കൊച്ചിയിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ ഗോൾ നേടിയ ഇന്ത്യയുടെ റയാൻ വില്യംസിന്‍റെ ആഹ്ലാദം

ഗോളടിച്ച് അരങ്ങേറ്റം മിന്നിച്ച് റയാൻ വില്യംസ്; ഹോങ്കോങ്ങിനെ 2-1ന് തോൽപിച്ച് ഇന്ത്യ; ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിൽ ആശ്വാസ ജയം

കൊച്ചി: നീല ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ റയാൻ വില്യംസ് ഗോളടിച്ച് തിളങ്ങിയപ്പോൾ, ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് ആശ്വാസ ജയം. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നാണ് ഇന്ത്യ എതിരാളികളായ ഹോങ്കോങ്ങിനെ തരിപ്പണമാക്കിയത്.

യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത് ആദ്യ ജയം. അഞ്ച് പോയന്റോടെ ഗ്രൂപ് ‘സി’യിൽ നാലാം സ്ഥാനത്താണ് ടീം. ആസ്ട്രേലിയൻ പാസ്പോർട്ട് ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ച റയാൻ വില്യംസ്, കളിയാരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. വലതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ അഭിഷേക് സിങ് നൽകിയ പാസ് മുന്നേറ്റതാരം മൻവീർ സിങ് ബോക്സിനരികിലേക്ക് വീഴ്ത്തിയപ്പോൾ നിമിഷമൊട്ടും പാഴാക്കാതെ റയാൻ വലയിലേക്ക് കൂളായി അടിച്ചുകയറ്റി. അന്നേരം തലയിൽ കൈവെച്ചു നിൽക്കാനേ ഹോങ്കോങ്ങിന്റെ ഗോൾകീപ്പർ പോങ് ചൂക്കിനായുള്ളൂ. കളിയുടെ ആദ്യ മിനിറ്റുകളിൽതന്നെ പിറന്ന ഗോളിനു പിന്നാലെ ഗാലറിയിലെ നീലപ്പട ആർത്തിരമ്പി.

ആദ്യ ഇലവനില്‍ മലയാളി താരങ്ങള്‍ക്കൊന്നും ഇടം ലഭിച്ചില്ല. ഗോള്‍കീപ്പറാ‍യ ഗുര്‍പ്രീത് സിങ് സന്ധു തന്നെയായിരുന്നു ടീമിന്റെ നായകൻ. 17ാം മിനിറ്റിൽ ഹോങ്കോങ്ങിന്റെ മാനുവൽ ബ്ലെഡ‍യുടെ തിരിച്ചടി ശ്രമം ഇന്ത്യൻ പട ഒന്നാകെ വട്ടമിട്ട് വിഫലമാക്കി. തൊട്ടുപിന്നാലെ റയാനും മൻവീർ സിങ്ങും ചാങ്തേയും ചേർന്ന് നടത്തിയ രണ്ടാം ഗോളിനുള്ള നീക്കവും പാളിപ്പോയി. 23ാം മിനിറ്റിൽ ഗോളാവുമായിരുന്ന ചാങ്തേയുടെ കിക്ക് പോങ് ചൂക്ക് നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കി. 50ാം മിനിറ്റിൽ ഇന്ത്യയുടെ ആകാശ് മിശ്ര അനായാസമുള്ള ഗോളിലൂടെ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. രാഹുൽ ഭേഖെയുടെ ലോങ് ത്രോ ഹെഡറിലൂടെ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ച എതിരാളികളെയെല്ലാം മറികടന്ന് വന്നുവീണത് ആകാശിന്റെ മുന്നിലാണ്. ആകാശിന്റെ കാലിൽനിന്ന് തൊടുത്ത പന്ത് കുതിച്ചുനീങ്ങി കൃത്യം വലയിലേക്ക് (2-0). ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള എതിരാളികളുടെ ശ്രമം 65ാം മിനിറ്റിൽ ഹോങ്കോങ്ങിന്റെ മുന്നേറ്റതാരം എവർട്ടൺ കമാർഗോയിലൂടെ സാധ്യമായി.

വലയിൽ വീഴാതെ കാക്കാൻ ഗുർപ്രീതിനും മുന്നിലുണ്ടായിരുന്ന സന്ദേശ് ജിങ്കാനുമായില്ല (2-1). 69ാം മിനിറ്റിൽ റയാനു പകരം മലയാളി താരം ആഷിഖ് കുരുണിയനെയും അൻവർ അലിക്കു പകരം ജീക്സൺ സിങ്ങിനെയും കളത്തിലിറക്കുകയായിരുന്നു ടീമിന്റെ പരിശീലകൻ ഖാലിദ് ജമീൽ. 89ാം മിനിറ്റിൽ ചാങ്തെക്കു പകരം മലയാളി അരങ്ങേറ്റക്കാരൻ ബിജോയ് വർഗീസിനെയും ഇറക്കി. വന്നയുടൻ മികച്ച നീക്കങ്ങൾ കാഴ്ച വെക്കാൻ ആഷിഖിനായി. രണ്ടാം ഗോൾ തിരിച്ചടിക്കാനും സമനില കൈവരിക്കാനും അവസാന നിമിഷം വരെ ഹോങ്കോങ് ആഞ്ഞു കളിച്ചെങ്കിലും പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ ശ്രദ്ധയൂന്നിയ ഇന്ത്യൻ വല ഒരിക്കൽകൂടി കുലുക്കാനാവാതെ മടങ്ങാനായിരുന്നു അവർക്ക് വിധി.

Tags:    
News Summary - India 2-1 Hong Kong, Ryan Williams Steals the Show at AFC Asian Cup 2027 Qualifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.