‘ഫുട്ബാൾ അധികാരികളേ.. ഇത് ഞങ്ങളുടെ ജീവിതമാണ്..’; ഐ.എസ്.എൽ പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യവുമായി താരങ്ങൾ

ന്യൂഡൽഹി: പതിനൊന്ന് സീസൺ പിന്നിട്ട ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടനം അനിശ്ചിതത്വത്തിലായതോടെ ഉറങ്ങികിടക്കുന്ന ഫുട്ബാൾ അധികാരികളെയും ഭരണകൂടത്തെയും വിളിച്ചുണർത്തികൊണ്ട് താരങ്ങളുടെ ദയനീയമായ അപേക്ഷ.

ഡിസംബറിൽ കിക്കോഫ് കുറിക്കുമെന്ന് അറിയിച്ച ലീഗ് സീസണിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായി തുടരവെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അപേക്ഷയുമായി വിവിധ ക്ലബുകളിലെ താരങ്ങൾ രംഗത്തെത്തിയത്. ഐ.എസ്.എൽ സ്​പോൺസർഷിപ്പിനായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ടെൻഡർ ക്ഷണിച്ചിട്ടും ആരും താൽപര്യമറിയിച്ച് രംഗത്തുവരാതിരുന്നതോടെയാണ് പ്രതിസന്ധിരൂക്ഷമായത്.

അനിശ്ചിതത്വത്തിലായ ടൂർണമെന്റ് പുനരാരംഭിക്കാൻ എ.ഐ.എഫ്.എഫ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി മുതിർന്ന താരം സുനിൽ ഛേത്രി രംഗത്തെതി. ​ഛേത്രിക്ക് പുറമെ, സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു, ലാലിയാൻസുവാല ചാങ്തെ, ആഷിഖ് കുരുണിയൻ, കേരള ബ്ലാസ്റ്റേഴ്സ് താരം അ​ഡ്രിയാൻ ലൂണ ഉൾപ്പെടെ താരങ്ങൾ സംയുക്ത ​അപേക്ഷ തങ്ങളുടെ സാമൂഹിക മാധ്യമ പേജുകളിലൂടെ പങ്കുവെച്ചു.

ഇന്ത്യൻ ഫുട്ബാളിലെ മുൻനിര ലീഗിന്റെ അനിശ്ചിതത്വത്തിലാക്കിയ സാഹചര്യത്തിലും, അധികൃതരുടെ നിസ്സംഗതയും നിരാശയും ദുഖവും പ്രതിഷേധവും പങ്കുവെച്ചുകൊണ്ട് കളിക്കാരുടെ പ്രതികരണം പുറത്തുവന്നത്.

‘ഞങ്ങളുടെ ദേഷ്യവും, നിരാശ, ദുഃഖവും ഇപ്പോൾ പൂർണ നിരാശയിലേക്ക് പതിച്ചിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട കളി കുടുംബത്തിനും ആരാധകർക്കും മുന്നിൽ കളിക്കാനാവില്ലേ എന്ന നിരാശയിലേക്ക് മാറിയിരിക്കുന്നു. രാജ്യത്തെ കായികമ സംഘാടകരോട് എല്ലാമായുള്ള അഭ്യർത്ഥനയാണിത്. ഇന്ത്യയുടെ മുൻനിര ഫുട്ബാൾ സീസൺ മുടങ്ങാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുക. എക്കാലത്തേക്കാളും ഇന്ത്യക്ക് ഇപ്പോൾ ഫുട്ബാൾ ലീഗ് ആവശ്യമാണ്’ -താരങ്ങൾ സാമൂഹിക മാധ്യമ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കളിക്കളത്തിലേക്ക് തിരിച്ചെത്താനും, ആരാധകർക്ക് മികച്ച ഫുട്ബാൾ സമ്മാനിക്കാനും ഇഷ്ടപ്പെടുന്ന താരങ്ങൾക്ക് അതിനുള്ള അവസരമൊരുക്കണമെന്ന് ആവശ്യപ്പെടുന്നു. ഞങ്ങളുടെ നിരാശയെ തിരിച്ചറിയുക. വളരെ കാലമായി ഇരുണ്ട ടലിലാണ് ഞങ്ങൾ. അൽപം വെളിച്ചം മതി തിരികെയെത്തി മൈതാനത്തിറങ്ങാൻ’ -അതി വൈകാരികമായ കുറിപ്പിലൂടെ താരങ്ങൾ വ്യക്തമാക്കി.

