തഹ്സിന് ആശംസകളുമായി ശശി തരൂർ; ലോകകപ്പ് വേദിയിലെ ഇന്ത്യൻ പ്രാതിനിധ്യത്തിൽ അഭിമാനമെന്ന് എം.പി

ന്യൂഡൽഹി: ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ ഇടംനേടി ചരിത്രം കുറിച്ച മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദിന് ആശംസകളുമായി ശശി തരൂർ എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂർ തഹ്സീന്റെ നേട്ടത്തെ ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് അഭിമാന നിമിഷമെന്ന് വിശേഷിപ്പിച്ചത്. വരാനിരിക്കുന്ന 2026 ലോകകപ്പിൽ ഇന്ത്യൻ പാരമ്പര്യമുള്ള രണ്ട് കളിക്കാർ ആഗോള വേദിയിലെത്തുന്നത് കാണുന്നത് വലിയ സന്തോഷമാണെന്നും അദ്ദേഹം കുറിച്ചു.

ഖത്തർ ടീമിലെത്തിയ 19 കാരനായ വിങ്ങർ തഹ്സിൻ മുഹമ്മദിനൊപ്പം, ഓസ്ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിച്ച തമിഴ്നാട് സ്വദേശിയായ നിഷാൻ വേലുപ്പിള്ളൈയെയും (25) തരൂർ തന്റെ പോസ്റ്റിൽ അഭിനന്ദിച്ചു. മെൽബൺ വിക്ടറിയുടെ വിങ്ങറായ നിഷാൻ ഓസ്ട്രേലിയയുടെ 26 അംഗ ടീമിലാണ് ഇടംപിടിച്ചിരിക്കുന്നത്. 2006 ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി ബൂട്ട് കെട്ടി റണ്ണേഴ്സ് അപ്പ് മെഡൽ നേടിയ വികാഷ് ദൊരാസൂവിന് ശേഷം ആഗോള ഫുട്ബോൾ വേദിയിൽ ഇന്ത്യൻ പ്രവാസി സമൂഹം മുദ്രപതിപ്പിക്കുന്നത് കാണുന്നത് തികച്ചും ആനന്ദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കേ അമേരിക്കയിലേക്ക് തിരിക്കുന്ന ഇരുവർക്കും തരൂർ ആശംസകൾ നേർന്നു.

Full View

ആദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു പ്രമുഖ ദേശീയ ടീമിൽ ഒരു മലയാളി താരം ഇടംപിടിക്കുന്നത്. ഖത്തർ ഫുട്ബാളിലെ പരിചയസമ്പന്നരായ അക്രം അഫീഫ്, ഹസ്സൻ അൽ ഹൈദോസ്, അൽമുഈസ് അലി എന്നിവരുൾപ്പെടുന്ന കരുത്തരുടെ നിരയിലേക്കാണ് ഈ പത്തൊൻപതുകാരൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇപ്പോഴും വിദൂര സ്വപ്നമായി തുടരുമ്പോൾ, ലോകകപ്പ് കളിക്കുന്ന ഖത്തർ ടീമിന്റെ ഭാഗമായി തഹ്സിൻ മാറിയത് പ്രവാസി ലോകത്തിനും കേരളത്തിനും ഇരട്ടി മധുരമായി. ഫോമിലുള്ള താരം നിലവിൽ അമേരിക്കയിൽ ഖത്തർ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിലാണുള്ളത്.

കണ്ണൂർ തലശ്ശേരി സ്വദേശിയും മുൻ കേരള ഫുട്ബോളറുമായ ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ് തഹ്സിൻ. ഖത്തറിൽ പ്രവാസിയായ പിതാവിന്റെ വഴി പിന്തുടർന്നാണ് തഹ്സിൻ ചെറുപ്രായത്തിൽ തന്നെ പന്തുകളിയിലേക്ക് തിരിഞ്ഞത്.

2021-ൽ ഖത്തറിന്റെ ദേശീയ അണ്ടർ-16 ടീമിൽ ഇടംപിടിച്ചതോടെയാണ് തഹ്സിൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അണ്ടർ-17 ടീമിലും ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലും താരം സ്ഥാനം ഉറപ്പിച്ചു. 2024 മാർച്ചിലായിരുന്നു അൽ ദുഹൈലിനായുള്ള താരത്തിന്റെ അരങ്ങേറ്റം. ആ വർഷം ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിലൂടെ സീനിയർ ദേശീയ ടീമിലും തഹ്സിൻ അരങ്ങേറി. കഴിഞ്ഞ വർഷം ചൈനയിൽ നടന്ന അണ്ടർ-20 ഏഷ്യൻ കപ്പിൽ ഖത്തറിനായി മൂന്ന് മത്സരങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Tags:    
News Summary - Congress MP Shashi Tharoor publicly praised 19-year-old Qatari-Indian footballer Tahsin Mohammed Jamshid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.