ഷേ പുറത്തേക്ക് പറന്നു.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒത്തിണക്കം കാട്ടാതെ പിന്നോട്ടടിച്ച ഘട്ടത്തിൽ ഗോളിലേക്കുള്ള ആദ്യ പരീക്ഷണം ഈസ്റ്റ് ബംഗാളിൻ്റെ വകയായിരുന്നു. ബ്രസീലിയൻ മിഡ്ഫീൽഡർ അലക്സ് ലിമ ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ കടന്നു കയറി തൊടുത്ത ഷോട്ട് ഗോളി പ്രഭ്സുഖൻ ഗിൽ വലതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. രണ്ടു മിനിറ്റിനു ശേഷം ക്യാപ്റ്റൻ ജെസൽ കാർണീറോ ഒരുക്കിക്കൊടുത്ത അവസരത്തിൽ ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സ്ട്രൈക്കർ അപ്പോസ്തോലോസ് ജിയാനുവിൻ്റെ ഷോട്ട് വലക്ക് മുകളിലൂടെ പറന്നു.

കൂടുതൽ പ്രതിരോധാത്മകം ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. ആവേശത്തിൻ്റെ പരകോടിയിൽ ഗാലറിയിലെത്തിയ മഞ്ഞക്കുപ്പായക്കാർ പ്രിയ ടീമിൻ്റെ ചടുല നീക്കങ്ങളില്ലാതായതോടെ മൂകരായി. പന്തടക്കവും ക്രിയേറ്റിവ് നീക്കങ്ങളും അന്യം നിന്ന ആദ്യ പകുതിയിൽ ലോങ് ബാളുകളിലൂന്നിയ ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് കൂടുതൽ അവലംബിച്ചത്. പ്രതിഭാധനരെങ്കിലും കളിക്കാർക്കിടയിലെ ഒത്തിണക്കത്തിൻ്റെ അഭാവം ബ്ലാസ്റ്റേഴ്സിൻ്റെ നീക്കങ്ങളിൽ മുഴച്ചു നിന്നു.

Tags:    
News Summary - IPL Kerala Blasters FC vs East Bengal FC update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT