മലപ്പുറത്ത് കേരള പൊലീസ് വെറ്ററൻസും മലപ്പുറം വെറ്ററൻസും തമ്മില് നടന്ന സൗഹൃദ ഫുട്ബാള് മത്സരത്തില് പൊലീസ് വെറ്ററന്സിനുവേണ്ടി ഐ.എം. വിജയെൻറ മുന്നേറ്റം - മുസ്തഫ അബൂബക്കർ
വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പന്തുമായി വിജയനും കൂട്ടരും
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടര്മാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഫുട്ബാൾ മത്സരവും. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിെൻറ (സ്വീപ്പ്) ഭാഗമായി മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കേരള പൊലീസ് വെറ്ററൻസും മലപ്പുറം വെറ്ററൻസും തമ്മിലായിരുന്നു മത്സരം.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം. വിജയൻ നയിച്ച പൊലീസ് സംഘം ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചു. എം.എസ്.പി അസി. കമാൻഡൻറുമാരും മുൻ ദേശീയ താരങ്ങളുമായ ഹബീബ് റഹ്മാനും റോയ് റോജസും ടീമിലുണ്ടായിരുന്നു. മുൻ ജില്ല, സംസ്ഥാന താരങ്ങൾ ഉൾപ്പെട്ടതായിരുന്നു മലപ്പുറം വെറ്ററൻസ്.
ആദ്യ പകുതിയിൽ ഇരുടീമും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു. വിജയനെ ബോക്സിൽ ഫൗൾ ചെയ്തതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി കിക്ക് മുഹമ്മദ് ബഷീർ ലക്ഷ്യത്തിലെത്തിച്ചു. മുൻ ജില്ല സീനിയർ താരം മൻസൂർ അലിയിലൂടെ മലപ്പുറം വെറ്ററൻസ് ഗോൾ മടക്കി.
രണ്ടാം പകുതിയിൽ കളി തീരാനിരിക്കെ ഹമീദും ജിബിനും നേടിയ ഗോളുകളിൽ ലീഡുയർത്തിയ പൊലീസ് വെറ്ററൻസ് വിജയവും സ്വന്തമാക്കി. ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ കിക്കോഫ് നിർവഹിച്ചു. എം.എസ്.പി കമാൻഡൻറ് യു. അബ്ദുൽ കരീം, അസി. കലക്ടർ പി. വിഷ്ണുരാജ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.