കളിക്കാർ, പരിശീലകർ, കോച്ച്, ആരാധർ തുടങ്ങി എല്ലാവരുടെ ജീവശ്വാസമാണ് ഫുട്ബാൾ. നിലവിലെ ഇന്ത്യൻ ഫുട്ബാളിലെ അകാദമി മുതൽ ക്ലബുകൾ വരെ മുഴുവൻ വലിയൊരു അനിശ്ചിതത്വത്തിലാണുള്ളത്. എല്ലാവരുടെയും സ്വപ്നങ്ങൾ തകർന്നിരിക്കുന്നു, ഭാവി വലിയ ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. ശമ്പളം തന്നെ മുടങ്ങിയിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം ആരിലും കെട്ടിവെക്കാനല്ല ഞാനുദ്ദേശിക്കുന്നത്. ഈ പ്രതിസന്ധിയിൽ എല്ലാവരും ഉണർന്ന് ഏറ്റവും അനിവാര്യമായ തീരുമാനമെടുക്കണമെന്ന് അഭ്യർഥിക്കുന്നു -സന്ദേശ് ജിങ്കാൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ സ്​പോൺസർ ഷിപ്പ് ടെൻഡറിന്റെ അവസാന തീയതി നവംബർ ഏഴിനായിരുന്നു. എന്നാൽ, നേരത്തെ സന്നദ്ധത അറിയിച്ച കമ്പനികൾ ഉൾപ്പെടെ ആരും ടെൻഡർ സമർപ്പിച്ചില്ല. ഇതോടെ വലിയ പ്രതിസന്ധിയാണ് ഇന്ത്യൻ ഫുട്ബാളിനെ വരിഞ്ഞുമുറുക്കുന്നത്. ടൂർമെന്റ് കിക്കോഫ് അനിശ്ചിതമായി മുടങ്ങിയോടെ കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ഇന്റർ കാശി തുടങ്ങിയ ക്ലബുകൾ തങ്ങളുടെ പ്രവർത്തനവും നിർത്തി വെച്ചിരുന്നു. മത്സരങ്ങളില്ലാതായതോടെ താരങ്ങളുടെ പരിശീലനവും നിലച്ച മട്ടാണ്. വിവിധ ക്ലബുകൾ താരങ്ങളെ വീടുകളിലേക്ക് മടക്കി അയച്ചതും ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെ തന്നെ ചോദ്യചിഹ്നമായി.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലക ക്യാമ്പ് പിരിച്ചുവിട്ടതതോടെ സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാലയും, വിദേശ കളിക്കാരും ടീം വിട്ടു. ഇന്ത്യൻ കളിക്കാരും ക്യാമ്പ് വിട്ട് മടങ്ങിയെന്നാണ് റിപ്പോർട്ട്. എ.ഐ.എഫ്.എഫിന്റെ പുതിയ ടെൻഡർ നടപടികൾ ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. നിലവിലെ വ്യവസ്ഥകളിൽ ഇളവുകൾ നൽകിയാൽ മാത്രമേ കമ്പനികൾ രംഗത്തുവരൂ.

ബൽ കൺസൾട്ടൻസി കമ്പനിയായ കെ.പി.എം.ജി നേതൃത്വത്തിൽ തയ്യാറാക്കിയ എ.ഐ.എഫ്.എഫിന്റെ ബിഡ് നിബന്ധനകളാണ് സ്​പോൺസർഷിപ്പിന് വിലങ്ങു തടിയാകുന്നത്. വർഷം 37.5 കോടി രൂപ അല്ലെങ്കിൽ ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനം എ.ഐ.എഫ്.എഫിന് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, പ്രതിവർഷം 200-300 കോടി വരെ നഷ്ടമുള്ള ഐ.എസ്.എലിന്റെ വിപണി സാധ്യതകൾ വിശകലനം ചെയ്യുമ്പോൾ ഫുട്ബാൾ ഫെഡറേഷന്റെ ആവശ്യം ഉൾകൊള്ളാൻ കഴിയില്ല.

Tags:    
News Summary - Do whatever it takes to get football season underway: Sunil Chhetri's plea to AIFF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.