അറ്റ്ലാന്‍റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയം

കോപ്പ അമേരിക്ക: ഉദ്ഘാടനം അറ്റ്‌ ലാന്‍റയിൽ ഫൈനൽ മയാമിയിൽ

ഫ്ലോറിഡ: 2024ലെ കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്‍റിന്റെ ഉദ്ഘാടന മത്സരം അറ്റ്‌ ലാന്‍റയിൽ നടക്കും. മെഴ്സിഡസ് ബെൻസ് സ്റ്റേഡിയമാണ് ഉദ്ഘാടനവേദിയായി തിരഞ്ഞെടുത്തത്. സൗത്ത് ഫ്ളോറിഡയിലെ മയാമിയിലുള്ള ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.

തെക്കേ അമേരിക്ക, വടക്കൻ, മധ്യ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിലെ ഫുട്ബാൾ ഭരണസമിതികൾ തിങ്കളാഴ്ചയാണ് വേദികൾ സംബന്ധിച്ച് ആദ്യ സംയുക്ത പ്രഖ്യാപനം നടത്തിയത്. മറ്റ് വേദികളും 16 ടീമുകളുടെ ടൂർണമെന്റിന്റെ ഷെഡ്യൂളും വെളിപ്പെടുത്തിയിട്ടില്ല.

എം.എൽ.എസിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ അറ്റ്‌ ലാന്‍റ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ 71,000 സീറ്റുകളാണുള്ളത്. ഇവിടെ ഇപ്പോൾ കൃത്രിമ പ്രതലമാണുള്ളത്. ടൂർണമന്റെിന് വേണ്ടി ഇതിനു മുകളിൽ പുൽ കോർട്ട് നിർമിക്കും. ജൂൺ 20 നാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയായിരിക്കും ഉദ്ഘാടനം കളിക്കുന്ന ഒരു ടീം.

അതേസമയം, 65,000 ഇരിപ്പിടങ്ങളുള്ള മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലെ കലാശപ്പോരായിരിക്കും മെസ്സി ലക്ഷ്യമിടുന്നത്. ഇന്റർമയാമിയുടെ സൂപ്പർതാരമായ മെസ്സി സ്വന്തം തട്ടകത്തിൽ ഫൈനലിൽ പന്തു തട്ടുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് ആരാധകർ. ജൂലൈ 14നാണ് ഫൈനൽ മത്സരം.

ഇത് രണ്ടാം തവണയാണ് ലാറ്റിനമേരിക്കയിലെ കരുത്തരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് യു.എസ് വേദിയാകുന്നത്. 2016ലാണ് ആദ്യമായി അമേരിക്ക കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ഇരു വൻകരകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമേരിക്കയെ വേദിയായി തെരഞ്ഞെടുത്തത്. അ‍ര്‍ജന്‍റീന, ബ്രസീല്‍, യുറുഗ്വായ് അടക്കമുള്ള ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന പത്തു ടീമുകളും കോൺകാഫ് മേഖലയിൽ നിന്ന് ആറ് രാജ്യങ്ങളും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവും.

Tags:    
News Summary - Copa America 2024: Atlanta to host opening game, Miami gets the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT