ചാമ്പ്യൻസ് ലീഗ് കിരീടവുമായി ലൂയിസ് എൻറിക്വെ
ബുഡാപെസ്റ്റ്: തുടർച്ചയായി രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ സൂപ്പർ താരങ്ങളില്ലെങ്കിൽ പി.എസ്.ജിക്ക് യൂറോപ്പിൽ നിലനിൽപ്പില്ലെന്ന് പ്രവചിച്ചവരുടെ വായടപ്പിച്ചിരിക്കുകയാണ് ലൂയിസ് എൻറിക്വെയുടെ പി.എസ്.ജി. ബുഡാപെസ്റ്റിലുള്ള പുസ്കാസ് അരീനയിൽ നടന്ന ആവേശകരമായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) തകർത്താണ് പി.എസ്.ജി തുടർച്ചയായ രണ്ടാം യൂറോപ്യൻ കിരീടം സ്വന്തമാക്കിയത്. നെയ്മറും മെസ്സിയും ഒടുവിൽ എംബാപ്പെയും പടിയിറങ്ങിയപ്പോൾ പാരീസിൽ വലിയൊരു ശൂന്യതയാണ് ഫുട്ബോൾ ലോകം കണ്ടത്. എന്നാൽ എൻറിക്വെയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. വ്യക്തിഗത മികവുകൾക്ക് പകരം, ഒറ്റക്കെട്ടായി പൊരുതുന്ന ഒരു ശൈലിയാണ് അദ്ദേഹം ടീമിൽ കൊണ്ടുവന്നത്. പ്രതിരോധത്തിലെ അച്ചടക്കവും മൈതാനത്തെ പൂർണ്ണ സമർപ്പണവും അദ്ദേഹം താരങ്ങളിൽ നിന്ന് ഉറപ്പാക്കി.
കോടിക്കണക്കിന് രൂപ ഒഴുക്കിയിട്ടും വർഷങ്ങളായി പി.എസ്.ജിക്ക് കിട്ടാക്കനിയായിരുന്നു ചാമ്പ്യൻസ് ലീഗ്. ലോകോത്തര താരനിരയെ അണിനിരത്തിയിട്ടും 2020-ൽ ബയേണിനോട് ഫൈനലിൽ തോറ്റു. എന്നാൽ എൻറിക്വെയുടെ വരവോടെ കഥ മാറി. ആദ്യ സീസണിൽ സെമിയിൽ എത്തിയ ടീം, 2025-ൽ തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം പാരീസിലെത്തിച്ചു. ഇപ്പോഴിതാ 2026-ലും യൂറോപ്പിന്റെ രാജാക്കന്മാരായി അവർ കിരീടം നിലനിർത്തിയിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരെന്ന സമ്മർദ്ദത്തെ അതിജീവിച്ചാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ടീമായി പി.എസ്.ജി മാറിയത്.
2025-ൽ തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം പാരീസിലെത്തിച്ച പി.എസ്.ജി, 2026-ലും അത് ആവർത്തിച്ചപ്പോൾ ലൂയിസ് എൻറിക്വെയുടെ പേര് ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുകയാണ്. കാർലോ ആൻസലോട്ടി, സിനദിൻ സിദാൻ, പെപ് ഗ്വാർഡിയോള, ബോബ് പെയ്സ്ലി എന്നീ ഇതിഹാസ പരിശീലകർക്ക് ശേഷം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന അഞ്ചാമത്തെ പരിശീലകനായി എൻറിക്വെ മാറി. തുടർച്ചയായ അഞ്ചാം ലീഗ് വൺ കിരീടവും 2025-ലെ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പും ഉൾപ്പെടെ ചരിത്രപരമായ ഒരു 'സെക്സ്റ്റപ്പിൾ' (ആറ് കിരീടങ്ങൾ) നേട്ടം ഫ്രഞ്ച് ഫുട്ബോളിൽ അവർ കുറിച്ചു. ഇതിനിടെ, ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 50 വിജയങ്ങൾ നേടുന്ന പരിശീലകനെന്ന പെപ് ഗ്വാർഡിയോളയുടെ റെക്കോർഡും എൻറിക്വെ സ്വന്തമാക്കി. ഒരു ക്ലബ്ബിന്റെ ശൈലി പൂർണ്ണമായും മാറ്റിമറിച്ച് അവരെ തുടർച്ചയായി രണ്ട് തവണ യൂറോപ്യൻ ചാമ്പ്യന്മാരാക്കുക എന്ന അവിശ്വസനീയ നേട്ടമാണ് ലൂയിസ് എൻറിക്വെ ഫുട്ബോൾ ചരിത്രത്തിൽ എഴുതിച്ചേർത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.