ഫിൻലൻഡിനെതിരെ ജർമനിക്ക് തകർപ്പൻ ജയം

മൈൻസ്: ലോകകപ്പിനൊരുങ്ങുന്ന മുൻ ചാമ്പ്യന്മാരായ ജർമനിക്ക് സന്നാഹ മത്സരത്തിൽ തകർപ്പൻ ജയം. സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഫിൻലൻഡിനെയാണ് ജർമനി പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി നിറഞ്ഞുകളിച്ച സ്ട്രൈക്കർ ഡെനിസ് ഉണ്ടാവിന്റെ പ്രകടനമാണ് ജൂലിയൻ നാഗൽസ്മാന്റെ സംഘത്തിന് അനായാസ ജയം സമ്മാനിച്ചത്.

34, 57 മിനിറ്റുകളിലായിരുന്നു ഉണ്ടാവിന്റെ ഗോളുകൾ. ഫ്ലോറിയൻ വിർട്സ് (49'), പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ജമാൽ മുസിയാല (63') എന്നിവരാണ് ജർമനിയുടെ മറ്റ് സ്കോറർമാർ. ജർമൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച പതിനെട്ടുകാരനായ ബയേൺ മ്യൂണിക്ക് താരം ലെന്നാർട്ട് കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചതിനാൽ സൂപ്പർ താരം കായ് ഹാവെർട്സ് ടീമിനൊപ്പം ചേർന്നിരുന്നില്ല. ഇതാണ് സ്റ്റുട്ട്ഗർട്ട് താരമായ ഉണ്ടാവിന് ആദ്യ ഇലവനിൽ അവസരം നൽകിയത്. മത്സരത്തിന്റെ 34-ാം മിനിറ്റിൽ ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് നൽകിയ മികച്ചൊരു ക്രോസ് ഹെഡ്ഡറിലൂടെ വലയിലാക്കി ഉണ്ടാവ് ജർമനിക്ക് ലീഡ് നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫിൻലൻഡ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് പന്ത് റാഞ്ചിയ ഉണ്ടാവ് നൽകിയ പാസിൽ നിന്ന് ഫ്ലോറിയൻ വിർട്സ് ജർമനിയുടെ ലീഡ് രണ്ടാക്കി ഉയർത്തി.

57-ാം മിനിറ്റിൽ അരങ്ങേറ്റക്കാരൻ ലെന്നാർട്ട് കാളിന്റെ പാസിൽ നിന്നായിരുന്നു ഉണ്ടാവ് തന്റെ രണ്ടാം ഗോൾ കണ്ടെത്തിയത്. എന്നാൽ ഗോൾ നേടിയതിന് പിന്നാലെ നേരിയ പരിക്കേറ്റതിനെ തുടർന്ന് ഉണ്ടാവിനെ തിരിച്ചുവിളിക്കേണ്ടി വന്നു. കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് 2025 മാർച്ചിന് ശേഷം ആദ്യമായി ദേശീയ ടീമിനായി കളത്തിലിറങ്ങിയ ജമാൽ മുസിയാല 63-ാം മിനിറ്റിൽ മികച്ചൊരു ഷോട്ടിലൂടെ ജർമനിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

പരിക്കേറ്റ മാനുവൽ ന്യൂയർക്ക് പകരം ഒലിവർ ബൗമാനാണ് ജർമനിയുടെ വല കാത്തത്. ലോക റാങ്കിങ്ങിൽ 73-ാം സ്ഥാനത്തുള്ള ഫിൻലൻഡിന് ജർമൻ മുന്നേറ്റങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അവർ ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടുമില്ല.

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും (2018, 2022) ആദ്യ റൗണ്ടിൽ പുറത്തായതിന്റെ ക്ഷീണം മാറ്റാനുറച്ചാണ് നാല് തവണ ചാമ്പ്യന്മാരായ ജർമനി ഇത്തവണ ലോകകപ്പിന് ഇറങ്ങുന്നത്. ചൊവ്വാഴ്ച ഫ്രാങ്ക്ഫർട്ടിൽ നിന്ന് അമേരിക്കയിലേക്ക് തിരിക്കുന്ന ടീം, ശനിയാഴ്ച ചിക്കാഗോയിൽ വെച്ച് ലോകകപ്പ് സഹ-ആതിഥേയരായ അമേരിക്കക്കെതിരെ തങ്ങളുടെ അവസാന സന്നാഹ മത്സരം കളിക്കും. ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ടിട്ടുള്ള ജർമനിക്ക് ജൂൺ 14ന് കുറക്കാവോയുമായാണ് ആദ്യ ലോകകപ്പ് പോരാട്ടം. ഐവറി കോസ്റ്റ്, ഇക്വഡോർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. കിരീടത്തിൽ കുറഞ്ഞതൊന്നും തങ്ങളെ സംബന്ധിച്ച് വിജയമല്ലെന്നാണ് മത്സരശേഷം ഡെനിസ് ഉണ്ടാവ് പ്രതികരിച്ചത്.

Tags:    
News Summary - Germany beats Finland 4-0 in pre-World Cup friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.